
മുതിർന്ന ബാങ്കർ കേശവൻ രാമചന്ദ്രനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. റിസ്ക് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിലെ പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജർ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ തമിഴ്നാട് സ്വദേശിയായ കേശവൻ രാമചന്ദ്രന്‍ റെഗുലേഷൻ വകുപ്പിന്റെ (പ്രുഡൻഷ്യൽ റെഗുലേഷൻ ഡിവിഷൻ) മേൽനോട്ടം വഹിക്കുന്നതാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ബാങ്കിംഗ് വ്യവസായത്തിൽ പ്രവർത്തിക്കുകയാണ് അദ്ദേഹം. കറൻസി മാനേജ്മെന്റ്, ബാങ്കിംഗ് , നോൺ-ബാങ്കിംഗ് മേൽനോട്ടം, പരിശീലനം, ഭരണ നിര്‍വഹണം എന്നിവയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. റിസർവ് ബാങ്ക് സ്റ്റാഫ് കോളേജിന്റെ പ്രിൻസിപ്പലായും അഞ്ച് വർഷത്തിലേറെ കാനറ ബാങ്കിന്റെ ബോർഡിൽ സെൻട്രൽ ബാങ്ക് നോമിനിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രണ്ട് വർഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ഓഡിറ്റിംഗ് ആൻഡ് അഷ്വറൻസ് സ്റ്റാൻഡേർഡ്സ് ബോർഡിലും രാമചന്ദ്രൻ ഉണ്ടായിരുന്നു.
ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും എംബിഎയും നേടിയിട്ടുള്ള രാമചന്ദ്രൻ, യു.കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സിൽ (ACCA) നിന്ന് ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് & ഫിനാൻസിന്റെ (IIBF) സർട്ടിഫൈഡ് അസോസിയേറ്റാണ് കേശവൻ രാമചന്ദ്രന്‍.
Veteran banker Kesavan Ramachandran appointed as Executive Director of RBI, overseeing the Regulation Department.
Read DhanamOnline in English
Subscribe to Dhanam Magazine