ആറ് ശതമാനം പലിശയ്ക്കും നിങ്ങള്‍ക്ക് വായ്പ നേടാം

ഭവന വായ്പയ്ക്ക് പിന്നാലെ കാര്‍ഷിക-കാര്‍ഷിക സംരംഭ വായ്പകളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ബാങ്കുകള്‍
ആറ് ശതമാനം പലിശയ്ക്കും നിങ്ങള്‍ക്ക് വായ്പ നേടാം
Published on

ആറു ശതമാനം പലിശയ്ക്ക് വായ്പ. അടുത്തിടെ വരെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന കുറഞ്ഞ പലിശയായിരുന്നു ഇത്. കോവിഡ് മഹാമാരി വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതങ്ങളുടെ ഫലമാണ്, ഉര്‍വശീശാപം ഉപകാരം പോലെ ലഭിച്ച ഈ പലിശയിളവ്. കഴിഞ്ഞ പത്തു വര്‍ഷമായുള്ള ട്രെന്‍ഡാണ് പലിശ കുറയല്‍ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനൊപ്പം കോവിഡ് കൂടിയായപ്പോള്‍ ബാങ്കുകള്‍ക്ക് പലിശയില്‍ ഗണ്യമായ കുറവ് വരുത്തേണ്ടി വന്നു.

ഭവന വായ്പയുടെ കാര്യത്തിലാണ് പലിശയില്‍ എടുത്തുപറയേണ്ട കുറവ് ആദ്യം അനുഭവപ്പെട്ടത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 6.5 ശതമാനം നിരക്കില്‍ ഭവന വായ്പ നല്‍കുന്നുണ്ട്. പൊതുവെ 7.5 ശതമാനം വരെയാണിപ്പോള്‍ ഭവന വായ്പാ നിരക്ക്. ബിസിനസിനടക്കമുള്ള വായ്പകളുടെയെല്ലാം പലിശ നിരക്കില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്. മുമ്പ് പ്രത്യേക പാക്കേജിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കുകള്‍ കുറഞ്ഞ പലിശ ഈടാക്കിയിരുന്നതെങ്കില്‍ ഇന്ന് പാക്കേജുകളില്ലാതെ തന്നെയാണ് വായ്പ ലഭ്യമാക്കുന്നത്. എച്ച്ഡിഎഫ്സിയും ബാങ്ക് ഓഫ് ബറോഡയും അടക്കമുള്ള ബാങ്കുകളെല്ലാം ഏഴു ശതമാനത്തില്‍ താഴെ പലിശയാണ് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്.

കേരളത്തില്‍ 75 ശാഖകളുള്ള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് ആറു ശതമാനം പലിശയ്ക്ക് കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ ലഭ്യമാക്കി തുടങ്ങിയത്. കാര്‍ഷിക മേഖലയ്ക്ക് പുറമേ മെഷിനറികള്‍ വാങ്ങാനും ആട്, പശു, കോഴി വളര്‍ത്തല്‍ സംരംഭങ്ങള്‍ക്കുമെല്ലാം ഈ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നു. കിസാന്‍ സമൃദ്ധി സ്‌കീം എന്ന പേരിലുള്ള വായ്പയ്ക്ക് നബാര്‍ഡിന്റെ സഹായവും ലഭ്യമാകുന്നുണ്ട്.

'അഞ്ചു വര്‍ഷത്തേക്കാണ് ഈ വായ്പ അനുവദിക്കുന്നത്. ഏഴു വര്‍ഷത്തേക്ക് ആകുമ്പോള്‍ പലിശയില്‍ 3.6 ശതമാനം വര്‍ധന ഉണ്ടാകും. പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ആവശ്യക്കാരുടെ എണ്ണം മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ട്', ബാങ്ക് കാസര്‍കോട് ശാഖ മാനേജരും സെക്രട്ടറി ഇന്‍ ചാര്‍ജുമായ ഉഷാകുമാരി പി കെ പറയുന്നു.

ബിസിനസ് വായ്പയുടെ പലിശയും 13 ശതമാനം വരെയായിരുന്നത് 11 ശതമാനത്തിലെത്തിയിട്ടുണ്ട്.

പലിശ കുറയാനുള്ളകാരണംYou can get a loan at 6% interest

പലിശ കുറയാന്‍ പ്രധാനമായും നാലു കാരണങ്ങള്‍ ഉണ്ടെന്ന് ബാങ്കിംഗ് വിദഗ്ധനും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് മാനേജരുമായ വി കെ ആദര്‍ശ് ചൂണ്ടിക്കാട്ടുന്നു.

1. കുറഞ്ഞ റിപ്പോ നിരക്ക്

നാലു ശതമാനം എന്ന കുറഞ്ഞ റിപ്പോ നിരക്കാണ് (വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്നെടുക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്ക്) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന റിവ്യൂവിലും അതില്‍ മാറ്റമൊന്നും വരുത്തിയില്ല. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നു.

