

കടയിൽ ₹10,000യുടെ സാധനം വാങ്ങിയശേഷം ഒറ്റത്തവണ പണം നൽകുന്നതിനു പകരം ₹2,000 വീതമുള്ള അഞ്ച് യു.പി.ഐ ഇടപാടുകൾ നടത്തിയാൽ ഭാവിയിലെ ചാർജ് ഒഴിവാക്കാനാകുമോ? ₹2,000ന് മുകളിലുള്ള യു.പി.ഐ വ്യാപാരി ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായതോടെ ഉപയോക്താക്കൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യമാണിത്.
നിലവിലെ വിജ്ഞാപനപ്രകാരം ₹2,000 വരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് ബാങ്കുകൾക്കും പേമെന്റ് സേവനദാതാക്കൾക്കും നേരിട്ടോ പരോക്ഷമായോ ചാർജ് ഈടാക്കാൻ കഴിയില്ല. പണം അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ഈ സംരക്ഷണം ലഭിക്കും. റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പേമെന്റുകളും ചാർജില്ലാതെ തുടരും.
എന്നാൽ ഇതിനർത്ഥം ₹2,000ന് മുകളിലുള്ള എല്ലാ യു.പി.ഐ ഇടപാടുകൾക്കും ഉടൻ ചാർജ് വന്നുവെന്നല്ല. ഉയർന്ന തുകയുള്ള ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ എം.ഡി.ആർ ഏർപ്പെടുത്താനുള്ള നിയമപരമായ വഴി മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ചാർജ് നടപ്പാക്കണമോ, എത്ര നിരക്കിൽ വേണം, ഏതുതരം വ്യാപാരികൾക്ക് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സാധാരണ ഉപയോക്താക്കളിൽ നിന്ന് യു.പി.ഐ ഇടപാട് ചാർജ് ഈടാക്കില്ല.
സാങ്കേതികമായി ഒരു കടയുടമ സമ്മതിക്കുകയും ബാങ്കിന്റെയും യു.പി.ഐ ആപ്പിന്റെയും ഇടപാട് പരിധി അനുവദിക്കുകയും ചെയ്താൽ ₹10,000, ₹2,000 വീതമുള്ള അഞ്ച് പേമെന്റുകളായി നടത്താൻ ഇപ്പോൾ കഴിയും. ഓരോ ഇടപാടും പ്രത്യേകം രേഖപ്പെടുത്തുന്നതിനാൽ അവ ₹2,000 പരിധിക്കുള്ളിലായിരിക്കും.
എന്നാൽ ഭാവിയിൽ എം.ഡി.ആർ നിലവിൽ വന്നാലും ഇങ്ങനെ പണം വിഭജിക്കേണ്ട ആവശ്യം സാധാരണ ഉപയോക്താവിനുണ്ടാകണമെന്നില്ല. കാരണം എം.ഡി.ആർ ഉപയോക്താവ് ബാങ്കിന് നൽകുന്ന ട്രാൻസാക്ഷൻ ചാർജല്ല. യു.പി.ഐ പേമെന്റ് സ്വീകരിക്കുന്ന വ്യാപാരിയിൽ നിന്ന് ബാങ്കുകളും പേമെന്റ് കമ്പനികളും ഈടാക്കുന്ന സേവന നിരക്കാണ്.
വ്യാപാരി ഈ ചെലവ് സാധനത്തിന്റെ വിലയിൽ ഉൾപ്പെടുത്തുകയോ പ്രത്യേക സൗകര്യ ഫീസായി ഉപയോക്താവിലേക്ക് മാറ്റുകയോ ചെയ്താൽ മാത്രമേ ഉപയോക്താവിന് പരോക്ഷ ബാധ്യതയുണ്ടാകൂ. എന്നാൽ ഉപയോക്താവിൽ നിന്ന് നേരിട്ടോ പരോക്ഷമായോ നിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ അന്തിമ ചട്ടങ്ങളിൽ വ്യക്തമാക്കേണ്ടിവരും.
ഒരേ ബില്ലിന്റെ പണം മനഃപൂർവം ചെറിയ ഇടപാടുകളാക്കി വിഭജിക്കുന്നത് വ്യാപാരി അംഗീകരിക്കണമെന്നുമില്ല. തുടർച്ചയായി ഒരേ ക്യു.ആർ കോഡിലേക്ക് നടത്തുന്ന ഇടപാടുകൾ ബാങ്കുകളുടെയും പേമെന്റ് കമ്പനികളുടെയും തട്ടിപ്പ് കണ്ടെത്തൽ സംവിധാനങ്ങൾ പരിശോധിക്കാനും സാധ്യതയുണ്ട്. കൂടാതെ ദിവസേന നടത്താവുന്ന ഇടപാടുകളുടെ എണ്ണം, ബാങ്ക് നിശ്ചയിച്ച പരിധി എന്നിവയും ബാധകമാണ്. അതിനാൽ ‘അഞ്ചായി വിഭജിക്കൽ’ ഉറപ്പായ ചാർജ് ഒഴിവാക്കൽ മാർഗമായി കാണാനാകില്ല.
