ബാങ്ക് അക്കൗണ്ടുണ്ട്, പക്ഷെ ഡെപ്പോസിറ്റില്ല; സ്ത്രീകളുടെ പണമെല്ലാം എവിടെ പോകുന്നു ?

നിക്ഷേപങ്ങള്‍ പരമ്പരാഗത രീതിയില്‍
cash bundle
Image by Canva
Published on

ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും പണം നിക്ഷേപിക്കുന്നില്ല. ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയാണിത്. രാജ്യത്തെ മൊത്തം ബാങ്ക് അക്കൗണ്ടുകളില്‍ മൂന്നിലൊന്ന് സ്ത്രീകളുടേതാണ്. എന്നാല്‍ ബാങ്ക് നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് പോലും സ്ത്രീകള്‍ക്കില്ല. സ്ത്രീകള്‍ക്ക് വരുമാനമില്ലേ? അവര്‍ക്ക് പണം കരുതി വെക്കാന്‍ താല്‍പര്യമില്ലേ? പുരുഷന്‍മാരേക്കാള്‍ പണച്ചെലവ് കൂടുതലാണോ? സ്ത്രീകളുടെ പണമെല്ലാം പിന്നെ എങ്ങോട്ടാണ് പോകുന്നത്? ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) തയ്യാറാക്കിയ 'പുരുഷനും സ്ത്രീയും' സര്‍വേ റിപ്പോര്‍ട്ടിലാണ് ബാങ്ക് നിക്ഷേപങ്ങളിലെ സ്ത്രീ-പുരുഷ അന്തരം വ്യക്തമാകുന്നത്.

മൂന്നിലൊന്ന് അക്കൗണ്ടുകള്‍, അഞ്ചിലൊന്ന് നിക്ഷേപം

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകളുടേതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലുള്ള 260 കോടിയിലേറെ വരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ 92 കോടി അക്കൗണ്ടുകളാണ് (36.4 ശതമാനം) സ്ത്രീകളുടെ പേരിലുള്ളത്. ഇതില്‍ ജോയിന്റ് ഫാമിലി അക്കൗണ്ടുകള്‍, വ്യക്തിഗത, കാര്‍ഷിക, വാണിജ്യ, സംരംഭക, ശമ്പള അക്കൗണ്ടുകളും ഉള്‍പ്പെടും. അതേസമയം മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് (20.8 ശതമാനം) മാത്രമാണ് സ്ത്രീകളുടേത്. സ്ത്രീകളുടെ ബാങ്ക് നിക്ഷേപം നഗരങ്ങളില്‍ കുറവും (16.5 ശതമാനം) ഗ്രാമങ്ങളില്‍ കൂടുതലും (30 ശതമാനം) ആണ്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്കുള്ള അക്കൗണ്ടുകളാണ് എന്നതാണ് നിക്ഷേപം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍, കാര്‍ഷിക ആനുകൂല്യങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍ തുടങ്ങിയ അക്കൗണ്ടുകള്‍ ധാരാളമുണ്ട്. ഇതില്‍ ചെറിയ തുകകള്‍ മാത്രമാണ് എത്തുന്നത്. ഈ പണം വിവിധ ചെലവുകള്‍ക്കായി പിന്‍വലിക്കുന്നതിനാല്‍ നിക്ഷേപമായി മാറുന്നുമില്ല. ഗ്രാമീണ മേഖലയിലാണ് ഇത്തരം അക്കൗണ്ടുകള്‍ കൂടുതലുള്ളത്.

ഏറെയും പരമ്പരാഗത നിക്ഷേപങ്ങള്‍

30 ശതമാനം സ്ത്രീകള്‍ മാത്രമേ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നുള്ളൂവെന്നാണ് 2022 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നത്. സ്ത്രീകളില്‍ പകുതിയിലേറെ പേര്‍ സാമ്പത്തിക കാര്യങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയാത്തവരാണ്. ബാങ്ക് നിക്ഷേപത്തേക്കാള്‍ സ്ത്രീകള്‍ പണം ചിലവിടുന്നത് സ്വര്‍ണ്ണം പോലുള്ള പരമ്പരാഗത നിക്ഷേപങ്ങള്‍ക്കാണ്. സ്വകാര്യ ചിട്ടികളില്‍ പണമിടുന്നവര്‍ ഏറെയുണ്ട്. മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപമുള്ളവര്‍ 14 ശതമാനമാണ്. ക്രിപ്‌റ്റോ, ഓഹരി വിപണികളില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. 75 ശതമാനം സ്ത്രീകളുടെയും പണം നിക്ഷേപിക്കുന്നത് മാതാപിതാക്കളുടെയോ ഭര്‍ത്താവിന്റെയോ ഉപദേശങ്ങള്‍ക്ക് അനുസരിച്ചാണെന്നും ഈ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com