യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍

എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഐസി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌
യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍
Published on

എന്തിനും ഏതിനും യു.പി.ഐ(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി പണമയയ്ക്കാന്‍ നോക്കിയാല്‍ ഇനി നടക്കില്ല. യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍.

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചതു മുതല്‍ ഇതു വഴിയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപ. കഴിഞ്ഞ മാസത്തില്‍ മാത്രം 14.89 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. ഇപ്പോള്‍ എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ), ഐ.സി.ഐസി തുടങ്ങിയ ബാങ്കുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്.

ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസം

എന്‍.പി.സി.ഐയുടെ നിര്‍ദേശ പ്രകാരം നിലവില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാല്‍ ബാങ്കുകള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിദിനം പരമാവധി 50,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താന്‍ അനുവദിക്കുന്നത്. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകള്‍ അനുവദിക്കും. കാനറാ ബാങ്കിലും പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണ്. 

എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധി ഒരു ലക്ഷം രൂപയാണ്. പുതിയ ഉപഭോക്താക്കളാണെങ്കില്‍ 5,000 രൂപയാണ് അനുവദിക്കുക. ഐ.സി.ഐ.സി.ഐ ഇടപാടുകാര്‍ക്ക് ഒരു ദിവസം 10,000 രൂപവരെ യു.പി.ഐ വഴി വിനിയോഗിക്കാം. ആക്‌സിസ് ബാങ്ക് യു.പി.ഐ പരിധി ഒരു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പരിധി 25,000 രൂപയാണ്. എക്വിറ്റാസ് ബാങ്ക് ഉൾപ്പെടെയുള്ള ചില ചെറുകിട ബാങ്കുകളുടെ പ്രതിദിന പരിധി 25,000 രൂപയാണ്. 

എണ്ണത്തിനും പരിധി

യു.പി.ഐ ഇടപാടുകള്‍ വഴി വിനിയോഗിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതിനൊപ്പം പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എന്‍.പി.സി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. വീണ്ടുമൊരിടപാട് നടത്തണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇതിലും വിവിധ ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ട്.

യു.പി.ഐ ആപ്പുകള്‍

യു.പി.ഐ ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും നിയന്ത്രണമുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ജി-പേ വഴി ആരെങ്കിലും 2,000 രൂപയോ അതില്‍ കൂടുതലോ തുക അഭ്യര്‍ത്ഥിച്ചാല്‍ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോണ്‍ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറില്‍ പുതിയ ഉപയോക്താക്കള്‍ക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com