
ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ (Sumitomo Mitsui Banking Corporation /SMBC) ), ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി തേടുന്നു.
യെസ് ബാങ്കിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള എസ്എംബിസിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാറില്‍ എസ്.എം.ബി.സി ഒപ്പുവച്ചത്.
സെക്കന്‍ഡറി മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയും മറ്റു ചില സ്വകാര്യ ബാങ്കുകളും അടങ്ങുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13,483 കോടി രൂപയ്ക്ക്(1.58 ബില്യണ്‍ ഡോളര്‍) ഏറ്റെടുക്കാനാണ് പദ്ധതി.
പൂര്‍ണ ഉപകമ്പനി തുടങ്ങാന്‍ ജാപ്പനീസ് ബാങ്കിന് അനുമതി ലഭിച്ചാല്‍ എസ്.ബി.ഐയുടേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശം അവശേഷിക്കുന്ന 14 ശതമാനത്തോളം ഓഹരികള്‍ കൂടി സ്വന്തമാക്കാനാകും. അതോടെ ഓഹരി വിഹിതം 34 ശതമാനമാകും. യെസ് ബാങ്കിന്റെ 51 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നേരത്തെ അനുമതി നല്‍കിയിരുന്നു.
നിലവില്‍ എസ്.ബി.ഐയ്ക്ക് 24 ശതമാനം ഓഹരികളും എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയ്ക്ക് സംയുക്തമായി 9.7 ശതമാനം ഓഹരികളുമാണ് യെസ് ബാങ്കില്‍ ഉള്ളത്. ഇതില്‍ എസ്ബിഐ 13.2 ശതമാനവും മറ്റ് ബാങ്കുകള്‍ 6.8 ശതമാനവും വില്‍ക്കുമെന്നാണ് യെസ് ബാങ്ക് മേയ് ഒമ്പതിന് പ്രഖ്യാപിച്ചത്.
ഇടപാടിന് ശേഷവും 10.8 ശതമാനം ഓഹരികള്‍ എസ്.ബി.ഐയുടെ കൈവശമുണ്ടാകും. 2020ല്‍ പ്രതിസന്ധി സമയത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തി യെസ് ബാങ്കിന്റെ രക്ഷകനായ എസ്.ബി.ഐ ഇപ്പോള്‍ ഓഹരി വിറ്റ് പിന്‍മാറാന്‍ താത്പര്യം കാണിക്കുന്നുണ്ട്.
കോര്‍പ്പറേറ്റ് ഗവേണന്‍സിലും വായ്പാ കുടിശികയിലും തട്ടിപ്പിലും പെട്ട് യെസ് ബാങ്ക് പ്രതിസന്ധിയിലായപ്പോഴാണ് റിസര്‍വ് ബാങ്ക് എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യമുണ്ടാക്കി ബാങ്കിന്റെ നിയന്ത്രണം ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി എസ്.ബി.ഐ 10,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിപ്പിക്കപ്പെട്ട എച്ച്.ഡി.എഫ്.സി ലിമിറ്റഡും ഐ.സി.ഐ.സി.ഐ ബാങ്കും 1,000 കോടിരൂപ വീതവും നിക്ഷേപിച്ചു. ആക്‌സിസ് ബാങ്ക് 600 കോടി രൂപ, കോട്ടക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപ എന്നിങ്ങനെയും നിക്ഷേപം നടത്തി. ബാക്കി തുക ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയും നടത്തിയാണ് രക്ഷാ പാക്കേജ് നടത്തിയത്.
എസ്.എം.ബി.സിക്ക് നിലവില്‍ ഇന്ത്യയില്‍ നാല് ശാഖകളുണ്ട്. ഇതിലൊരെണ്ണെം ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലാണ്. ബ്രാഞ്ച് മോഡലില്‍ നിന്ന് പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയിലേക്ക് മാറുന്നത് യെസ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുക്കാന്‍ വഴിതുറക്കുമെന്നാണ് സൂചന.
2021ല്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫുള്ളേര്‍ട്ടണ്‍ ഇന്ത്യ ക്രെഡിറ്റിനെ ഏറ്റെടുത്ത എസ്.എം.ബി.സി പിന്നീട് പേര് എസ്.എം.എഫ്.ജി ക്രെഡിറ്റ് ഇന്ത്യ എന്നാക്കിയിരുന്നു. ആര്‍.ബി.ഐ അനുമതി ലഭിച്ചാല്‍ യെസ് ബാങ്കിനെയും ലയിപ്പിക്കാനാണ് പദ്ധതി.
ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ എസ്.എം.ബി.സിക്ക് യെസ് ബാങ്ക് ബോര്‍ഡിലേക്ക് രണ്ട് അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. 10.8 ശതമാനം ഓഹരികളുള്ള യെസ് ബാങ്കിന് ഒരു ഡയറക്ടറേയും ചേര്‍ക്കാം.
യെസ് ബാങ്കിന്റെ ബോര്‍ഡ് മീറ്റിംഗ് നാളെ നടക്കും. ഇക്വിറ്റി, ബോണ്ട്, അല്ലെങ്കില്‍ പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി ഫണ്ട് സമാഹരിക്കുന്നതിനെ കുറിച്ച് ഇതില്‍ തീരുമാനമാകും. ഫണ്ട് സമാഹരണ വാര്‍ത്തകള്‍ ഇന്ന് യെസ് ബാങ്ക് ഓഹരികള്‍ എട്ട് ശതമാനം വരെ ഉയര്‍ത്തി. വിപണികള്‍ പൊതുവേ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നതിനിടയിലാണ് യെസ് ബാങ്കിന്റെ മുന്നേറ്റം.
Read DhanamOnline in English
Subscribe to Dhanam Magazine