

വാഹനങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് വിരളമാണ്. നിയമപ്രകാരം നിര്‍ബന്ധമായ വാഹന ഇന്‍ഷുറന്‍സ് ഭൂരിഭാഗം വാഹന ഉടമകളും എടുക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇന്‍ഷുറന്‍സിന്റെ ആവശ്യകതയും സാധ്യതകളും വിശകലനം ചെയ്യാതെയാണ് പലരും പോളിസി എടുക്കുന്നത്. നിയമത്തെ ഭയന്ന് പോളിസി എടുക്കുന്നതിന് പകരം സ്വന്തം വാഹനത്തിന്റെ ഉപയോഗം വിലയിരുത്തി, ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാക്കേജായി ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് അഭികാമ്യം.ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നതിനും ക്ലെയിമുകള്‍ മികച്ച രീതിയില്‍ ലഭിക്കുന്നതിനും ഇത് സഹായിക്കും.
വാഹനം സ്ഥിരമായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങള്‍, സമയം എന്നിവ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലെ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. അപകട സാധ്യത കുറഞ്ഞ സ്ഥലങ്ങളിലാണ് വാഹനം കൂടുതലായി ഉപയോഗിക്കുന്നതെങ്കില്‍ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മതിയാകും. അതേ സമയം, ഹൈറേഞ്ച് പോലുള്ള അപകടകമായ വളവുകളും കയറ്റങ്ങളും ഉള്ള സ്ഥലങ്ങളില്‍ ഫുള്‍കവര്‍ പോളിസി തന്നെ വേണ്ടി വരും. കാര്‍ ഡ്രൈവിംഗിന് ബൈക്കിനേക്കാള്‍ അപകടം കൂടുതലുള്ള സ്ഥലങ്ങളില്‍, കാറിന് ഫുള്‍കവറും ബൈക്കിന് തേര്‍ഡ് പാര്‍ട്ടി പോളിസിയും തെരഞ്ഞെടുക്കാവുന്നതാണ്. സ്ഥിരമായി രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അപകട സാധ്യത കൂടുതലാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഫുള്‍കവര്‍ പോളിസികളാണ് ഉത്തമം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സെങ്കിലും വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാണ്.
ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് സമഗ്രമായ പ്ലാനുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. കാറിന്റെ വലിയ പോളിസികള്‍ക്കൊപ്പം ബൈക്കിന് താരതമ്യേന കുറഞ്ഞ ആഡ് ഓണ്‍ പോളിസികള്‍ തെരഞ്ഞെടുക്കാം. കാറിന്റെ പാര്‍ട്‌സുകള്‍ക്കാണ് ബൈക്കിനേക്കാള്‍ വില കൂടുതല്‍ എന്നതിനാല്‍ കാറുകള്‍ക്ക് ഫുള്‍കവര്‍ പോളിസി എടുക്കുന്നതാണ് അഭികാമ്യം. വാഹനം ഉപയോഗിക്കുന്നവരുടെ ഡ്രൈവിംഗ് സ്വഭാവം, വാഹനത്തിന്റെ പഴക്കം, വില തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.
കാലാവധി കഴിയുന്ന ദിവസം തിരിക്കിട്ട് പോളിസി എടുക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കാം. വാഹന ഇന്‍ഷുറന്‍സ് സ്‌കീമുകളെ കുറിച്ച് സമയമെടുത്ത് പഠിച്ച് ഒരു തീരുമാനത്തിലെത്താം. പ്രീമിയം നിരക്കുകളില്‍ കമ്പനികള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാകും. വാഹനത്തിന്റെ ഉപയോഗം മനസിലാക്കി ആവശ്യമായ കവറേജുകള്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. പ്രകൃതി ദൂരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ അതിന് അനുയോജ്യമായ പോളിസികള്‍ തെരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ നിരക്കുകള്‍ താരതമ്യം ചെയ്യുന്നത് നിങ്ങളുടെ ബജറ്റിന് യോജിക്കുന്ന പോളിസി ലഭിക്കാന്‍ സഹായമാകും.
Read DhanamOnline in English
Subscribe to Dhanam Magazine