ബാങ്കുകളിലെ ₹67,003 കോടിക്ക് അവകാശികളില്ല! മൂന്ന് മാസത്തില്‍ കൊടുത്തു തീര്‍ക്കാന്‍ ആര്‍.ബി.ഐ, ജില്ലാതലത്തില്‍ ക്യാമ്പുകള്‍

ഇത്തരം നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ആര്‍.ബി.ഐയുടെ ഉദ്ഗം പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്
Indian Rupee sack, RBI Logo
Image : Canva and RBI
Published on

അവകാശികളില്ലാതെ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാന്‍ ഊര്‍ജ്ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍, ലാഭവിഹിതം, പലിശ വാറന്റുകള്‍, പെന്‍ഷന്‍ എന്നിവയടക്കം കൊടുത്തുതീര്‍ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രത്യേക ഡ്രൈവും സംഘടിപ്പിക്കും.

10 വര്‍ഷമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ ശേഷം പത്തുവര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റ് എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇങ്ങനെയുള്ള തുക റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് (DEAF) മാറ്റുകയാണ് പതിവ്. എന്നാല്‍ നിക്ഷേപകര്‍ മതിയായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരികെ നല്‍കുന്നതിനും ആര്‍.ബി.ഐയുടെ വ്യവസ്ഥകളുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാതലത്തില്‍ ഒരാഴ്ചയില്‍ കുറയാത്ത ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ആദ്യ ക്യാമ്പ് ഒക്ടോബറില്‍ ഗുജറാത്തില്‍ തുടങ്ങും.

ഓരോ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള ചുമതല സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്കാണ്. ഡിസംബര്‍ വരെ നടക്കുന്ന ഡ്രൈവില്‍ പരമാവധി ആളുകള്‍ക്ക് നിക്ഷേപം തിരികെ നല്‍കാനാണ് ശ്രമം. ഇത്തരത്തിലുള്ള അക്കൗണ്ട് ഉടമകളെ കണ്ടെത്തി ജില്ലാതലത്തില്‍ പട്ടിക സമര്‍പ്പിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാകും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

എന്തുകൊണ്ട് ഇങ്ങനെ വരുന്നു

ആളുകള്‍ക്ക് പണമിടപാട് നടത്താന്‍ താത്പര്യമില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാത്തത് മൂലമാണ് ഇത്തരം നിക്ഷേപങ്ങള്‍ പെരുകുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റ പ്രാഥമിക വിലയിരുത്തല്‍. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ കാലാവധി പൂര്‍ത്തിയായാലും തിരികെ വാങ്ങാന്‍ മറക്കുന്നതും മരണപ്പെട്ടുപോയ അക്കൗണ്ട് ഉടമകളുടെ അവകാശികള്‍ നിക്ഷേപത്തിന് അവകാശവാദം ഉന്നയിക്കാത്തതും മറ്റ് കാരണങ്ങളാണ്. കഴിഞ്ഞ ജൂണില്‍ പാര്‍ലമെന്റില്‍ വെച്ച കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ 67,003 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപമുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ആര്‍.ബി.ഐയുടെ ഉദ്ഗം പോര്‍ട്ടല്‍ (The Unclaimed Deposit gateway to access information portal) സന്ദര്‍ശിക്കാവുന്നതാണ്.

The Reserve Bank of India (RBI) has initiated a major drive to return ₹67,003 crore in unclaimed deposits to rightful owners. Learn how to check and claim your funds through banks and the UDGAM portal.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com