പ്രതിമാസം 20,500 രൂപ വരുമാനം, വാര്‍ദ്ധക്യ കാലത്ത് സ്ഥിര വരുമാനം, നിക്ഷേപ പദ്ധതിയുമായി ഇന്ത്യാ പോസ്റ്റ്

അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപിക്കേണ്ടത്.
india post
Image courtesy: Canva
Published on

വാര്‍ദ്ധക്യ കാലത്ത് എല്ലാ മാസവും 20,500 രൂപ വീതം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമാണ് 20,500 രൂപ വീതം സമ്പാദിക്കാന്‍ സാധിക്കുന്ന ആകര്‍ഷകമായ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വിരമിക്കൽ പ്രായത്തിലേക്ക് നീങ്ങുമ്പോൾ വരുമാനം കുറയുന്നത് എല്ലാവരെയും ആശങ്കയിലാക്കുന്ന കാര്യമാണ്. മുതിർന്ന പൗരന്മാരുടെ ഈ ആവശ്യങ്ങൾ മനസിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ നിക്ഷേപം 1,000 രൂപ

കുറഞ്ഞത് 1,000 രൂപ മുതൽ നിങ്ങൾക്ക് ഇതിൽ നിക്ഷേപം ആരംഭിക്കാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വിരമിച്ചതിന് ശേഷം എല്ലാ മാസവും സ്ഥിര വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ സ്കീം വളരെ അനുയോജ്യമാണ്.

അഞ്ചു വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താം. അത് ഓരോ മൂന്നു വര്‍ഷത്തേക്കും പുതുക്കാം. ആവശ്യമെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം മുഴുവന്‍ തുകയും പിന്‍വലിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്യാം. ഉപാധികള്‍ക്ക് വിധേയമായി ഇടക്കാലത്ത് പിന്മാറുന്നതിനും അവസരമുണ്ട്. കുറഞ്ഞ നിക്ഷേപം ആയിരം രൂപ.

60 വയസിനു മുകളിലുള്ള പൗരന്മാർക്കായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ 55 നും 60 നും ഇടയിൽ പ്രായമുള്ള വളണ്ടറി റിട്ടയർമെന്റ് (വി.ആർ.എസ്) എടുത്ത ആളുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. സൈന്യത്തില്‍ നിന്ന് വിരമിച്ച ജീവനക്കാർക്ക് 50 വയസിലും പദ്ധതിയിൽ നിക്ഷേപിക്കാനുളള സൗകര്യമുണ്ട്. പങ്കാളിയുമായി സംയുക്ത അക്കൗണ്ടായും പദ്ധതിയില്‍ ചേരാം. ഇതിലൂടെ ഇരുവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

SCSS അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുളള സൗകര്യവുമുണ്ട്. അക്കൗണ്ട് തുറക്കാൻ, കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ നിക്ഷേപത്തിന്റെ പരമാവധി പരിധി 30 ലക്ഷം രൂപയിൽ കൂടരുത് എന്ന നിബന്ധനയും ഉണ്ട്. 8.2 ശതമാനം വാർഷിക പലിശയാണ് ഈ പദ്ധതി മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിൽ ഒരാൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ അയാൾക്ക് 2.46 ലക്ഷം രൂപയാണ് വാർഷിക പലിശയായി ലഭിക്കുക. അതായത് പ്രതിമാസം ഏകദേശം 20,500 രൂപ. ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെത്തും.

ഉയർന്ന പലിശ നിരക്കുകൾ മാത്രമല്ല പദ്ധതിയിലൂടെ നിക്ഷേപകരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, വിരമിക്കലിനുശേഷം സ്ഥിരമായ വരുമാനം നേടാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ സ്കീം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com