ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ക്രമക്കേട് സെബി അന്വേഷിക്കും; ഗൗരവമുള്ളതെന്ന് നിരീക്ഷണം

പുതിയ മാനേജിംഗ് ഡയറക്ടര്‍ ജൂണ്‍ 30 ചുമതലയേല്‍ക്കും
SEBI
SEBI mage : SEBI Website 
Published on

ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സെബി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ. ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നടന്ന ക്രമക്കേടുകള്‍ക്ക് പിന്നില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് സെബി ചെയര്‍മാന്റെ പ്രതികരണം.

'ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുക. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നതിനാലാണ് നടപടി. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് റിസര്‍വ് ബാങ്ക് ആണ് അന്വേഷിക്കുക.'' പാണ്ഡേ പറഞ്ഞു.

ഓഡിറ്റ് റിപ്പോര്‍ട്ടും എതിര്

കഴിഞ്ഞ ദിവസം ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത ഓഡിറ്റ് റിപ്പോര്‍ട്ടും ബാങ്കിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. ഡെറിവേറ്റീവ്, മൈക്രോഫിനാന്‍സ്, ബാലന്‍സ് ഷീറ്റ് എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ പ്രധാന മാനേജ്മെന്റ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്കും റഗുലേറ്ററി അതോറിട്ടികള്‍ക്കും പരാതി നല്‍കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആരോപണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 29 ന് ബാങ്കിന്റെ സിഇഒ സുമന്ത് കത്പാലിയ, ഡെപ്യൂട്ടി സിഇഒ അരുണ്‍ ഖുരാന എന്നിവര്‍ രാജിവെച്ചിരുന്നു. താല്‍കാലിക എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇപ്പോള്‍ ബാങ്കിന്റെ ഭരണ ചുമതല.

ഓഹരി വില കൂടി

വിവാദങ്ങള്‍ക്കും നഷ്ടക്കണക്കുകള്‍ക്കും ഇടയിലും ഇന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി വില കൂടി. വിപണി ഇന്ന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ബാങ്ക് ഓഹരി വില 1.82 ശതമാനം ഉയര്‍ന്ന് 785.10 രൂപയിലാണ് ക്ലോസ് ചെയ്തത്. നാലാം പാദ റിസള്‍ട്ടുകള്‍ ബാങ്കിന് പ്രതികൂലമായിരുന്നു. 2,363 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്. ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ജൂണ്‍ 30 ചുമതലയേല്‍ക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com