ലോണ്‍ തിരിച്ചടവ് ഉറപ്പാക്കാന്‍ പ്രത്യേക സംഘം: 4,000 പേരെ നിയമിക്കാനൊരുങ്ങി എസ്ബിഐ, ബാങ്കിംഗ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമോ?

നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കുന്നതിന് പകരം, പുറത്തുനിന്ന് പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്
ലോണ്‍ തിരിച്ചടവ് ഉറപ്പാക്കാന്‍ പ്രത്യേക സംഘം: 4,000 പേരെ നിയമിക്കാനൊരുങ്ങി എസ്ബിഐ, ബാങ്കിംഗ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമോ?
Published on

ലോണ്‍ തിരിച്ചടവ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 4,000 പേരെ ഉള്‍പ്പെടുത്തി പ്രത്യേക കളക്ഷന്‍ ടീം രൂപീകരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പദ്ധതിയിടുന്നു. വായ്പാ വിതരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അസറ്റ് ക്വാളിറ്റി (Asset Quality) നിലനിര്‍ത്തുന്നതിനും നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം.

മെയ് 8-ന് ബാങ്കിന്റെ നാലാം പാദ ഫലപ്രഖ്യാപന വേളയില്‍ എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കുന്നതിന് പകരം, പുറത്തുനിന്ന് പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇത് വന്‍തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഓഫീസിലിരുന്നുള്ള ജോലിയേക്കാള്‍ ഫീല്‍ഡിലിറങ്ങി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള യുവാക്കള്‍ക്കാണ് ഈ അവസരം കൂടുതല്‍ ഗുണകരമാകുക. വായ്പാ ഉടമകളുമായി നേരിട്ട് ആശയവിനിമയം നടത്താനും റിലേഷന്‍ഷിപ്പ് മാനേജ്മെന്റില്‍ വൈദഗ്ധ്യം നേടാനും ഇതിലൂടെ സാധിക്കും.

എസ്ബിഐയുടെ അനുബന്ധ സ്ഥാപനങ്ങള്‍ (Subsidiaries) വഴിയായിരിക്കും ഈ നിയമനങ്ങള്‍ നടക്കുക.

എന്തുകൊണ്ട് ഈ നിയമനം?

ബാങ്കിന്റെ വായ്പാ വിതരണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കിട്ടാക്കടങ്ങള്‍ (NPA) ഉണ്ടാകുന്നത് പ്രാരംഭ ഘട്ടത്തില്‍ തന്നെ തടയുകയാണ് എസ്ബിഐയുടെ ലക്ഷ്യം. നിലവില്‍ ബാങ്കിന്റെ നെറ്റ് എന്‍പിഎ 0.39 ശതമാനം എന്ന റെക്കോര്‍ഡ് കുറവിലാണുള്ളത്. ഇത് ഇനിയും മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ പ്രൊഫഷണലായ രീതിയില്‍ വായ്പാ തിരിച്ചടവ് കൈകാര്യം ചെയ്യുന്നതിനുമാണ് ബാങ്ക് യുവാക്കളുടെ ഒരു പുതിയ പടയെ തന്നെ കളത്തിലിറക്കുന്നത്.

ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുള്ള ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ബാങ്ക് ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ബാങ്കിംഗ് മേഖലയില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായി കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകുമെന്നും എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി സൂചിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com