

വിമാന യാത്രാ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിരാശാജനകമായ അനുഭവം വെളിപ്പെടുത്തി ഗ്രോത്ത് റോക്കറ്റ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ആയുഷ്മാൻ പണ്ഡിത. വിമാനം വൈകിയതിന് നഷ്ടപരിഹാരം ലഭിക്കാൻ ആഴ്ചകളോളം പിറകെ നടന്ന് ബുദ്ധിമുട്ടിയ കഥയാണ് ആയുഷ്മാൻ പങ്കുവെച്ചത്. ബാംഗ്ലൂരിനും ഡൽഹിക്കും ഇടയിലുള്ള വിമാനം മൂന്ന് മണിക്കൂർ കാലതാമസം നേരിട്ടതിന് 3,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ആയുഷ്മാൻ ലിങ്ക്ഡ്ഇനിൽ വിശദീകരിച്ചത്.
ലളിതമായ ഒരു പ്രക്രിയ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും ഉപഭോക്തൃ സേവന കോളുകളിലും പെട്ട് ആഴ്ചകൾ നീണ്ട പോരാട്ടമായ മാറുകയായിരുന്നു. ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോഴാണ് 249 രൂപയ്ക്ക് യാത്രാ ഇൻഷുറൻസ് ആയുഷ്മാൻ വാങ്ങുന്നത്. വിമാനം മൂന്ന് മണിക്കൂർ വൈകിയതിനെ തുടര്‍ന്ന് ആപ്പ് ഉപയോഗിച്ച് ക്ലെയിം നടത്താൻ ശ്രമിച്ചെങ്കിലും ഒരു വഴിയും കണ്ടെത്താനായില്ല. കസ്റ്റമർ കെയറിലേക്ക് 20 മിനിറ്റ് നീണ്ടു നിന്ന കോളിന് ശേഷം പോളിസി കൈകാര്യം ചെയ്യുന്നത് ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് സ്ഥാപനമാണെന്ന് അറിയിച്ചു. കൂടുതൽ നിർദ്ദേശങ്ങൾക്കായി ഇമെയിൽ പരിശോധിക്കാനും ആവശ്യപ്പെട്ടു.
ഇമെയിലിൽ നിന്ന് ഒരു വെബ് പോർട്ടലിലേക്കാണ് നയിക്കപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് സൃഷ്ടിച്ചതിനുശേഷവും ക്ലെയിം ഉന്നയിക്കാനുളള മാർഗം കണ്ടെത്താനായില്ല. രണ്ടാമതും കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട് 30 മിനിറ്റ് സംസാരിക്കേണ്ടി വന്നു. ക്ലെയിം സംബന്ധിച്ച് മൂന്ന് ആഴ്ചകൾക്കുളളില്‍ ആറ് വ്യത്യസ്ത ആളുകളുമായി സംസാരിച്ചതായും അഞ്ചിലധികം പോർട്ടലുകൾ സന്ദർശിച്ചതായും ആയുഷ്മാൻ പറഞ്ഞു.
സങ്കീർണമായ പ്രക്രിയ കാരണം ചെറിയ ക്ലെയിമുകൾ ഉപേക്ഷിക്കുന്ന ഉപയോക്താക്കളിൽ നിന്നാണ് ഇൻഷുറൻസ് കമ്പനികൾ ലാഭം നേടുന്നതെന്നും ആയുഷ്മാൻ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഇത്തരത്തില്‍ ചെറിയ ക്ലെയിമുകൾ ഉപേക്ഷിക്കുമ്പോൾ, അത് ഇൻഷുറൻസ് കമ്പനികൾക്ക് വലിയ ലാഭമാണ്. സുരക്ഷ കണക്കിലെടുത്തും മനസമാധാനത്തിനായും താൻ വാങ്ങിയ ഇൻഷുറൻസ് ആഴ്ചകളോളം നീണ്ട പ്രക്രിയയിലൂടെ നിരാശയാണ് സമ്മാനിച്ചതെന്നും ആയുഷ്മാൻ പറയുന്നു.
Startup founder shares frustrating three-week struggle to claim ₹3,000 from a ₹249 flight insurance policy after flight delay.
Read DhanamOnline in English
Subscribe to Dhanam Magazine