‘ഇത് ലാസ്റ്റ് ചാൻസ്’: ആർബിഐയോട് സുപ്രീംകോടതി

വാർഷിക ബാങ്ക് പരിശോധനാ റിപ്പോർട്ടുകളും മനഃപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ (wilful defaulters) പട്ടികയും വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസർവ് ബാങ്കിനോട് സുപ്രീം കോടതിയുടെ അന്ത്യശാസനം. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

ആർടിഐയിൽ ഉന്നയിക്കുന്ന വിഷയം വിവരാവകാശ നിയമത്തിന്റെ പരിധിയ്ക്ക് പുറത്താണെന്നുള്ള നയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ആർബിഐ.

നയം പുനപരിശോധിക്കാൻ റിസർവ് ബാങ്കിന് അവസാന അവസരം നൽകുകയാണെന്നും ലംഘനങ്ങളുണ്ടായാൽ വിഷയം ഗൗരവതരമായ കോടതിയക്ഷ്യമായി കണക്കാക്കേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവരാവകാശ പ്രവർത്തകരായ സുഭാഷ് ചന്ദ്ര അഗ്രവാൾ, ഗിരീഷ് മിത്തൽ എന്നിവരാണ് ആർബിഐയ്ക്കെതിരെ ഹർജി നൽകിയത്.

വിവരാവകാശ നിയമപ്രകാരം വാർ‌ഷിക റിപ്പോർട്ട് പുറത്തുവിടാത്ത നടപടിക്കെതിരെ സുപ്രീംകോടതി ജനുവരിയിൽ റിസർ‌വ് ബാങ്കിന് കോടതിയലക്ഷ്യത്തിനു നോട്ടിസ് അയച്ചിരുന്നു. 2015-ലെ വിധിയുടെ ലംഘനമാണ് ആർബിഐയുടെ നയമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിൽ 2011 ഏപ്രിൽ മുതൽ 2015 ഡിസംബർ വരെ നടത്തിയ പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ ആർടിഐ പരിധിക്ക് പുറത്താണിതെന്ന് കാട്ടി വിവരങ്ങൾ കൈമാറാൻ ആർബിഐ വിസമ്മതിക്കുകയായിരുന്നു.

Related Articles
Next Story
Videos
Share it