
നവീന ബാങ്കിങ് സേവനങ്ങൾ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓഫീസ് എസ്.ഐ.ബി ടവർ ഉദ്ഘാടനം ചെയ്തു. 12 നിലകളിലായി രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് കാക്കനാട്ടെ എസ്.ഐ.ബി ടവറിനുള്ളത്. 1200 ജീവനക്കാർക്കുള്ള വർക്ക് സ്പേസിന് പുറമെ മെഗാ കറൻസി ചെസ്റ്റ്, ബ്രാഞ്ച് ഓഫീസ്, അനുബന്ധ ഓഫീസുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.
എസ്.ഐ.ബി ചെയർമാൻ വി.ജെ കുര്യൻ ടവറിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങൾ, മുൻകാല ഡയറക്ടർമാർ, മുൻ ജീവനക്കാർ, ഉപഭോക്താക്കൾ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബാങ്കിന്റെ 96-ാം സ്ഥാപകദിനാഘോഷവും നടന്നു. ശതാബ്‌ദിയിലേക്ക് അടുക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണ് ടവറെന്ന് വി.ജെ കുര്യൻ പറഞ്ഞു. വിശ്വാസ്യത, ഐക്യം, സേവന മികവ് എന്ന അടിസ്ഥാന തത്വങ്ങളിലുള്ള പ്രതിബദ്ധതയാണ് പുതിയ നാഴികക്കല്ലുകൾ പടുത്തുയർത്താന്‍ ബാങ്കിനെ സഹായിക്കുന്നതെന്ന് പി.ആർ ശേഷാദ്രി പറഞ്ഞു.
അത്യാധുനിക പാർക്കിംഗ് സംവിധാനങ്ങൾ ഉള്ള ബേസ്‌മെന്റ്, വിശാലമായ ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ സൗകര്യമുള്ള ബോർഡ്‌റൂം, 9 മീറ്റിംഗ് റൂമുകൾ, 3 ഇന്റർവ്യൂ റൂമുകൾ എന്നിവയും ബിൽഡിംഗിൽ ഒരുക്കിയിരിക്കുന്നു. 1929 ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ദീർഘദർശികളായ നാല്പത്തിരണ്ട്‍ പേർ ചേർന്നാണ് തൃശൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine