സീറോ ബാലന്‍സ് അക്കൗണ്ടുകാരെ പിഴിഞ്ഞ് ബാങ്കുകള്‍; നേടിയത് 300 കോടി

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ബാങ്കുകള്‍ സാധാരണക്കാരില്‍ നിന്നും നേടിയത് കോടികള്‍. കണക്കുകള്‍ ഇങ്ങനെ.
sbi aarogyam healthcare business loan
Published on

സീറോ ബാലന്‍സ് എസ്ബിഐ അക്കൗണ്ടില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 300 കോടി രൂപ ഈടാക്കിയതായി പഠനറിപ്പോര്‍ട്ട്. എസ്ബിഐ ഉള്‍പ്പെടെയുള്ള നിരവധി ബാങ്കുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ അഥവാ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍(ബിഎസ്ബിഡിഎ)ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അമിതചാര്‍ജ് ഈടാക്കുന്നതായി ഐഐടി ബോംബെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മാസം നാല് തവണയില്‍ കൂടുതല്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന ബിഎസ്ബിഡി അക്കൗണ്ട് ഉടമയില്‍നിന്ന് 17.70 രൂപ സേവന ചാര്‍ജായി ഈടാക്കുന്ന നടപടി ന്യായീകരിക്കാനാകില്ലെന്നും പഠനം നിരീക്ഷിക്കുന്നു. സാധാരണക്കാരും വിദ്യാര്‍ഥികളും കൂടുതലായും ആശ്രയിക്കുന്നത് ബിഎസ്ബിഡി അക്കൗണ്ടുകളെയാണ്.

2015-2020 കാലയളവില്‍ എസ്ബിഐയുടെ 12 കോടി ബിഎസ്ബിഡി അക്കൗണ്ട് ഉടമകളില്‍ നിന്ന് മാത്രം 300 കോടിയിലധികം രൂപ ഈടാക്കിയിട്ടുണ്ട്. ഇതില്‍ 2018 -2020 കാലയളവില്‍ മാത്രം 72 കോടി രൂപയും, 2019-2020 കാലയളവില്‍ 158 കോടി രൂപയുമാണ് പിരിച്ചെടുത്തത്. രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 3.9 കോടി ബിഎസ്ബിഡി അക്കൗണ്ട് ഉടമകളില്‍ നിന്ന് കഴിഞ്ഞ 5 വര്‍ഷത്തിനിടയ്ക്ക് 9.9 കോടി രൂപ സേവന നിരക്ക് ഇനത്തില്‍ ഈടാക്കിയിട്ടുള്ളതായും പഠനത്തിന് നേതൃത്വം നല്‍കിയ ഐഐടി ബോംബെയിലെ പ്രൊഫസര്‍ ആശിഷ് ദാസ് വിശദീകരിക്കുന്നു. ഡിജിറ്റല്‍ വിഭാഗത്തിലുള്ള ഇടപാടുകള്‍ക്ക് പോലും സേവന ചാര്‍ജ് ഈടാക്കുന്നത് ബാങ്കുകളുടെ പകല്‍കൊള്ളയായി കണക്കാക്കേണ്ടി വരുമെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ബിഎസ്ബിഡി അക്കൗണ്ടുകളുടെ പ്രവര്‍ത്തന രീതിയനുസരിച്ച്, നിര്‍ബന്ധമായും ബാങ്കിംഗ് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരിക്കണം. ഇതില്‍ പ്രതിമാസം നാലുതവണ അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കാവുന്നതാണ്. സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഒരു ബിഎസ് ബിഡി അക്കൗണ്ടായിരിക്കുന്നിടത്തോളം ബാങ്കുകള്‍ക്ക് ഒരു ചാര്‍ജും ഈടാക്കാന്‍ അവകാശമില്ല. മൂല്യവര്‍ധിത ബാങ്കിംഗ് സേവനങ്ങള്‍ക്കും ഇത് ബാധകമാണെന്നും,റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാസത്തില്‍ നാല് തവണയില്‍ കൂടുതലുള്ള പണം പിന്‍വലിക്കല്‍ ഒരു മൂല്യവര്‍ദ്ധിത സേവനമായാണ് ആര്‍ബിഐ പരിഗണിക്കുന്നത്.

ബിഎസ്ബിഡി അക്കൗണ്ടുകളില്‍ ദൈനംദിന ഡിജിറ്റല്‍ ഇടപാടുകളില്‍ പോലും സേവന നിരക്ക് നിലവിലുള്ളപ്പോള്‍, പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളെ എസ്ബിഐ ഈ സേവന നിരക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2013 ല്‍ ആരംഭിച്ച റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രതിമാസം 4 പിന്‍വലിക്കലിന് മുകളിലുള്ള എല്ലാ പിന്‍വലിക്കലുകള്‍ക്കും ബിഎസ്ബിഡി അക്കൗണ്ട് ഉടമകളില്‍ നിന്ന് സേവന നിരക്ക് ഈടാക്കിയിരുന്നു. ഡിജിറ്റല്‍ ഇടപാടുകളായ എന്‍ഇഎഫ്ടി,ഐഎംപി എസ്,യുപിഐ, ഭീം-യുപി ഐ, ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വ്യാപാര പെയ്‌മെന്റ് പോര്‍ട്ടലുകള്‍ വരെ സേവന നിരക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരുവശത്ത് രാജ്യം ഡിജിറ്റല്‍ പെയ്‌മെന്റ് മാര്‍ഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളുടേത് ആളുകളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ഇടപാട് നടത്തുന്നവരെ പോലും സേവന ചാര്‍ജ് ബാധിക്കുന്നുണ്ട്. പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ഇത് ശ്രദ്ധിക്കാതെ പോകുന്നു. ബിഎസ്ബിഡി അക്കൗണ്ടുകള്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെങ്കിലും, ആര്‍ബിഐയുടെ അനുവാദത്തോടെയാണ് ചൂഷണം നടന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക വകുപ്പുകളായ, ഉപഭോക്തൃ വിദ്യാഭ്യാസ സംരക്ഷണ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ് എന്നിവ സേവന നിരക്കുകളില്‍ നീതി ഉറപ്പാക്കുന്നതിനായി നിലവിലുണ്ടെങ്കിലും അമിത ചാര്‍ജ് ഈടാക്കല്‍ തുടര്‍ന്നുവരുന്നു.

ആര്‍ബിഐ തങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് കര്‍ശനമായി മേല്‍നോട്ടം വഹിക്കുന്നത് കൊണ്ടുതന്നെ, മറ്റു ബാങ്കുകള്‍ പ്രതിമാസമുള്ള 4 പിന്‍വലിക്കലുകള്‍ക്കുശേഷം ചാര്‍ജ് ഈടാക്കേണ്ടിവരുന്നു. ഈ വര്‍ഷം ജനുവരി 1 മുതല്‍ യുപിഐ,ഭീം-യുപിഐ,എന്‍ഇ എഫ്ടി, ക്രെഡിറ്റ് കാര്‍ഡ് അടക്കം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള പണം പിന്‍വലിക്കലിന് 20 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഐഡിബിഐ ബാങ്ക് തീരുമാനിച്ചിരുന്നു. വ്യാപാര പെയ്‌മെന്റു കള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ന്യായമാണെന്നാണ് ഐഡിബിഐ ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തുന്നു. എടിഎം വഴിയുള്ള പണം പിന്‍വലിക്കലുകള്‍ക്ക് പോലും അമിത ചാര്‍ജ് ആയി 40 രൂപ ചുമത്തുന്നുണ്ട്. ഐഡിബിഐ ബാങ്കുകളില്‍ പ്രതിമാസം 10 തവണ പണം പിന്‍വലിക്കലാണ് അനുവദനീയമായിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com