അവകാശികളില്ല, ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് ₹42,000 കോടി അനാഥപ്പണം

മുന്തിയപങ്കും പൊതുമേഖലാ ബാങ്കുകളില്‍
cash bundle
Image by Canva
Published on

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തോത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനം വര്‍ധിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വച്ച കണക്കനുസരിച്ച് 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 42,270 കോടി രൂപയുടെ നിക്ഷേപമാണ് അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കിടക്കുന്നത്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം 32,934 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ഉണ്ടായിരുന്നത്.

നിലവില്‍ 36,185 കോടി രൂപയുടെ നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലും 6,087 കോടി രൂപയുടെ നിക്ഷേപങ്ങള്‍ സ്വകാര്യ ബാങ്കുകളിലും കെട്ടികിടക്കുന്നു.

എന്താണ് അവകാശികള്‍ ഇല്ലാത്ത നിക്ഷേപം

10 വര്‍ഷത്തോളമായി ഉപയോഗിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സിനെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ പലരും ക്ലോസ് ചെയ്യാത്തതും മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തതുമാണ് ഇത്തരം നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഈ തുക അതത് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡി.ഇ.എ) എന്ന ഫണ്ടിലേക്ക് മാറ്റാറാണ് പതിവ്.

മരണപ്പെട്ടവരുടെ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ അര്‍ഹരായ അവകാശികള്‍ക്ക് ക്ലെയിം ചെയ്യുന്നതിനായി ബാങ്കുകള്‍ ഈ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്.

പോര്‍ട്ടലും ക്യാംപെയ്‌നും

ഈ തുക ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരാന്‍ ആര്‍.ബി.ഐ ശ്രമം നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകളില്‍ അവകാശപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായി udgam.rbi.org.in എന്ന പോര്‍ട്ടലും ആര്‍.ബി.ഐ അവതരിപ്പിച്ചിട്ടുണ്ട്. തുക തിരിച്ചെടുക്കാനോ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനോ ഉപയോക്താക്കള്‍ക്ക് ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കാനും സഹായിക്കുന്നതാണ് പോര്‍ട്ടല്‍.

ഓരോ ജില്ലയിലെയും അതത് ബാങ്കുകളിലെ ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തിരികെ നല്‍കാനായി കഴിഞ്ഞ ജൂണ്‍ 1 മുതല്‍ 100 ദിവസത്തെ പ്രത്യേക ക്യാംപെയ്‌നും ആര്‍.ബി.ഐ നടത്തിയിരുന്നു. ഇതു വഴി 1,432.68 കോടി രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com