₹2,000 വരെയുള്ള യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കാനാകില്ല; വിജ്ഞാപനവുമായി കേന്ദ്രം

പണം അയയ്ക്കുന്നവരില്‍നിന്നോ സ്വീകരിക്കുന്നവരില്‍നിന്നോ ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും നേരിട്ടോ പരോക്ഷമായോ നിരക്ക് ഈടാക്കരുതെന്നാണ് നിര്‍ദേശം
upi
Image: canva
Published on

2,000 രൂപ വരെയുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്കും പേയ്മെന്റ് സംവിധാന സേവനദാതാക്കള്‍ക്കും നിരക്ക് ഈടാക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. റുപേ (RuPay) ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാര്‍ഗങ്ങളിലൂടെ പണം നല്‍കുന്നവരില്‍നിന്നോ സ്വീകരിക്കുന്നവരില്‍നിന്നോ നേരിട്ടോ പരോക്ഷമായോ ഒരു നിരക്കും ഈടാക്കാന്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് സിസ്റ്റം സേവനദാതാക്കള്‍ക്കും കഴിയില്ല.

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകളെയും റുപേ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകളെയും 'ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറുകിട ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും നിരക്ക് ഈടാക്കാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

വലിയ ഇടപാടുകള്‍ക്ക് നിരക്ക് വരുമോ?

യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ വിജ്ഞാപനം. എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യുപിഐ ഇടപാടുകള്‍ക്കും ഉടന്‍ നിരക്ക് ബാധകമാകുമെന്ന് വിജ്ഞാപനം അര്‍ത്ഥമാക്കുന്നില്ല. ഉയര്‍ന്ന മൂല്യമുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യാപാരി ഇടപാടുകള്‍ക്ക് ഭാവിയില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

യുപിഐ വഴിയുള്ള വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കുള്ള എല്ലാ പണമിടപാടുകളും സൗജന്യമായി തുടരുമെന്നും വ്യാപാരികള്‍ക്ക് പൊതുവായി എംടിആര്‍ ഏര്‍പ്പെടുത്തില്ലെന്നും ധനമന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഭാവിയില്‍ നിരക്ക് ഏര്‍പ്പെടുത്തിയാലും നിശ്ചിത പരിധിക്ക് മുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ബാധകമാകുക. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്കുള്ള നിരക്കോ പ്രാബല്യ തീയതിയോ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com