ക്യു.ഐ.പി വഴി ₹45,000 കോടി സമാഹരിക്കാന്‍ പൊതുമേഖല ബാങ്കുകള്‍, ഓഹരി വില്‍പ്പന വഴി ലക്ഷ്യം ₹47,000 കോടിയും, ഒക്ടോബറോടെ ഐ.ഡി.ബി.ഐ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കും

എസ്.ബി.ഐ ക്യു.ഐ.പി വഴി 25,000 കോടി സമാഹരിക്കും
Public sector banks
Public sector bankscanva
Published on

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് (qualified institutional placement /QIP) ഓഹരികള്‍ വിറ്റഴിച്ചു കൊണ്ട് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപയോളം സമാഹരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India/SBI) ക്യു.ഐ.പി വഴി 25,000 കോടി രൂപ സമാഹരിക്കും. പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ രാജ്യത്തെ ഏറ്റവും വലിയ ക്യു.ഐ.പി ആയി ഇത് മാറും. 2015 ല്‍ നടന്ന കോള്‍ ഇന്ത്യയുടെ 22,500 കോടിയുടെ ക്യു.ഐ.പിയെ ആകും എസ്.ബി.ഐ മറികടക്കുക. കഴിഞ്ഞ മേയിലാണ് ഫണ്ട് സമാഹരണത്തിന് ബാങ്ക് അനുമതി നല്‍കിയത്. അടുത്ത ആഴ്ച തന്നെ ക്യു.ഐ.പി നടത്തുമെന്നാണ് അറിയുന്നതെങ്കിലും എസ്.ബി.ഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.

ഒക്ടോബറില്‍ ഐ.ഡി.ഐ ബാങ്ക്

ഐ.ഡി.ബി.ഐ ബാങ്കിന്റെ (IDBI Bank) ഓഹരി വില്‍പ്പന ഈ വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തോളമായി ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ നടന്നു വരികയാണ്. 2022 ഒക്ടോബറില്‍ സര്‍ക്കാരും എല്‍.ഐ.സിയും ചേര്‍ന്ന് ബാങ്കിനെ സ്വകാര്യവത്കരിക്കാന്‍ നിക്ഷേപകരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും എല്‍.ഐ.സിയുടെ (LIC) കൈവശമുള്ള 30.24 ശതമാനം ഓഹരികളും ഉള്‍പ്പെടെ 60.72 ശതമാനം ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. വിവിധ നിക്ഷേപകരില്‍ നിന്ന് 2023 ജനുവരിയില്‍ നിക്ഷേപ താത്പര്യപത്രം ലഭിക്കുകയും ചെയ്തിട്ടുണ്ട്. യോഗ്യരായ നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും റിസര്‍വ് ബാങ്കിന്റെ മൂല്യനിര്‍ണയവും ലഭിച്ചിട്ടുണ്ട്.

ഈ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

ഓഹരി വില്‍പ്പനയും ആസ്തിവില്‍പ്പനയും വഴി ഈ വര്‍ഷം 47,000 കോടി രൂപ സമാഹരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരി വില്‍പ്പനയും നടപ്പു സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 86.46 ശതമാനം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.38 ശതമാനം, യൂക്കോ ബാങ്കില്‍ 95.39 ശതമാനം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93.08 ശതമാനം, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കില്‍ 98.25 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഓഹരി വില്‍പ്പന വഴി സര്‍ക്കാരിന് അധികം ഫണ്ട് കണ്ടെത്തുന്നതിനൊപ്പം പൊതുമേഖല ബാങ്കുകളില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മിനിമം സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നുള്ള സെബിയുടെ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന. പൊതുമേഖല ബാങ്കുകളില്‍ 25 ശതമാനം സ്വകാര്യ ഓഹരി പങ്കാളിത്തമാണ് നിഷ്‌കര്‍ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന നടപടിക്രമങ്ങള്‍ ആരംഭിക്കുമെങ്കിലും യഥാര്‍ത്ഥ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തിലായിരിക്കുമെന്നാണ് കരുതുന്നത്.

Public sector banks in India plan to raise up to ₹45,000 crores through share sales in the 2025-26 financial year

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com