സ്വര്‍ണ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി റിസര്‍വ് ബാങ്ക്, വായ്പാദാതാക്കളും വായ്പയെടുക്കുന്നവരും അറിയണം ഇക്കാര്യങ്ങള്‍

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നടപ്പാക്കുന്ന കാര്യങ്ങള്‍ വെബ്‌സൈറ്റുകളിലും ലഭ്യമാക്കണം
GOLD LOAN
CANVA
Published on

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്വര്‍ണ വായ്പകള്‍ക്കായി പുതിയ കരട് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സ്വര്‍ണവായ്പയെടുക്കുന്നവരെ സംരക്ഷിക്കുന്നതിന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ക്ക് ഏകീകൃത ഡോക്യുമെന്റേഷന്‍ ഉണ്ടായിരിക്കണമെന്നാതാണ് ഇതിലെ പ്രധാന നിര്‍ദേശം.

സ്വര്‍ണ്ണ വായ്പയ്ക്ക് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി, ഭാരം (gross and net) മുതലായവ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഒരു ഏകീകൃത മാനദണ്ഡം ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും (NBFC) ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വായ്പാദാതാക്കളുടെ എല്ലാ ശാഖകളിലും ഈ നടപടിക്രമം ഒരുപോലെ നടപ്പാക്കുകയും വേണം.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ മനസിലാക്കാനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ റിസര്‍വ് ആലോചിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ്പയെടുക്കുന്ന വ്യക്തിയുടെ സാന്നിധ്യത്തില്‍ മാത്രമാണ് സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കുകയും വേണം. പരിശോധനാ നടപടിക്രമത്തിന്റെ ഭാഗമായി ആഭരണങ്ങളില്‍ പതിപ്പിച്ചിട്ടുള്ള കല്ലിന്റെ ഭാരം, അത് ഇളക്കി മാറ്റുമ്പോള്‍ വരുന്ന തൂക്കക്കുറവ് എന്നിവ വായ്പക്കാരനോട് വിശദീകരിക്കുകയും നല്‍കേണ്ട സര്‍ട്ടിഫിക്കറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

വായ്പാ കരാറില്‍ വേണം വെളിപ്പെടുത്തലുകള്‍

വായ്പ അനുവദിക്കുമ്പോള്‍ ഈടായി നല്‍കിയ സ്വര്‍ണത്തെക്കുറിച്ചുള്ള വിവരണവും സ്വര്‍ണത്തിന്റെ മൊത്തം മൂല്യവും വായ്പാ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് പുതിയ നിര്‍ദേശത്തിലുണ്ട്. മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാതെ സ്വര്‍ണം ലേലത്തില്‍ വയ്‌ക്കേണ്ടി വന്നാലുള്ള ലേല പ്രക്രിയകളെ കുറിച്ചും, ലേലത്തില്‍ പോകുന്നതിനു മുന്‍പ് പണം തിരിച്ചടച്ച് സെറ്റില്‍മെന്റില്‍ എത്താന്‍ വായ്പക്കാരന് ലഭിക്കുന്ന സമയപരിധി (notice period) തുടങ്ങിയകാര്യങ്ങളും കരാറില്‍ ഉണ്ടാകണം. ഉപയോക്താവുമായുള്ള എല്ലാ ആശയവിനിമയങ്ങളും പ്രദേശിക ഭാഷയിലോ അല്ലെങ്കില്‍ വായ്പക്കാരന്‍ നിര്‍ദേശിക്കുന്ന ഭാഷയിലോ ആയിരിക്കണം.

ഉപയോക്താവിന്‌ കരാര്‍ രേഖ വായിക്കാന്‍ അറിയില്ലെങ്കില്‍ ഒരു സാക്ഷിയെ മുന്‍നിര്‍ത്തി ഇതിലെ സുപ്രധാന കരാറുകളെ കുറിച്ച് വിശദീകരിച്ചു നല്‍കണം.

സ്വാഗതം ചെയ്യുന്നതായി വി.പി നന്ദകുമാര്‍

നിലവില്‍ തുല്യ എതിരാളികളില്ലാത്തതിനാല്‍ സ്വര്‍ണ്ണ വായ്പ നിയമങ്ങളും ചട്ടങ്ങളും ഏകീകരിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം എല്ലാ ഇടപാടുകാര്‍ക്കും, പ്രത്യേകിച്ച് സ്വര്‍ണ വായ്പ എന്‍ബിഎഫ്‌സികള്‍ക്ക് ഗുണകരമാകുമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. ബാങ്കുകള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണാധിഷ്ഠിത കാര്‍ഷിക വായ്പകള്‍ വാഗ്ദാനം ചെയ്യാന്‍ യോഗ്യരാണ്. ഇത് എന്‍ബിഎഫിസികളുടെ പോരായ്മയുമാണ്.

കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ തീരുമാനത്തെത്തുടര്‍ന്ന് സാഹചര്യം മാറും, ഞങ്ങള്‍ പൂണമായി സ്വാഗതം ചെയ്യുന്നുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com