കേന്ദ്രത്തിന്റെ പണപ്പെട്ടി നിറയ്ക്കാന്‍ വീണ്ടും ആര്‍.ബി.ഐ, ഡിവിഡന്റ് ₹3 ലക്ഷം കോടിയിലേക്ക് ഉയരാന്‍ സാധ്യത

വിദേശനാണ്യ വിപണിയിലെ ഇടപെടലുകളിലൂടെയുള്ള നേട്ടവും ഉയര്‍ന്ന നിക്ഷേപ വരുമാനവുമാണ് ആര്‍.ബി.ഐയുടെ ലാഭം ഉയര്‍ത്തുന്നത്
Image courtesy: canva/rbi
Image courtesy: canva/rbi
Published on

2026-27 സാമ്പത്തിക വര്‍ഷത്തില്‍ (FY27) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന ഡിവിഡന്റ് (ലാഭവിഹിതം) മൂന്ന് ലക്ഷം കോടി രൂപയായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശനാണ്യ വിപണിയിലെ ഇടപെടലുകളിലൂടെയുള്ള നേട്ടവും ഉയര്‍ന്ന നിക്ഷേപ വരുമാനവുമാണ് ആര്‍.ബി.ഐയുടെ ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ 2.11 ലക്ഷം കോടി രൂപയെക്കാള്‍ ഗണ്യമായ വര്‍ധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 3 ലക്ഷം കോടി രൂപ വരെയാകാമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരീക്ഷണങ്ങള്‍ ഇങ്ങനെ

സമീപ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നികുതിയിതര വരുമാനം (Non-tax revenue) വര്‍ധിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ലാഭവിഹിതം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജി.ഡി.പി (GDP) നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍.ബി.ഐയുടെ ലാഭവിഹിത അനുപാതം സ്ഥിരമായി തുടരാനാണ് സാധ്യതയെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അഭിപ്രായപ്പെട്ടു. എന്നാല്‍, റിസര്‍വ് ബാങ്ക് 'കണ്ടിന്‍ജന്‍സി റിസ്‌ക് ബഫര്‍' (CRB) കുറയ്ക്കുകയാണെങ്കില്‍ ഈ ലാഭവിഹിത തുക ഇനിയും വര്‍ധിച്ചേക്കാം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സി.ആര്‍.ബി പരിധി മുന്‍പത്തെ 5.5-6.5 ശതമാനത്തില്‍ നിന്ന് 4.5-7.5 ശതമാനമായി ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ധനകാര്യ കണക്കുകൂട്ടലുകളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ലാഭവിഹിതം ഇപ്പോള്‍ ഒരു നിര്‍ണായക ഘടകമായി മാറിയിരിക്കുകയാണെന്ന് ബോഫാ (BofA) ഗ്ലോബല്‍ റിസര്‍ച്ച് നിരീക്ഷിക്കുന്നു.

ഉയര്‍ന്ന പലിശ നിരക്കുകളും രൂപയുടെ മൂല്യമിടിവ് തടയാനുള്ള റിസര്‍വ് ബാങ്കിന്റെ വിപണി ഇടപെടലുകളും ലാഭം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ബൊഫായുടെ വിലയിരുത്തല്‍. ഏകദേശം 2.9 ലക്ഷം കോടി രൂപ ലാഭ വിഹിതമായി കൈമാറാനാണ് സാധ്യതയെന്നാണ് ബോഫാ പ്രതീക്ഷിക്കുന്നത്.

റിസര്‍വ് ബാങ്ക് മൂലധന പര്യാപ്തത (Capital Adequacy) കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് നല്‍കുന്ന തുക ഇനിയും വര്‍ധിക്കാം. റിസര്‍വ് ബാങ്കിന്റെ ഇക്വിറ്റിയില്‍ (Realised Equity) വരുത്തുന്ന ഓരോ ഒരു ശതമാനം കുറവിനും ഏകദേശം 84,000 കോടി രൂപ അധികമായി ഡിവിഡന്റായി നല്‍കാന്‍ സാധിക്കുമെന്നും ബോഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക്, ബര്‍ക്ലേയ്സ്, എച്ച്.എസ്.ബി.സി എന്നിവരും 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് പ്രവചിക്കുന്നത്.

ലാഭത്തിന് പിന്നില്‍

ഡോളര്‍ വില്‍പ്പനയിലൂടെയുള്ള ലാഭവും വിദേശ കറന്‍സി ആസ്തികളില്‍ നിന്നുള്ള പലിശ വരുമാനവുമാണ് ആര്‍.ബി.ഐയുടെ കരുത്ത്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ റിസര്‍വ് ബാങ്കിന്റെ ആകെ ഡോളര്‍ വില്‍പ്പന 9,790 കോടി ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19,560 കോടി ഡോളറായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) കുറയ്ക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കുന്നതിനും ഈ വലിയ ഡിവിഡന്റ് സഹായകമാകും. സര്‍ക്കാരിന്റെ ചെലവിടല്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണമവിനിമയവും കൂട്ടും.

RBI’s FY27 dividend to Centre may hit ₹3 lakh crore, powered by forex interventions and investment income.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com