

കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തുന്നത് 2.69 ലക്ഷം കോടി രൂപ. രാജ്യത്തെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ലാഭവിഹിതമായാണ് കേന്ദ്രസര്‍ക്കാരിന് ഇത്രയും വലിയ തുക നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലാഭവിഹിതം. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
റിസര്‍വ് ബാങ്കില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭവിഹിതമാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. 2.56 ലക്ഷം കോടി രൂപയായിരുന്നു കണക്കു കൂട്ടിയിരുന്നത്. ചരിത്രത്തിലെ ഉയര്‍ന്ന തുകയാണ് ഇത്തവണ കൈമാറുന്നത്. 2024 ല്‍ 2.1 ലക്ഷം കോടി രൂപയും 2023 ല്‍ 87,420 കോടി രൂപയുമാണ് കേന്ദ്രബാങ്ക് കൈമാറിയത്.
റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഇത്രയും വലിയ തുക കൈമാറാന്‍ വഴിയൊരുക്കിയത്. വിദേശ നാണ്യ കൈമാറ്റം, ഫോറെക്‌സ് റിസര്‍വ്, റിപ്പോ നിരക്കുകളുടെ കാര്യക്ഷമായ ക്രമീകരണം എന്നിവയിലൂടെ കേന്ദ്ര ബാങ്കിന്റെ വരുമാനം മുന്‍വര്‍ഷങ്ങളെക്കേള്‍ മെച്ചപ്പെട്ടു. പലമേഖലകളില്‍ നിന്നുള്ള വരുമാനത്തിലുണ്ടായ വര്‍ധനയാണ് ലാഭവിഹിതം കൂടാന്‍ കാരണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
കോടികളുടെ വരുമാനം കേന്ദ്രസര്‍ക്കാര്‍ ഏത് രീതിയില്‍ ഉപയോഗിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ ചെലവഴിക്കല്‍ ക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് ഇടയാക്കും. വിവിധ വികസന പദ്ധതികള്‍ക്ക് വേണ്ടിയും സാമൂഹ്യസേവന പദ്ധതികള്‍ക്ക് വേണ്ടിയും ഈ പണം ചെലവിടാം. സര്‍ക്കാരിന്റെ ധനകമ്മി കുറക്കുന്നതിനും ഇത് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine