

2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും ലാഭക്ഷമതയുള്ള ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുന്‍നിര സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയെ മറികടന്നാണ് ഈ പൊതുമേഖല ബാങ്കിന്റെ മുന്നേറ്റം. രാജ്യത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ 40 ശതമാനവും എസ്.ബി.ഐയുടെ സംഭാവനയാണ്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ എസ്.ബി.ഐ രേഖപ്പെടുത്തിയ ലാഭം 70,901 കോടി രൂപയാണ്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 61,077 കോടി രൂപയില്‍ നിന്ന് 16 ശതമാനം വര്‍ധനയാണ് ഇക്കുറി കാഴ്ചവച്ചത്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 17.89 ശതമാനം മറികടന്ന് 1,10,579 കോടി രൂപയായി. ആദ്യമായാണ് പ്രവര്‍ത്തന ലാഭം ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് താണ്ടുന്നത്.
എസ്.ബി.ഐയുടെ സംയോജിത അറ്റാദായം 77,561 കോടി രൂപയാണ്. ബ്ലൂബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ഇതോടെ ആല്‍ഫബെറ്റ്, ആപ്പിള്‍, എന്‍വിഡിയ, ജെ.പി മോര്‍ഗാന്‍ ചേസ് എന്നിവയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും ലാഭക്ഷമതയുള്ള സ്ഥാപനമായി എസ്.ബി.ഐ മാറി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കാണ് ലാഭക്ഷമതയില്‍ രണ്ടാമത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 67,347.36 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ഐ.സി.ഐ.സി.ഐ ബാങ്ക് 47,226.99 കോടിരൂപയുമായി മൂന്നാം സ്ഥാനത്താണ്.
രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളുടെയും ചേര്‍ത്തുള്ള ലാഭം 1.78 ലക്ഷം കോടിയെന്ന റെക്കോഡിലാണ്. മുന്‍ വര്‍ഷത്തെ 1.41 ലക്ഷം കോടി രൂപയില്‍ നിന്ന് 26 ശതമാനമാണ് വളര്‍ച്ച. ലാഭത്തിലുണ്ടായ വര്‍ധന ഏകദേശം 37,100 കോടി രൂപയാണ്.
പൊതുമേഖലാ ബാങ്കുകളില്‍ ലാഭത്തില്‍ രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 102 ശതമാനം വര്‍ധിച്ച് 16,630 കോടി രൂപയായി. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് ലാഭത്തില്‍ 71 ശതമാനം വര്‍ധന നേടി. 1,016 കോടി രൂപയാണ് ബാങ്കിന്റെ ലാഭം.
പൊതുമേഖല ബാങ്കുകളെല്ലാം തന്നെ കഴിഞ്ഞ വര്‍ഷം ലാഭമാണ് രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം 48.4 ശതമാനം വര്‍ധനയോടെ 3,785 കോടി രൂപയിലെത്തി. യൂക്കോ ബാങ്കിന്റെ ലാഭം 47.8 ശതമാനം വര്‍ധിച്ച് 2,445 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയുടെ ലാഭം 45.9 ശതമാനം വര്‍ധനയോടെ 9,219 കോടി രൂപയുമായി.
പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭത്തില്‍ 36.1 ശതമാനം വര്‍ധന നേടി. ചൈന്നൈ ആസ്ഥാനമായ ഇന്ത്യ ബാങ്ക് 35.4 ശതമാനം വര്‍ധനയോട 10,918 കോടി രൂപ ലാഭം നേടി.
2018 സാമ്പത്തിക വര്‍ഷത്തെ 85,390 കോടി രൂപയുടെ കനത്ത നഷ്ടത്തില്‍ നിന്നാണ് പൊതുമേഖല ബാങ്കുകളുടെ ഇപ്പോഴത്തെ ഈ തിരിച്ചു വരവ്. രാജ്യത്തെ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെട്ടതും പ്രവര്‍ത്തനമികവ് വീണ്ടെടുത്തതുമാണ് ഇത് തെളിയിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine