യുഎഇ പ്രവാസികള്‍ക്ക് പുതിയ ലൈഫ് ഇന്‍ഷുറന്‍സ്; 35,000 ദിര്‍ഹം കവറേജ്; പ്രീമിയം അറിയാം

നിലവിലുള്ള പ്രവാസി ഭാരതീയ ഭീമ യോജനയില്‍ മറ്റു രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കും അംഗമാകാം
Life Insurance
life insurance schemeImage : Canva
Published on

യുഎഇയിലെ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപ്പാക്കുന്ന പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ കവറേജ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രവാസി ഇന്ത്യക്കാര്‍ക്കായി നടപ്പാക്കി വരുന്ന ജിവന്‍ രക്ഷാ പദ്ധതിയെ യുഎഇ കോണ്‍സുലേറ്റ് വിപുലീകരിച്ചിരിക്കുകയാണ്. യുഎഇയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. കൂടുതല്‍ പ്രവാസികളെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്ക് കൊണ്ടു വരികയെന്നതാണ് ലക്ഷ്യം.

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദുബൈ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ ഓറിയന്റ് ഇന്‍ഷുറന്‍സ്, ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ് എന്നിവരുമായി സഹകരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയുടെ വിപുലീകരിച്ച പതിപ്പാണിത്.

35,000 ദിര്‍ഹം കവറേജ്

പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും 35,000 ദിര്‍ഹത്തിന്റെ (8.3 ലക്ഷം) കവറേജാണ് ലഭിക്കുക. കമ്പനികളുടെ ഇന്‍ഷുറന്‍സ് കവറേജിന് അര്‍ഹതയില്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ കവറേജ് ലഭിക്കും. കമ്പനികളുടെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജോലിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്കോ പരിക്കുകള്‍ക്കോ ആണ് കവറേജ് ലഭിക്കുന്നത്. പുതിയ പദ്ധതി പ്രകാരം സ്വാഭാവിക മരണവും കവറേജില്‍ ഉള്‍പ്പെടും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് 12,000 ദിര്‍ഹവും നല്‍കും. അപകടങ്ങളെ തുടര്‍ന്ന് സ്ഥിരമായ ശാരീരിക വൈകല്യം സംഭവിക്കുന്നവര്‍ക്കും പണം ലഭിക്കും.

കുറഞ്ഞ പ്രീമിയം

32 ദിര്‍ഹമാണ് പോളിസിയുടെ വാര്‍ഷിക പ്രീമിയം. 18 മുതല്‍ 69 വയസു വരെ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുന്നത്. നേരത്തെയുള്ള പദ്ധതിയില്‍ 37 ദിര്‍ഹം മുതല്‍ 70 ദിര്‍ഹം വരെ പ്രീമിയമുള്ള വിവിധ പോളിസികളാണ് ഉള്ളത്. 35,000 ദിര്‍ഹം മുതല്‍ 75,000 ദിര്‍ഹം വരെ കവറേജ് ലഭിക്കുന്നതാണ് ഈ പദ്ധതി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ രജിട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ കഴിയുന്നത്.


പ്രവാസി ഭാരതീയ ഭീമ യോജന

ഇതര വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ നടപ്പാക്കി വരുന്ന പ്രവാസി ഭാരതീയ ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി തുടരുന്നുണ്ട്. അംഗങ്ങളായ പ്രവാസികള്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. അസുഖ ബാധിതരാകുന്നവര്‍ക്ക് ഇന്ത്യയിലും ചികില്‍സക്ക് 25,000 രൂപ ലഭിക്കും. സ്ത്രീ പ്രവാസികള്‍ക്ക് പ്രസവ സംബന്ധമായ ഹോസ്പിറ്റല്‍ ചെലവുകള്‍ക്കും 25,000 രൂപയാണ് കവറേജ്. നികുതി ഉള്‍പ്പെടാതെ 275 രൂപയാണ് ഈ പോളിസിയുടെ പ്രീമിയം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com