
പ്രതികൂലമായ ആഗോള സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നത് പലിശ നയത്തില്‍ കാലതായ മാറ്റം വരുത്തി സ്വിസ് ബാങ്ക്. വാണിജ്യ ബാങ്കുകള്‍ക്ക് പലിശ ഇല്ലാതെ വായ്പ നല്‍കാനാണ് സ്വിസ് നാഷണല്‍ ബാങ്കിന്റെ പണനയ സമിതി തീരുമാനിച്ചത്. ഇതോടെ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശക്ക് ജനങ്ങള്‍ക്ക് വായ്പ ലഭിക്കും. അമേരിക്കയുടെ പുതിയ അധിക നികുതികള്‍ക്കെതിരെ പിടിച്ചു നില്‍ക്കാനും ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനും രാജ്യത്തെ പണശോഷണത്തെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടാണ് സ്വിസ് ബാങ്കിന്റെ നീക്കം. നാഷണല്‍ ബാങ്കിന്റെ പലിശ നിരക്ക് മൈനസ് പോയിന്റിലേക്ക് കുറച്ചേക്കുമെന്നും സൂചനകളുണ്ട്.
ബാങ്കുകളില്‍ പലിശ കുറയുന്നതോടെ വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും ഗുണകരമാകുമെന്നാണ് നിഗമനം. ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍ എന്നിവക്ക് ഇനി കുറഞ്ഞ പലിശയാകും ബാങ്കുകള്‍ ഈടാക്കുക. നിലവിലുള്ള വായ്പകള്‍ക്കും പലിശ നിരക്ക് കുറയും. പ്രതിസന്ധിയില്‍ തുടരുന്ന കമ്പനികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കുള്ള പലിശയും ഇതിനൊപ്പം കുറയുമെന്നതിനാല്‍ നിക്ഷേപങ്ങള്‍ മറ്റു മാര്‍ഗങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്. ഓഹരി വിപണി ഉള്‍പ്പടെയുള്ള ബാങ്ക് ഇതര മേഖലകളിലേക്കാകും നിക്ഷേപങ്ങള്‍ വഴിമാറുകയെന്നാണ് സ്വിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകള്‍ പുതിയ നയത്തിന്റെ ഗുണഭോക്താക്കളാകും.
വായ്പക്ക് ആവശ്യക്കാര്‍ കൂടുകയും നിക്ഷേപം കുറയുകയും ചെയ്യുന്നത് ബാങ്കുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം. രാജ്യത്തിന്റെ കറന്‍സിയായ ഫ്രാങ്കിന് മൂല്യശേഷണം സംഭവിക്കുമ്പോള്‍ കയറ്റുമതി മേഖലക്ക് ഗുണകരമായി മാറും. സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനുള്ള സ്വിസ് ബാങ്കിന്റെ നയം ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് സ്വിറ്റ്‌സര്‍ലന്റിന് വിദേശനാണ്യം നേടികൊടുക്കാന്‍ സഹായിക്കുന്നതാണെന്ന വിലയിരുത്തലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine