

നിയമനങ്ങളും ജീവനക്കാരുമായി സംബന്ധിച്ച (Human Resource) വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പുതിയ ഉപസ്ഥാപനം (Operation Support Subsidiary) ആരംഭിക്കുന്നു. എച്ച്ആര്‍ വിഭാഗത്തിനായി ഉപസ്ഥാപനം ആരംഭിക്കാന്‍ ആര്‍ബിഐ അനുമതി എസ്ബിഐയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് എച്ച്ആര്‍ വിഭാഗത്തിനായി പ്രത്യേക കമ്പനി ആരംഭിക്കുന്നത്.
ഗ്രാമീണ, അര്‍ധ നഗര മേഖലകളിലെ കാര്യങ്ങളാവും എസ്ബിഐയുടെ എച്ചആര്‍ കമ്പനി ആദ്യ ഘട്ടത്തില്‍ കൈകാര്യം ചെയ്യുക. ബന്ധന്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന സഞ്ജീവ് നാരായണിയെ ആവും എച്ച് ആര്‍ വിഭാഗത്തിന്റെ തലപ്പത്തേക്ക് എസ്ബിഐ നിയമിക്കുക. സ്ഥാപനത്തിലെ ജീവനക്കാരെ നിയമിക്കുന്നത് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. എസ്ബിഐ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല.
ചെലവ് കുറയ്ക്കാനുള്ള എസ്ബിഐ നടപടികളുടെ ഭാഗമാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ആകെ വരുമാനത്തിന്റെ 61.94 ശതമാനം ആയിരുന്നു ബാങ്കിന്റെ ചെലവ് (Cost- to-Income Ratio). മുന്‍വര്‍ഷം 51.89 ശതമാനം ആയിരുന്നു ചെലവ്. ആകെ ചെലവിന്റെ 45.7 ശതമാനവും ശമ്പളം നല്‍കാനായാണ് ബാങ്ക് ചെലവാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine