പ്രവാസി അറിഞ്ഞിരിക്കേണ്ട ഇന്‍ഷുറന്‍സ്, പി.പി.എഫ് വ്യവസ്ഥകള്‍; നികുതിഭാരവും പിഴയും ഒഴിവാക്കാന്‍ വഴികളുണ്ട്

ലൈഫ് ഇന്‍ഷുറന്‍സിനെ അപേക്ഷിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സാധാരണയായി ഇന്ത്യയിലെ ആശുപത്രി കിടത്തി ചികിത്സയ്ക്കാണ്. വിദേശ ചികിത്സ ഉള്‍പ്പെടില്ല
health insurance premium
canva
Published on

വിദേശത്ത് താമസിക്കുന്ന പല ഇന്ത്യക്കാരുടെയും പൊതുവായ സംശയമാണ്: വിദേശ രാജ്യത്തിന്റെ പൗരത്വം (citizenship) എടുത്താല്‍ ഇന്ത്യയില്‍ എടുത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) നിക്ഷേപത്തിനും എന്ത് സംഭവിക്കും? പോളിസികള്‍ സ്വമേധയാ റദ്ദാകുമോ, പണം പിന്‍വലിക്കാമോ, നിക്ഷേപം തുടരാമോ? ധനകാര്യ വിദഗ്ധര്‍ പറയുന്നത്, ഈ രണ്ട് നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിയമങ്ങളാണ് ബാധകമാവുക എന്നാണ്.

ഇന്ത്യയില്‍ താമസിക്കുമ്പോള്‍ എടുത്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിദേശ പൗരത്വം സ്വീകരിച്ചാലും സാധാരണയായി ലാപ്‌സ് ചെയ്യുകയില്ല. പോളിസി എടുത്ത വ്യക്തി പിന്നീട് മറ്റൊരു രാജ്യത്തിന്റെ പൗരനാകുന്നതുകൊണ്ട് മാത്രം ഇന്‍ഷുറന്‍സ് കവറേജ് അവസാനിക്കില്ല. പോളിസി ഉടമ പ്രീമിയം അടക്കുന്ന കാലം ഇന്‍ഷുറന്‍സ് പരിരക്ഷ തുടരും.

ലൈഫ് വേറെ, ഹെല്‍ത്ത് വേറെ

ലൈഫ് ഇന്‍ഷുറന്‍സ് ഗ്ലോബല്‍ റിസ്‌ക് കവറേജ് നല്‍കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ പോളിസി ഉടമയുടെ താമസസ്ഥലം അല്ലെങ്കില്‍ പൗരത്വം സാധാരണയായി കവറേജിനെ ബാധിക്കില്ല. എങ്കിലും വിദഗ്ധര്‍ പറയുന്ന പ്രധാന നിര്‍ദ്ദേശമുണ്ട്. താമസസ്ഥലം അല്ലെങ്കില്‍ പൗരത്വം മാറിയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുക. പോളിസിയിലെ എക്‌സ്‌ക്ലൂഷന്‍ ക്ലോസ് (exclusion clause) പരിശോധിക്കുക.

ലൈഫ് ഇന്‍ഷുറന്‍സിനെ അപേക്ഷിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സാധാരണയായി ഇന്ത്യയിലെ ആശുപത്രി കിടത്തി ചികിത്സയ്ക്കാണ്. വിദേശ ചികിത്സ ഉള്‍പ്പെടില്ല. അതുകൊണ്ട് വിദേശത്തേക്ക് പോകുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് വേണമെന്നതാണ് നിര്‍ദേശം.

പി.പി.എഫ് കാര്യത്തില്‍ നിയമങ്ങള്‍ കര്‍ശനം

ലൈഫ് ഇന്‍ഷുറന്‍സിനേക്കാള്‍ PPF അക്കൗണ്ടിന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിലെ നിയമപ്രകാരം പ്രവാസിക്ക് (NRI) പുതിയ പി.പി.എഫ് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ തുറന്ന പി.പി.എഫ് അക്കൗണ്ട് കാലാവധി എത്തുന്നതു വരെ തുടരാം. അക്കൗണ്ടിന്റെ അടിസ്ഥാന കാലാവധി 15 വര്‍ഷമാണ്. വിദേശ പൗരത്വം നേടിയ ശേഷം കാലാവധി കഴിഞ്ഞാല്‍ അക്കൗണ്ട് നീട്ടാന്‍ സാധിക്കില്ല. കാലാവധി എത്തുമ്പോള്‍ കിട്ടുന്ന തുകക്ക് നികുതിയില്ല. എന്നാല്‍ ഈ തുക പൂര്‍ണമായി വിദേശത്തേക്ക് അയക്കാന്‍ സാധിക്കില്ല. വിദേശ വിനിമയ നിയമ (FEMA)പ്രകാരം ഒരു വര്‍ഷത്തില്‍ പരമാവധി 10 ലക്ഷം ഡോളര്‍ വരെ മാത്രമാണ് കൊണ്ടുപോകാന്‍ അനുവദിക്കുക.

വിദേശവാസം മുന്‍നിര്‍ത്തി പി.പി.എഫ് അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാനും അവസരം ഉണ്ട്. അക്കൗണ്ട് തുറന്ന് 5 വര്‍ഷം കഴിഞ്ഞാല്‍ premature closure അനുവദിക്കും. എന്നാല്‍ ഇതിന് 1% പലിശ കുറവ് (penalty) ബാധകമാകും. ഇതിനുപുറമേ, 6 വര്‍ഷം കഴിഞ്ഞാല്‍ ഭാഗികമായി പണം പിന്‍വലിക്കാം. ഇത് പിഴ ഇല്ലാതെ ചെയ്യാന്‍ കഴിയും. പി.പി.എഫ് അക്കൗണ്ടിലെ പലിശ നികുതി ഒഴിവുള്ളതായതിനാല്‍, കാലാവധിയെത്തുന്നതു വരെയെങ്കിലും അക്കൗണ്ട് നിലനിര്‍ത്തുന്നത് കൂടുതല്‍ ഗുണകരമാകാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com