ജൂലൈ ഒന്നുമുതൽ വരുന്നു ഈ മാറ്റങ്ങൾ
ജൂലൈ ഒന്നുമുതൽ സാമ്പത്തിക രംഗത്ത് വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ബാങ്കിങ്-ധനകാര്യ- സേവന രംഗങ്ങളിലാണ് ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾ
ആർടിജിഎസ്, നെഫ്റ്റ് പേയ്മെന്റുകൾക്ക് ബാങ്കുകളുടെ പക്കൽ നിന്ന് ഈടാക്കിയിരുന്ന അധിക ചാർജ് ആർബിഐ എടുത്തുകളഞ്ഞിരുന്നു. ആ തീരുമാനം ജൂലൈ ഒന്നുമുതൽ നടപ്പിലാകും. പകരം ഉപഭോക്താക്കളിൽ നിന്ന് ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന ഫീസ് ബാങ്കുകൾ കുറയ്ക്കും.
ഏവിയേഷൻ സെക്യൂരിറ്റി ഫീസ് കൂട്ടും
വിമാനയാത്രികരിൽ നിന്ന് ഈടാക്കുന്ന ഏവിയേഷൻ സെക്യൂരിറ്റി ഫീസ് (ASF) ഇന്നുമുതൽ കൂട്ടും. 130 രൂപയിൽ നിന്ന് 150 രൂപയാക്കിയാണ് വർധിപ്പിക്കുക. അതുകൊണ്ടു തന്നെ യാത്രാച്ചെലവിലും ചെറിയ വർധന പ്രകടമാകും. അന്തരാഷ്ട്ര വിമാന യാത്രക്കാർക്ക് അടുത്ത മാസം മുതലാണ് വർധനവ് (3.25 ഡോളറിൽ നിന്ന് 4.85 ഡോളർ) നിലവിൽ വരിക.
എസ്ബിഐയുടെ റിപ്പോ-ലിങ്ക്ഡ് ഹോം ലോൺ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ-ലിങ്ക്ഡ് ഹോം ലോൺ ഇന്നുമുതൽ ലഭ്യമാകും. റിപ്പോ-ലിങ്ക്ഡ് ഭവന വായ്പയുടെ പലിശ നിരക്ക് റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വരുത്തുന്ന മാറ്റങ്ങൾ ഭവന വായ്പയുടെ പലിശയിലും പ്രതിഫലിക്കും.
റീറ്റെയ്ൽ നിക്ഷേപകർക്കുള്ള യുപിഐ രണ്ടാം ഭാഗം
റീറ്റെയ്ൽ നിക്ഷേപകർക്ക് ഓഹരി വാങ്ങാൻ പുതിയ പേയ്മെന്റ് സംവിധാനം ഒരുക്കുന്ന യുപിഐ ഫേസ് II ഇന്നുമുതൽ നിലവിൽ വരും. ഇതോടെ ഇപ്പോൾ നിലവിലുള്ള ബിഡ്-കം-ആപ്ലിക്കേഷൻ ഫോം, SCSB സംവിധാനങ്ങൾ ഇല്ലാതാകും.
പുതിയ പാക്കേജിങ് ചട്ടങ്ങൾ
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) യുടെ പുതിയ പാക്കേജിങ്, ലേബലിംഗ് ചട്ടങ്ങൾ ഇന്നുമുതൽ നിലവിൽ വരും. ന്യൂസ് പേപ്പർ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് എന്നിവ ഭക്ഷണം പാക്ക് ചെയ്യാനോ പൊതിയാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വേണ്ടി ഉപയോഗിക്കാൻ പാടില്ല. വിഷമയമായ മഷി, ഡൈ എന്നിവ ഭക്ഷണവുമായി കലരാനുള്ള സാധ്യത കണക്കിലെടുത്താണ് ന്യൂസ് പേപ്പറിന്റെ ഉപയോഗം നിരോധിക്കുന്നത്. എഫ്എസ്എസ്എഐ നിർദേശിക്കുന്ന നിലവാരത്തിലുള്ള വസ്‌തുക്കള്‍ മാത്രമേ പാക്കേജിങ്, സ്റ്റോറിങ് എന്നിവയ്ക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ന്യൂട്രീഷൻ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. വ്യാജ വിവരങ്ങൾ ലേബലിൽ നൽകിയാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.