ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം നീക്കുമോ? സൂചനകള്‍ ഇങ്ങിനെ...

ഹവാല ഇടപാട് മുഖ്യഭീഷണി
CRYPTO TRADING
CRYPTO TRADING
Published on

ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ലോകത്താകമാനം നിയമനിര്‍മാതാക്കള്‍ക്കിടയില്‍ ശക്തമാകുകയാണ്. ചില രാജ്യങ്ങള്‍ ആദ്യഘട്ട നിയന്ത്രണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ക്രിപ്‌റ്റോ വഴിയുള്ള ഡിജിറ്റല്‍ പണമിടപാട് ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവെന്നതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. പുത്തന്‍ നിക്ഷേപ സാധ്യത എന്ന നിലയില്‍ ക്രിപ്‌റ്റോ കറന്‍സികളെ സമീപിക്കുന്ന കോടിക്കണക്കിന് പേര്‍ മറുവശത്തുമുണ്ട്. ഈ രണ്ട് നിലപാടുകള്‍ക്കിടയില്‍, ക്രിപ്‌റ്റോ നിയന്ത്രണം എത്രകാലം നീണ്ടു പോകും എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.

മറഞ്ഞിരിക്കുന്ന പണം

ഔദ്യോഗിക കറന്‍സി വഴിയോ മറ്റ് ഓണ്‍ലൈന്‍ രൂപത്തിലോ ഉള്ള പണമിടപാടുകള്‍ പോലെ സുതാര്യമല്ല, ക്രിപ്‌റ്റോ ഇടപാടുകള്‍ എന്നതാണ് ഈ സാമ്പത്തിക സംവിധാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. 1983 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയില്‍ ആരംഭിക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങളിലൂടെ 2008 ല്‍ ഇന്ന് കാണുന്ന രീതിയിലേക്ക് വളരുകയും ചെയ്തവയാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ഇപ്പോഴും മഹാഭൂരിപക്ഷം വരുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കോ കേന്ദ്ര ബാങ്കുകള്‍ക്കോ ഈ പണത്തിന് മേല്‍ നിയന്ത്രണമില്ല. അതേസമയം, ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി ഇത് അനുദിനം വളരുകയും ചെയ്യുന്നു. ലോകത്ത് എത്ര ക്രിപ്‌റ്റോ കറന്‍സികളുണ്ട് എന്നത് സംബന്ധിച്ച വ്യക്തമായ കണക്കില്ല. അതേസമയം അറിയപ്പെടുന്ന 2500 ക്രിപ്‌റ്റോ കോയിനുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയില്‍ പ്രമുഖമായ അമ്പത് എണ്ണത്തിന്റെ മൂല്യം മാത്രം ഏതാണ്ട് 90,000 കോടി രൂപ വരും.

സംശയത്തിന്റെ നിഴല്‍

നിയമപരമല്ലാത്ത ഇടപാടുകള്‍ക്ക് ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുന്നുവെന്ന സംശയമാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും സുരക്ഷാ ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നത്. ഇടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ പെട്ടെന്ന് കണ്ടെത്താനാകില്ല എന്നതിനാല്‍ ഇത് കേന്ദ്ര ബാങ്കുകള്‍ക്കും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വലിയ വെല്ലുവിളിയാകുന്നുണ്ട്. ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിപ്‌റ്റോ ഉപയോഗിക്കുന്നുവെന്നതാണ് വലിയ ആശങ്ക. ഹവാലാ ഇടപാടുകള്‍ക്ക് ഇത്തരം കറന്‍സികള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ഭരണകൂടങ്ങളുടെ കീഴിലുള്ള ഔദ്യോഗിക സമ്പദ് വ്യവസ്ഥക്ക് പകരം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാത്ത ബദല്‍ സമ്പദ് വ്യവസ്ഥ രൂപപ്പെടുന്നതിനെ സര്‍ക്കാരുകള്‍ ഭയക്കുന്നുണ്ട്. ഇതിന് സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്.

അംഗീകാരം അരികെ

ഭരണകൂടങ്ങള്‍ക്ക് തള്ളിക്കളയാനാകാത്ത വലുപ്പത്തിലേക്ക് ക്രിപ്‌റ്റോ സമ്പദ് രംഗം വളര്‍ന്നു കഴിഞ്ഞു. അതു കൊണ്ട് തന്നെ ഇത്തരം കറന്‍സികളെ നിരോധിക്കുന്നതിന് പകരം നിയമനിര്‍മാണത്തിലൂടെ ഉള്‍കൊള്ളാനുള്ള ചിന്തകളാണ് മിക്ക രാജ്യങ്ങളിലുമുള്ളത്. ചൈന പോലുള്ള പ്രമുഖ രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചെങ്കിലും വിപരീത ഫലമുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമിടപാടുകളില്‍ നിന്നുള്ള നികുതി വരുമാനം കുറയാന്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് ഇടയാക്കുന്നുവെന്നത് സര്‍ക്കാരുകളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ഇന്ത്യാ സര്‍ക്കാര്‍ ഇതുവരെ ക്രിപ്‌റ്റോയുടെ കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. നേരത്തെ ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ നിരോധനമുണ്ടായിരുന്നെങ്കിലും 2020ല്‍ സുപ്രീംകോടതി ഉത്തരവിലൂടെ അത് നീക്കിയിരുന്നു. ഇന്ത്യയിലും ലക്ഷക്കണക്കിന് പേര്‍ നിക്ഷേപം നടത്തുന്ന കൂറ്റന്‍ വിപണിയായി ഇത് മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരില്ലെന്നാണ് സൂചനകള്‍. ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനും കെ.വൈ.സിയും നിര്‍ബന്ധമാക്കി അനുമതി നല്‍കാനുള്ള ആലോചനകളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട നാണ്യനിധിയുടെ നിര്‍ദേശങ്ങളയിരിക്കും ഇന്ത്യ പിന്തുടരുക. ഏറെ വൈകാതെ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണത്തോടെയുള്ള ഔദ്യോഗിക അനുമതിയുണ്ടാകുമെന്നാണ് സൂചനകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com