

മൊറട്ടോറിയം പിന്‍വലിക്കപ്പെടുന്നതോടെ എടിഎം, ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും ഇന്ന് വൈകുന്നേരം പുനരാരംഭിക്കുമെന്ന് ഉപഭോക്താക്ക് യെസ് ബാങ്കിന്റെ ഉറപ്പ്. ഇതോടെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുമോയെന്ന ആശങ്കയും ബാങ്കിനുണ്ട്.
കോടിക്കണക്കിനു നിക്ഷേപമുള്ള വലിയ ഇടപാടുകാരുടേതുള്‍പ്പെടെ യെസ് ബാങ്കിന് 2 ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. മോറട്ടോറിയം മാറുന്നതിനു പിന്നാലെയുള്ള മൊത്തം പിന്‍വലിക്കല്‍ 30,000 കോടി രൂപയിലേറെയാകരുതെന്ന മോഹമാണ് മാനേജ്‌മെന്റ്ിനുള്ളത്. അര ലക്ഷം കോടിയിലേറെ പിന്‍വലിക്കപ്പെടുന്നപക്ഷം റിസര്‍വ് ബാങ്ക് വീണ്ടും മൊറട്ടോറിയം കൊണ്ടു വരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപങ്ങളില്‍ കനത്ത പിന്‍വലിക്കല്‍ നടക്കാനിടയുണ്ടെന്ന് എംകെ ആല്‍ഫ പോര്‍ട്ട്ഫോളിയോയുടെ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിന്ധിയിലായ നിരവധി റീട്ടെയില്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ആദ്യ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 6 വരെ എടിഎമ്മുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചിരിക്കുകയാണ്.വൈകുന്നേരം 6 മണിക്ക് ശേഷം എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം ഉണ്ടായിരിക്കുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും നിയുക്ത സിഇഒയുമായ പ്രശാന്ത് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. തിരക്ക് കൂടുതലാണെങ്കില്‍ വാരാന്ത്യങ്ങളിലും ബാങ്ക് ശാഖകള്‍ തുറന്നിരിക്കുമെന്നും കുമാര്‍ പറഞ്ഞു.
നേരത്തെ നടത്തിയിട്ടുള്ളതുപോലെ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് ഭയം ആവശ്യമില്ലെന്നും യെസ് ബാങ്ക് അധികൃതര്‍ വിശദമാക്കി.
മൂന്നിലൊരു ഭാഗം ഉപഭോക്താക്കള്‍ മാത്രമാണ് മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് 50000 രൂപ പിന്‍വലിച്ചത്. പണം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇടപാടുകാര്‍ പ്രതികരിച്ചതെന്നും യെസ് ബാങ്ക് വിശദമാക്കുന്നു. ബാങ്ക് നിക്ഷേപം തികച്ചും സുരക്ഷിതമാണെന്നും വിഷമിക്കേണ്ട കാരണമൊന്നുമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരായി ഫണ്ട് പിന്‍വലിക്കരുതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പെരുകിയ കിട്ടാക്കടത്തിനു പുറമേ മൂലധനം കണ്ടെത്തുന്നതിലെ വീഴ്ചയും ഭരണതലത്തിലെ കെടുകാര്യസ്ഥതയും ചേര്‍ന്നാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലാഴ്ത്തിയത്. മുന്നറിയിപ്പുകള്‍ പരിഗണിച്ച് മുന്നേറുന്നതില്‍ ബാങ്ക് നേതൃത്വം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മൊററ്റോറിയം പ്രഖ്യാപിച്ച് ഭരണം ആര്‍ബിഐ ഏറ്റെടുത്തത്.നിക്ഷേപത്തില്‍ നിന്ന് 50000 രൂപയ്ക്കു മേല്‍ പിന്‍വലിക്കുന്നതിനു നിയന്ത്രണവും ഏര്‍പ്പെടുത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine