കേരളത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുതിയ നാലു ശാഖകള്‍ ആരംഭിക്കുമെന്ന് യെസ് ബാങ്ക്. സംസ്ഥാനത്ത് നിലവില്‍ 22 ശാഖകളും 22 എടിഎമ്മുകളുമുണ്ട്. സംസ്ഥാനത്ത് മൊത്തം 2.6 ലക്ഷത്തിലേറെ ഇടപാടുകാര്‍ക്കാണ് ബാങ്ക് സേവനം നല്‍കുന്നത്. കൊച്ചിയില്‍ മാത്രം ഒരു ലക്ഷം ഇടപാടുകാരുണ്ട്.
യെസ് ബാങ്കിന്റെ ആകെ നിക്ഷേപങ്ങളില്‍ 2.1 ശതമാനം കേരളത്തില്‍ നിന്നാണെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 73 ശതമാനത്തോളം റീട്ടെയില്‍ വിഭാഗത്തില്‍ നിന്നാണ്. വ്യക്തികളില്‍ നിന്നുള്ള നിക്ഷേപം 2022 ജൂണിനും 2025 ജൂണിനും ഇടയില്‍ 170 ശതമാനം വളര്‍ച്ചയും കൈവരിച്ചു.
കേരളത്തില്‍ നിന്ന് വലിയ തോതില്‍ പ്രവാസികളുള്ളത് കണക്കിലെടുത്ത് നിരവധി സേവനങ്ങളും യെസ് ബാങ്ക് ലഭ്യമാക്കുന്നുണ്ടെന്ന് യെസ് ബാങ്ക് ബിസിനസ് ബാങ്കിംഗ്, റീറ്റെയല്‍ ലയബിലിറ്റീസ് വിഭാഗം കണ്‍ട്രി ഹെഡ് ധീരജ് സാംഘി പറഞ്ഞു.
അമേരിക്കന്‍ ഡോളറില്‍ നാട്ടിലേക്കു പണമയക്കുമ്പോള്‍ സീറോ ഫോറക്‌സ് മാര്‍ക്കപ്പ്, അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ കറന്‍സികള്‍ തമ്മില്‍ വിനിമയം ചെയ്യുന്നതിനു സീറോ ക്രോസ്-കറന്‍സി മാര്‍ക്കപ്പ്, എന്‍ആര്‍ഇ, എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങള്‍ക്കും എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്കും ആകര്‍ഷകമായ പലിശ നിരക്ക്, പ്രത്യേകമായുള്ള റിലേഷന്‍ഷിപ് മാനേജര്‍മാര്‍, സമ്പൂര്‍ണ പിന്തുണ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. ഇതോടൊപ്പം ന്‍.ആര്‍.ഐ ഇടപാടുകാര്‍ക്ക് സേവനം നല്‍കാനായി യുഎഇ റെപ്രസന്റേറ്റീവ് ഓഫിസും പ്രയോജനപ്പെടുത്തുന്നു. വിദേശത്ത് പ്രവാസികള്‍ക്ക് സൗകര്യപ്രദമായ രാജ്യാന്തര സേവനങ്ങള്‍ ആത്മവിശ്വാസത്തോടെ നടത്താന്‍ ഇതു സഹായകമാകുമെന്നാണ് ബാങ്ക് കരുതുന്നത്.
കേരളത്തില്‍ നിന്നുള്ള കയറ്റുമതി സമൂഹത്തിനുള്ള സേവനങ്ങള്‍ ശക്തമാക്കാനും യെസ് ബാങ്ക് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ട്രേഡ് ഫിനാന്‍സ്, ഫോറെക്‌സ്, എംഎസ്എംഇ വായ്പകള്‍ തുടങ്ങിയവയ്ക്കായുള്ള പങ്കാളിത്ത പരിപാടികള്‍ വിവിധ സംഘടനകളുമായി സഹകരിച്ചു കൊച്ചിയില്‍ നടത്തും. ഇതിനു പുറമെ മര്‍ച്ചന്റ് നേവി അംഗങ്ങള്‍ക്കായി പ്രത്യേക സേവനങ്ങളോടെയുള്ള മറൈനര്‍ സേവിങ് അക്കൗണ്ടുകളും ലഭ്യമാക്കുന്നു. പ്രത്യേക പലിശ നിരക്കുകള്‍, ഭവന വായ്പാ ആനുകൂല്യങ്ങള്‍, ഫീസ് ഒഴിവാക്കി നല്‍കല്‍, പ്രത്യേക എന്‍ആര്‍ഐ സേവന ഡെസ്‌ക്ക് തുടങ്ങിയവയും നല്‍കുന്നു.
2025 ജൂണിലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ കേരളത്തിലെ ആസ്തികള്‍ 6,791 കോടി രൂപയും ബാധ്യതകള്‍ 5,673 കോടി രൂപയുമാണ്. ഈ അടിത്തറ കൂടുതല്‍ വിപുലമാക്കാനായി യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ രണ്ടും കോഴിക്കോടും തിരുവനന്തപുരത്തും ഒന്നു വീതവും പുതിയ ശാഖകള്‍ ആരംഭിക്കും. രണ്ടാം നിര, മൂന്നാം നിര പ്രദേശങ്ങളില്‍ കൂടുതല്‍ സേവനം നല്‍കാനുള്ള പ്രതിബദ്ധത കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ നീക്കമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
Yes Bank Expands Presence in Kerala with New Branches and Enhanced NRI Services
Read DhanamOnline in English
Subscribe to Dhanam Magazine