സർക്കാർ ഇതുവരെ നൽകിയിട്ടുള്ള ഉറപ്പുകൾ പ്രകാരം:
ഉപയോക്താക്കൾ നടത്തുന്ന യു.പി.ഐ പേമെന്റുകൾക്ക് നേരിട്ട് ചാർജുണ്ടാകില്ല.
വ്യക്തിയിൽനിന്ന് വ്യക്തിയിലേക്കുള്ള എല്ലാ യു.പി.ഐ ഇടപാടുകളും സൗജന്യമായി തുടരും.
എം.ഡി.ആർ വന്നാൽ അത് വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കുള്ള തിരഞ്ഞെടുത്ത ഇടപാടുകൾക്കായിരിക്കും.
ചെറിയ വ്യാപാരികളെയും കുറഞ്ഞ തുകയുള്ള ഇടപാടുകളെയും ഒഴിവാക്കാനാണ് സാധ്യത.
ഭൂരിഭാഗം യു.പി.ഐ ഇടപാടുകളും സൗജന്യമായി തുടരും.
ഉദാഹരണത്തിന് സുഹൃത്തിനോ ബന്ധുവിനോ ₹10,000 അയയ്ക്കുന്നത് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ അഥവാ പി2പി ഇടപാടാണ്. തുക ₹2,000 കടന്നാലും ഇത് സൗജന്യമായി തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വലിയൊരു വ്യാപാര സ്ഥാപനത്തിൽ ₹10,000യുടെ സാധനം വാങ്ങി ക്യു.ആർ കോഡ് വഴി പണമടയ്ക്കുന്നത് പി2എം അഥവാ പേഴ്‌സണ്‍ ടു മർച്ചന്റ് ഇടപാടായതിനാൽ ഭാവിയിലെ എം.ഡി.ആർ ചട്ടത്തിന്റെ പരിധിയിൽ വന്നേക്കാം.
വലിയ വ്യാപാരി ഇടപാടുകൾക്ക് ഏകദേശം 0.4% എം.ഡി.ആർ നിശ്ചയിക്കുന്നതിനെക്കുറിച്ച് എൻ.പി.സി.ഐ, ബാങ്കുകൾ, പേമെന്റ് കമ്പനികൾ എന്നിവ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാൽ നിരക്ക് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ല.
0.4% നിരക്ക് നടപ്പായെന്ന് കരുതിയാൽ ₹10,000യുടെ വ്യാപാരി പേമെന്റിൽ എം.ഡി.ആർ ₹40 ആയിരിക്കും. ഇത് വ്യാപാരി നൽകേണ്ട നിരക്കാണ്. ഈ വരുമാനത്തിന്റെ 40% ബാങ്കുകൾക്കും ശേഷിക്കുന്നത് യു.പി.ഐ ആപ്പുകൾക്കും വ്യാപാരി പേമെന്റ് സേവനദാതാക്കൾക്കുമായി പങ്കിടുന്ന മാതൃകയും ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ട്.
യു.പി.ഐ ഇടപാടുകൾക്ക് 2020 ജനുവരി മുതൽ സീറോ എം.ഡി.ആർ നയമാണ് പിന്തുടരുന്നത്. ഇത് യു.പി.ഐയുടെ അതിവേഗ വളർച്ചയ്ക്ക് സഹായിച്ചെങ്കിലും ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സംവിധാനത്തിന്റെ പ്രവർത്തനച്ചെലവ് വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്.
സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, സെർവർ ശേഷി വർധിപ്പിക്കൽ, സാങ്കേതിക നവീകരണം എന്നിവയ്ക്കുള്ള ചെലവ് ഉയരുന്ന സാഹചര്യത്തിൽ സബ്സിഡിയെ മാത്രം ആശ്രയിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. 2026 ഓഗസ്റ്റിൽ മാത്രം 2,451 കോടി യു.പി.ഐ ഇടപാടുകളിലൂടെ ₹29.82 ലക്ഷം കോടി കൈമാറ്റം ചെയ്യപ്പെട്ടു. ₹2,000ന് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ ചെറിയ വിഹിതമാണെങ്കിലും മൊത്തം ഇടപാട് മൂല്യത്തിന്റെ വലിയൊരു പങ്ക് ഇവയ്ക്കാണ്.
അതിനാൽ ചെറിയ പേമെന്റുകളെയും സാധാരണക്കാരെയും ഒഴിവാക്കി വലിയ വ്യാപാര ഇടപാടുകളിൽനിന്ന് മാത്രം വരുമാനം കണ്ടെത്താനാണ് ഇപ്പോഴത്തെ ആലോചന. അന്തിമ ചട്ടം പുറത്തിറങ്ങുന്നതുവരെ ₹2,000ന് മുകളിലുള്ള യു.പി.ഐ പേമെന്റിന് ചാർജ് നിർബന്ധമാണെന്നോ, അത് ഒഴിവാക്കാൻ പേമെന്റ് വിഭജിക്കണമെന്നോ കരുതേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine