

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് ഗൗരവകരമായ ഒരു സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ബാങ്കുകളുടെ 'ലോണ്‍-ടു-ഡിപ്പോസിറ്റ് റേഷ്യോ' (LDR) അഥവാ വായ്പാ-നിക്ഷേപം അനുപാതം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 81.6 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു.
ഒരു ബാങ്കില്‍ എത്തുന്ന നിക്ഷേപത്തില്‍ (Deposit) എത്ര ശതമാനം വായ്പയായി (Loan) നല്‍കുന്നു എന്നതിന്റെ കണക്കാണ് എല്‍.ഡി.ആര്‍. ഈ അനുപാതം ഉയരുന്നത് വായ്പകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടെന്നതിന്റെ സൂചനയാണെങ്കിലും, 80 ശതമാനത്തിന് മുകളിലേക്ക് പോകുന്നത് ബാങ്കുകളുടെ കൈവശം പണമില്ലാത്ത (Liquidity tight) അവസ്ഥയുണ്ടാക്കും.
2024-25 സാമ്പത്തിക വര്‍ഷത്തിലെ മന്ദതയ്ക്ക് ശേഷം വായ്പാ വിതരണത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായി. ഓട്ടോ ലോണുകള്‍, പേഴ്‌സണല്‍ ലോണുകള്‍, ഗോള്‍ഡ് ലോണ്‍, എംഎസ്എംഇ (MSME) വായ്പകള്‍ എന്നിവയിലെ വര്‍ധന ഇതിന് കാരണമായി. ജിഎസ്ടി നിരക്ക് കുറച്ചതും ഉത്സവകാല ഡിമാന്‍ഡും വായ്പകള്‍ കൂടാന്‍ സഹായിച്ചു.
അതേസമയം, വായ്പകള്‍ വര്‍ധിക്കുമ്പോഴും ബാങ്ക് നിക്ഷേപങ്ങളുടെ വളര്‍ച്ച ഒറ്റയക്കത്തിലേക്ക്് താഴ്ന്നു. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കുന്നതിന് പകരം സാധാരണക്കാര്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്കും ഓഹരി വിപണിയിലേക്കും വലിയ തോതില്‍ പണം മാറ്റുന്നതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എല്‍ഡിആര്‍ 2025 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 99.5 ശതമാനത്തിലെത്തി. അതായത് ബാങ്കിലെത്തുന്ന നിക്ഷേപത്തിന് തുല്യമായ തുക വായ്പയായി നല്‍കുന്നു എന്നര്‍ത്ഥം. ബിസിനസ് വളര്‍ച്ചയുണ്ടെങ്കിലും ഉയര്‍ന്ന എല്‍ഡിആര്‍ കാരണം ബാങ്കിന്റെ ഓഹരി വിലയില്‍ സമ്മര്‍ദ്ദം പ്രകടമാണ്. മറ്റ് പ്രമുഖ ബാങ്കുകളും സമാനമായ വെല്ലുവിളി നേരിടുന്നു. മൂന്നാം പാദത്തിലെ റിപ്പോര്‍ട്ടുകളനുസരിച്ച് യെസ് ബാങ്കിന്റെ എല്‍.ഡി.ആര്‍ അനുപാതം 88 ശതമാനവും ബാങ്ക് ഓഫ് ഇന്ത്യയുടേത് 83.4 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേത് 83.2 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്കിന്റേത് 74.2 ശതമാനവുമാണ്.
ഉയര്‍ന്ന എല്‍.ഡി.ആര്‍ അനുപാതത്തിന്റെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ (FD) പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരായേക്കാം. ഇതു വഴി കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനാകും. ബാങ്കിന്റെ കൈവശം പണം കുറയുന്നതോടെ വായ്പകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും ഇടവരും. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതും വായ്പ നല്‍കാന്‍ പണമില്ലാത്തതും ബാങ്കുകളുടെ അറ്റ പലിശ വരുമാനത്തെ (NIM) ബാധിക്കുകയും ചെയ്യും.
നിലവില്‍ വലിയൊരു പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് കരുതല്‍ ധനശേഖരമുണ്ട് (SLR buffers). കൂടാതെ, ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) നിയമങ്ങളില്‍ ഇളവ് വരുന്നത് ബാങ്കുകള്‍ക്ക് ആശ്വാസമാകും. എങ്കിലും, ബാങ്കിംഗ് മേഖലയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ മാറ്റങ്ങളെ നയരൂപകര്‍ത്താക്കള്‍ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
Rising loan-deposit ratios signal liquidity strain in Indian banks amid investor shift to stock markets.
Read DhanamOnline in English
Subscribe to Dhanam Magazine