

സ്ഥിര നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് എത് ബാങ്കാണ്? സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്ന എല്ലാ നിക്ഷേപകരുടെയും ഒരു പ്രധാന ചോദ്യമിതാണ്. കാരണം പലിശ നിരക്കില്‍ വെറും കാല്‍ ശതമാനം വ്യത്യാസമുണ്ടായാല്‍ പോലും അതു നിക്ഷേപത്തിലുണ്ടാക്കുന്ന മാറ്റം അത്ര വലുതാണ്.
സ്ഥിരവും സുരക്ഷിതവുമായ നേട്ടം ഉറപ്പു നല്‍കുന്നതുകൊണ്ടാണ് പല നിക്ഷേപകരും ഇപ്പോഴും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നത്. പ്രത്യേകിച്ചും ദീര്‍ഘകാലയളവുകളിലേക്ക് നിക്ഷേപം നടത്തുന്നവര്‍ നേട്ടത്തെക്കാള്‍ പണത്തിന്റെ സുരക്ഷിതത്വത്തിനാകും കൂടുതല്‍ താത്പര്യം കാണിക്കുക. അഞ്ച് വര്‍ഷക്കാലയളവില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ നോക്കായാലോ?
അഞ്ച് വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അര ശതമാനം അധികം പലിശ ലഭിച്ചാല്‍ 12,500 രൂപയാണ് ഈ കാലയളവില്‍ കൂടുതലായി ലഭിക്കുന്നത്. നിക്ഷേപ തുക 10 ലക്ഷമായാല്‍ അര ശതമാനം നേട്ടം എന്നു പറയുന്നത് 25,000 രൂപയായും ഉയരും. അതുകൊണ്ട് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് നിക്ഷേപം നടത്തുന്നതാണ് ഉചിതം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധികം പലിശ ലഭിക്കും. അതായ്ത 7.5 ശതമാനം.
മറ്റൊരു സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കും സമാനമായ പലിശ നിരക്കാണ് അഞ്ച് വര്‍ഷകാലയളവില്‍ നല്‍കുന്നത്.
ഫെഡറല്‍ ബാങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനം പലിശ ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനം പലിശ കിട്ടും.
പൊതുമേഖല ബാങ്കുകളെടുത്താല്‍ ബാങ്ക് ഓഫ് ബറോഡയാണ് അഞ്ച് വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്. സാധാരണ പൗരന്മാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4 ശതമാനവുമാണ് പലിശ.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സാധാരണ പൗരന്മാര്‍ക്ക് 6.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധികവും നല്‍കുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.5 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധികം പലിശയും ലഭിക്കും. എസ്.ബി.ഐ വി-കെയര്‍ ഡെപ്പോസിറ്റ് സ്‌കീം പ്രകാരമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine