റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പാ പദ്ധതി എസ്.ബി.ഐ പിന്‍വലിച്ചു; പദ്ധതി ആരംഭിച്ചത് ജൂലൈയില്‍

റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പാ പദ്ധതി എസ്.ബി.ഐ പിന്‍വലിച്ചു; പദ്ധതി ആരംഭിച്ചത് ജൂലൈയില്‍
Published on

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈയില്‍ ആരംഭിച്ച റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പ പദ്ധതി പിന്‍വലിച്ചു. റിപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പ പദ്ധതിയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം ആദ്യം വ്യക്തമായത്. പിന്നീട് ഔദ്യാഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ എസ്ബിഐ ഇക്കാര്യ സ്ഥിരീകരിച്ചു.

'ആര്‍എല്‍എല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള ഭവനവായ്പ പദ്ധതി പിന്‍വലിച്ചുവെന്നത് ദയവായി ശ്രദ്ധിക്കുക.' ട്വീറ്റില്‍ പറയുന്നു. റിപ്പോ റേറ്റ് ലിങ്ക്ഡ് ലോണ്‍ സ്‌കീമിന്റെ വിശദാംശങ്ങള്‍ ഒരാഴ്ച മുമ്പ് വെബ്‌സൈറ്റില്‍ നിന്ന് ബാങ്ക് നീക്കം ചെയ്തിരുന്നു. ഇതോടെ മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിംഗ് (എംസിഎല്‍ആര്‍) നിരക്കില്‍ മാത്രമായി വായ്പ നല്‍കല്‍.

റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കനുസരിച്ച് ഭവനവായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം ജൂലൈയില്‍  പ്രാബല്യത്തില്‍ വരുത്തിയത് റിപ്പോയുമായി ഭവനവായ്പാനിരക്ക് ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് എന്ന വിശേഷണത്തോടെയായിരുന്നു. അതേസമയം തന്നെ നിലവിലുണ്ടായിരുന്ന എം.സി.എല്‍.ആര്‍ രീതി തുടരുമെന്നും അറിയിച്ചിരുന്നു.

റിസര്‍വ് ബാങ്കിന്റെ നിരക്കുകള്‍ക്ക് അനുസരിച്ച് പലിശ കൂട്ടുന്ന ബാങ്കുകള്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കുറയ്ക്കുമ്പോള്‍ സമാന്തരമായി പലിശ കുറയ്ക്കാറില്ലെന്നത് ദീര്‍ഘകാലമായുള്ള പരാതിയാണ്. ഇതിന് പരിഹാരം കാണാനാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കുന്നതെന്നും എസ്.ബി.ഐ പറഞ്ഞിരുന്നു.

എം.സി.എല്‍.ആര്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് 0.25 ശതമാനം മാറ്റച്ചാര്‍ജ് നല്‍കി റിപ്പോ നിരക്കിലേക്ക് മാറാമെന്നും വാഗ്ദാനമുണ്ടായിരുന്നു. വായ്പാനിരക്ക് കുറയുമ്പോഴെന്നപോലെ കൂടുമ്പോള്‍ പലിശ ഉയരുമെന്നത് റിപ്പോ നിരക്കിലേക്ക് മാറുന്നവര്‍ പ്രതീക്ഷിക്കണമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.നിലവില്‍ ഭവനവായ്പ നല്‍കുന്ന എം.സി.എല്‍.ആര്‍ രീതിയില്‍ 8.55 ശതമാനം മുതല്‍ 9.10 ശതമാനം വരെയാണ് പലിശനിരക്ക്.

ഒക്ടോബര്‍ 1 മുതല്‍ ബാഹ്യ ബെഞ്ച്മാര്‍ക്കുകളുമായി ലിങ്ക് ചെയ്ത പലിശ നിരക്കിലുള്ള വായ്പകള്‍ എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക്  നിര്‍ബന്ധിതമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബാഹ്യ ബെഞ്ച് മാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് ബാധകമായ പുതിയ വായ്പാ പദ്ധതി എസ്.ബി.ഐ ഉടന്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്.

ദീര്‍ഘകാല ഭവന വായ്പകള്‍ക്ക് ഫ്ളോട്ടിങ് നിരക്കിലുള്ള പലിശയേ ഈടാക്കാവൂ എന്ന നിബന്ധനയുമായി ബന്ധപ്പെട്ട് ചില അവ്യക്തതകള്‍  നിലനില്‍ക്കുന്നതായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇത്തരം വായ്പകള്‍ക്ക് ആദ്യ ഘട്ടത്തില്‍ സ്ഥിരം പലിശ നിരക്കും പിന്നീട് ഫ്ളോട്ടിങ് നിരക്കും  ബാധകമാക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന്്് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com