വീണ്ടും ബാങ്ക് ലയനം? 4 പൊതുമേഖലാ ബാങ്കുകള്‍ കൂടി 'അജന്‍ഡ'യില്‍

വിശദീകരണവുമായി ധനമന്ത്രാലയം; കേന്ദ്ര ലക്ഷ്യം സ്വകാര്യവത്കരണമോ?
Bank of Maharashtra, Nirmala Sitharaman
Image : Nirmala Sitharaman/FB 
Published on

ഒരിടവേളയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊതുമേഖലാ ബാങ്ക് ലയന നടപടികളിലേക്ക് കടക്കുന്നതായി സൂചന. പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ സമിതി കഴിഞ്ഞദിവസം പുറത്തുവിട്ട അജന്‍ഡയാണ് ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത്.

ലയനനാന്തര നടപടികള്‍ 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം ചര്‍ച്ച ചെയ്യാന്‍ 4 ബാങ്കുകളുടെ പ്രതിനിധികളുമായി സമിതി അംഗങ്ങള്‍ വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നാണ് അജന്‍ഡയിലുള്ളത്.

ബാങ്കുകള്‍ ഇവ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ജനുവരി രണ്ടിനും ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളുമായി ജനുവരി 6നും ഗോവയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് അജന്‍ഡയിലുള്ളത്.

ഇതോടെയാണ് യൂകോ ബാങ്കും യൂണിയന്‍ ബാങ്കും തമ്മിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ലയിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകളുണ്ടായത്.

വിശദീകരണവുമായി കേന്ദ്രം

അതേസമയം, ലയനം സംബന്ധിച്ച് ഉയരുന്നത് ആഭ്യൂഹങ്ങള്‍ മാത്രമാണെന്ന വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തി. പാര്‍ലമെന്ററി സമിതിക്ക് ബാങ്കിംഗ് ലയനം സംബന്ധിച്ച നയരൂപീകരണങ്ങളില്‍ പങ്കൊന്നുമില്ലെന്നും രണ്ടുദിവസമായി ഗോവയില്‍ സംഘടിപ്പിക്കുന്ന സമിതിയുടെ ചര്‍ച്ചകള്‍ അനൗദ്യോഗികം മാത്രമാണെന്നും അജന്‍ഡയില്‍ 'ലയനം' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയത്.

മോദി വന്നപ്പോള്‍ 27, ഇപ്പോള്‍ വെറും 12

2017ല്‍ പൊതുമേഖലയില്‍ 27 ബാങ്കുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇപ്പോള്‍ 12 എണ്ണം മാത്രം. 2017 ഏപ്രിലിലാണ് തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT/എസ്.ബി.ടി) അടക്കം 5 അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും കേന്ദ്രം മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് 2019 ഏപ്രിലില്‍ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു.

2020 ഏപ്രില്‍ ഒന്നിനാകട്ടെ രാജ്യം സാക്ഷിയായത് മെഗാ ബാങ്ക് ലയനത്തിനായിരുന്നു. 10 ബാങ്കുകളെയാണ് ലയിപ്പിച്ച് കേന്ദ്രം 4 വലിയ ബാങ്കുകളാക്കിയത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലുമാണ് ലയിച്ചത്. ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ യൂണിയന്‍ ബാങ്കിലും ലയിപ്പിച്ചു.

4-ാം ലയനനീക്കം, സ്വകാര്യവത്കരണത്തിന്റെ ചുവടുവയ്‌പ്പോ?

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും ബാങ്കിംഗ് ലയനത്തിലേക്ക് കടക്കുകയാണെങ്കില്‍, അത് അദ്ദേഹത്തിന് കീഴിലെ 4-ാമത്തെ പൊതുമേഖലാ ബാങ്കിംഗ് ലയനമായിരിക്കും. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് പേരെടുത്ത് പറയാതെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021-22ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

അനുകൂല സാഹചര്യമില്ലാതിരുന്നതിനാല്‍ പ്രാരംഭ നടപടികള്‍ ഇപ്പോഴും നീളുകയാണെങ്കിലും സ്വകാര്യവത്കരണം ഉറപ്പായും ഉണ്ടാകുമെന്ന് നിര്‍മ്മല വ്യക്തമാക്കിയിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചനകള്‍.

10ല്‍ താഴെ ബാങ്കുകള്‍ മതി!

രാജ്യത്ത് പൊതുമേഖലയില്‍ 10ല്‍ താഴെ ബാങ്കുകള്‍ മാത്രം മതിയെന്നാണ് കേന്ദ്രനിലപാട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായമായി കേന്ദ്രം നേരത്തേ ഭീമമായ തുകകള്‍ അനുവദിച്ചിരുന്നു. ഈ ബാധ്യത ഒഴിവാക്കുക, ബാങ്കുകളുടെ ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലയന, സ്വകാര്യവത്കരണ നീക്കങ്ങളിലൂടെ കേന്ദ്രം ഉന്നമിടുന്നത്.

കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പന നടപടികളും പുരോഗമിക്കുകയാണ്. ഇതിന് പുറമേ, പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനും കേന്ദ്രം ശ്രമിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇവ സംബന്ധിച്ച തുടര്‍ നടപടികള്‍ പക്ഷേ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറുന്ന സര്‍ക്കാരിന്റെ നയം അനുസരിച്ച് മാത്രമായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com