2. ബാങ്കുകള്‍ തമ്മിലുള്ള മത്സരം

അഞ്ചു വര്‍ഷം മുമ്പു വരെ ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്ന നിരക്കിലാണിന്ന് വിവിധ ബാങ്കുകള്‍ ബിസിനസ് വായ്പകള്‍ പോലും നല്‍കുന്നത്. ബിസിനസ് കണ്ടെത്താന്‍ ബാങ്കുകള്‍ തമ്മില്‍ കടുത്ത മത്സരമാണിന്ന്. അതുകൊണ്ടു തന്നെ പലിശ നിരക്കില്‍ പരമാവധി ഇളവുകള്‍ നല്‍കാന്‍ അവര്‍ തയാറാകുന്നു. മുദ്ര വായ്പകള്‍ 7.5 ശതമാനം നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്കുകളുണ്ട്. എംഎസ്എംഇ വായ്പകളും ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന ഭവന വായ്പയിലാണ് ഏറ്റവും കൂടുതല്‍ പലിശയിളവ് എന്നു മാത്രം.

3. പലര്‍ക്കും പല നിരക്ക്

മുമ്പ് ബാങ്കില്‍ വായ്പയെടുക്കാന്‍ എത്തിയിരുന്ന എല്ലാവര്‍ക്കും ബാങ്ക് ഒരേ നിരക്കിലാണ് വായ്പ അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്ന് ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പലിശ നിരക്കും കണക്കാക്കുന്നത്. കൂടിയ സ്‌കോറുള്ള ഇടപാടുകാരന് അവിശ്വസനീയമായ നിരക്കില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുന്നു.

സാമ്പത്തിക അച്ചടക്കം പാലിക്കുകയെന്നതാണ് ഇതിന് വേണ്ടത്. നിസാര കാരണങ്ങളുടെ പേരില്‍ ബാങ്കു ജീവനക്കാരോട് ഉടക്കി വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരുണ്ട്. കേവലം സൗന്ദര്യപ്പിണക്കം മാത്രമാണതെങ്കിലും തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ കാര്യമായി ബാധിക്കുകയും പിന്നീട് കുറഞ്ഞ നിരക്ക് ലഭിക്കുന്നതിനോ അതല്ലെങ്കില്‍ വായ്പ ലഭ്യമാകുന്നതിനു തന്നെയോ അത് തടസ്സമാകുകയും ചെയ്യും.

4. സര്‍ക്കാര്‍ നിര്‍ദ്ദേശം

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ നിരക്കില്‍ എല്ലാത്തരം വായ്പകളും ലഭ്യമാക്കണമെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബേസ് റേറ്റിനൊപ്പം ഒരു ശതമാനത്തില്‍ കവിയാതെ നിരക്ക് നിശ്ചയിക്കണം. പലിശ നിരക്ക് 9 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിക്ഷേപത്തിനുള്ള പലിശയും കുറയുന്നു

സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശ അഞ്ചു ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. അതേസമയം സേവിംഗ്സ് ബാങ്ക് ഇടപാടുകള്‍ക്ക് 2-3 ശതമാനം പലിശയാണ് ലഭിക്കുന്നത്. എസ്ബിഐ 2.7 ശതമാനം പലിശ നല്‍കുമ്പോള്‍ യൂക്കോ ബാങ്ക് നല്‍കുന്നത് 2.5 ശതമാനവും. എന്നാല്‍ സഹകരണ ബാങ്കുകളില്‍ പലതും ഏഴരശതമാനം വരെ പലിശ നിക്ഷേപങ്ങളില്‍ നല്‍കുന്നുമുണ്ട്. അവര്‍ നല്‍കുന്ന വായ്പകളും കൂടിയ നിരക്കിലുള്ളതാണ്. ക്രെഡിറ്റ് സ്‌കോര്‍ പ്രതികൂലമായതിനെ തുടര്‍ന്ന് മറ്റു ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാകാത്തവര്‍ പലപ്പോഴും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. കൂടിയ നിരക്കിലായാലും വായ്പയെടുക്കാന്‍ അതുകൊണ്ടു തന്നെ ഇടപാടുകാര്‍ തയാറാകുന്നു. എന്നാല്‍ മറഞ്ഞിരിക്കുന്ന ചെലവുകളും കൂട്ടുപലിശയുമൊന്നും ഈടാക്കുന്നില്ല എന്നതു കൊണ്ട് മറ്റു ബാങ്കുകള്‍ നല്‍കുന്ന നിരക്ക് മാത്രമേ കൂടിയ പലിശയിലും സഹകരണ ബാങ്കുകളില്‍ ബാധകമാകുന്നുള്ളൂവെന്നാണ് സഹകരണ ബാങ്ക് പ്രതിനിധികള്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com