

ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനും നോമിനി ഫോമുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ റിസര്‍വ് ബാങ്ക്. ബാങ്കുകളില്‍ അനാഥപണം കുമിഞ്ഞുകൂടുന്ന സാഹചര്യത്തില്‍ നോമിനികളുടെ എണ്ണം നാല് വരെയാക്കാന്‍ അടുത്തിടെ ബാങ്കിംഗ് നിയമ ഭേദഗതി ബില്‍-2024 അവതരിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നോമിനേഷന്‍ ഫോമില്‍ നോമിനിയുടെ ഇ-മെയില്‍ അഡ്രസും ഫോണ്‍ നമ്പറും കൂടി ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. സര്‍ക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷമായിരിക്കും മുന്നോട്ടു പോകുക. ബാങ്കിംഗ് കമ്പനീസ് (നോമിനേഷന്‍) നിയമ പ്രകാരമുള്ള നോമിനേഷന്‍ ഫോമില്‍ ഇതിനായി മാറ്റം വരുത്തേണ്ടതുണ്ട്.
ബാങ്ക് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നിക്ഷേപത്തിന് അവകാശികള്‍ എത്താതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന് അവകാശികളാല്ലാതെ വരുന്ന സാഹചര്യത്തില്‍ നോമിനികളെ ബന്ധപ്പെടാന്‍ ഇ-മെയിലും ഫോണ്‍ നമ്പറും നല്‍കുന്നതു വഴി സാധിക്കും.
നിലവില്‍ 78,000 കോടി രൂപയുടെ അനാഥപണമാണ് ബാങ്കുകളില്‍ കുടുങ്ങി കിടക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ 30-40 ശതമാനം വരെ സെറ്റില്‍ ചെയ്യാനാണ് പൊതുമേഖല ബാങ്കുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏത് സ്ഥലത്താണ് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കൂടുതലുള്ളതെന്ന് കണ്ടെത്തി ശാഖാ തലത്തില്‍ സെറ്റില്‍മെന്റ് ലക്ഷ്യം നിശ്ചയിക്കാനും ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി) വികസിപ്പിക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടേക്കാമെന്നും സൂചനകളുണ്ട്.
ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ബാങ്കകുളും അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സെര്‍ച്ച് സൗകര്യം കൂടി ഉള്‍പ്പെടുത്തികൊണ്ട് പ്രദര്‍ശിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. 10 വര്‍ഷത്തില്‍ കൂടുതലായി അവകാശികള്‍ തേടിയെത്താത്ത നിക്ഷേപങ്ങള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് (DEAF) ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്. അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ 80 ശതമാനവും പൊതുമേഖല ബാങ്കുകളിലാണ്.
നിലവില്‍ റിസര്‍വ് ബാങ്കിന്റെ ഉദ്ഗം (UDGAM) പോര്‍ട്ടല്‍ വഴി ഉപയോക്താക്കള്‍ക്ക് അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാനാകും. എന്നാല്‍ നിക്ഷേപം തിരികെ വേണമെങ്കില്‍ അതത് ബാങ്ക് ശാഖകളെ തന്നെ സമീപിക്കണം. പുതുതായി റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായാല്‍ ഓണ്‍ലൈനായി തന്നെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനായേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine