സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വരുമാനം കൂടി, അറ്റാദായം കുറഞ്ഞു

കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം 38 ശതമാനം കുറഞ്ഞ്‌ 70.51 കോടി രൂപയായി. തൊട്ടുമുൻപത്തെ വർഷം ഇതേ കാലയളവിൽ അറ്റാദായം 114.10 കോടി രൂപയായിരുന്നു.

എന്നാൽ മാർച്ച് പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം 16 ശതമാനം വർധിച്ചു 328 കോടി രൂപയായി. മുൻവർഷത്തിൽ ഇത് 311 കോടി രൂപയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ മൊത്തം അറ്റാദായം മുൻവർഷത്തെ 334.89 കോടി രൂപയിൽ നിന്ന് 247.52 കോടി രൂപയായി കുറഞ്ഞു.

കിട്ടാക്കടത്തിനായുള്ള ഉയർന്ന നീക്കിയിരിപ്പു തുക (higher loan-loss provisions) മൂലമാണ് ബാങ്കിന്റെ അറ്റാദായം കുറഞ്ഞതെന്ന് ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വി ജി മാത്യു പറഞ്ഞു.

"നിലവിൽ ബാങ്കിന്റെ നിഷ്ക്രീയ ആസ്തി വെറും 250 കോടി രൂപ മാത്രമാണ്, അതിൽ തന്നെ 100 കോടിയോളം കാർഷിക വായ്പ ഇനത്തിൽപ്പെടുന്നവയാണ്. ഒരു മെഡിക്കൽ കോളേജിനായി കൊടുത്ത വായ്പയുടെ നിഷ്ക്രീയ ആസ്തി 114 കോടി രൂപയുണ്ട്. അത് അപ്പ്രൂവൽ സംബന്ധിച്ച വിഷയത്തിൽപ്പെട്ടു കിടക്കുകയാണ്. നിഷ്ക്രീയ ആസ്തി കുറക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ടാർഗറ്റ് ചെയ്തത് 500 കോടി രൂപയായിരുന്നു. ഈ ടാർഗറ്റ് ഞങ്ങൾ നടപ്പു സാമ്പത്തിക വർഷം തന്നെ നേടി. വരും വർഷങ്ങളിലും ടാർഗറ്റ് ഇതുതന്നെയാണ്,” മാത്യു പറഞ്ഞു.

2020 ആകുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു റീറ്റെയ്ൽ പവർഹൗസ് ആകാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ആകെ മൊത്തം ലോണിന്റെ 29 ശതമാനം റീറ്റെയ്ൽ വായ്പ്പകളാണ്. ആകെ ലോൺ പോർട്ട് ഫോളിയോയിൽ 20 ശതമാനം വളർച്ചയാണ് ലക്ഷ്യം.

സൗത്ത് ഇന്ത്യൻ ബാങ്ക് ഈ സാമ്പത്തിക വർഷം 400 ജീവനക്കാരെ പുതിയതായി നിയമിക്കും. ഇതിൽ മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടും. ബാങ്കിൽ എന്തെങ്കിലും സ്കിൽ ഗാപ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ അതത് മേഖലകളിൽ നിന്ന് നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് മാത്യു അറിയിച്ചു.

Related Articles
Next Story
Videos
Share it