''ചെറുകിട വായ്പകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാകും''

ബാങ്കിംഗ് മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്?
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ബാങ്കിംഗ് മേഖയില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അഞ്ചു വര്‍ഷം മുമ്പു വരെ രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനവും ബാങ്കിംഗ് സേവനങ്ങള്‍ക്ക് പുറത്തായിരുന്നു. ആധാറിന്റെയും ജന്‍ധന്‍ എക്കൗണ്ടുകളുടെയുമൊക്കെ ഫലമായി ഇപ്പോള്‍ വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് 20 ശതമാനം പേര്‍ മാത്രമേ ബാങ്കിംഗ് സേവനം കാര്യമായി യോജനപ്പെടുത്താതെയുള്ളൂ.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് എല്ലാ ചെറുകിട വായ്പകളും ഡിജിറ്റല്‍ മുഖേനയാകും എന്നതാണ് വരാനിരിക്കുന്ന വലിയ മാറ്റം. ഇപ്പോള്‍ തന്നെ പ്രീ അപ്രൂവ്ഡ് വായ്പകള്‍ അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ ലഭ്യമാകുന്നുണ്ട്. അത് വ്യാപകമാകും. പലിശ നിരക്ക് അടക്കമുള്ള എല്ലാ വിവരങ്ങളും ബാങ്കില്‍ നിന്ന് നിങ്ങളുടെ മൊബീല്‍ ഫോണിലേക്ക് ലഭ്യമാകുകയും നിങ്ങളുടെ താല്‍പ്പര്യമനുസരിച്ച് വായ്പ എക്കൗണ്ടില്‍ എത്തുകയും ചെയ്യും. കൃത്യമായി തിരിച്ചടയ്ക്കുകയും ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായിരിക്കുകയും ചെയ്താല്‍ വായ്പകള്‍ ലഭിക്കാന്‍ മിനിട്ടുകളുടെ ദൈര്‍ഘ്യം മാത്രമേ വേണ്ടി വരൂ. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പണമിടപാടുകള്‍ തീരെ കുറയും. പേമെന്റ് ബാങ്കുകള്‍ ശക്തിപ്രാപിക്കും.
ബാങ്കിംഗ് സേവനങ്ങള്‍ എസ്ബിഐ യോനോ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. പണമിടപാടു സംബന്ധിച്ച ഏതു കാര്യത്തിനും ഒരൊറ്റ ആപ്ലിക്കേഷന്‍ എന്നത് വലിയ സൗകര്യമാകും. ഇന്നുള്ളതു
പോലെ പലതിനും പല ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരില്ല. ട്രെയ്ന്‍ ടിക്കറ്റ് എടുക്കാനും ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ വാങ്ങലുകള്‍ നടത്താനുമൊക്കെ ഒരു ആപ്ലിക്കേഷന്‍ മതിയാകും എന്ന സ്ഥിതി വരും. പല ഓണ്‍ലൈന്‍ കമ്പനികളുമായും ബാങ്കുകള്‍ ടൈഅപ്പ് നടത്തി വരുകയാണ്.
ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് ആളുകള്‍ എത്രമാത്രം ബോധവാന്മാരാണ്?
സിബിലിന്റെ നേതൃത്വത്തില്‍ വ്യാപകമായി ബോധവല്‍കരണം നടത്തുന്നുണ്ട്. എങ്ങനെയാണ് ക്രെഡിറ്റ് സ്‌കോര്‍ തിട്ടപ്പെടുത്തുന്നതെന്നും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നും മികച്ച രീതിയില്‍ മാനേജ് ചെയ്യേണ്ടതെങ്ങനെയെന്നും സിബില്‍ ബോധവല്‍ക്കരണ പരിപാടികളിലൂടെ ജനങ്ങളെ അറിയിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുഖേന അവയുടെ ജീവനക്കാര്‍ക്ക് ഇ മെയ്ല്‍ അടക്കമുള്ളവയിലൂടെ സന്ദേശങ്ങളും നല്‍കി വരുന്നു. ബിസിഎസ്ബിഐ (ദി ബാങ്കിംഗ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യ) രാജ്യത്താകമാനം വന്‍തോതില്‍ പ്രചാരണം നടത്തി വരുന്നുണ്ട്. മാത്രമല്ല, പൈസ ബസാര്‍ പോലുള്ള എക്കൗണ്ട് അഗ്രഗേറ്റേഴ്‌സുമായി യോജിച്ച് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ക്രെഡിറ്റ് സ്‌കോര്‍ അറിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാങ്കിംഗ് മേഖലയിലെ വെല്ലുവിളികള്‍ എന്താണ്?
ഇതുവരെയും കിട്ടാക്കടമാണ് ബാങ്കിംഗ് മേഖലയില്‍ വലിയ പ്രതിസന്ധി തീര്‍ത്തിരുന്നത്. എന്നാല്‍ 2019-20 വര്‍ഷത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നത് ഇല്ലാതായി. പൊതുമേഖലാ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വന്‍തോതില്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനുള്ള ആവശ്യകത എന്നിവയൊക്കെയാണ് വരും നാളുകളില്‍ ബാങ്കിംഗ് മേഖല നേരിടാനുള്ള വെല്ലുവിളികള്‍.