കടപ്പത്രത്തില്‍ ചില്ലറ നിക്ഷേപം, കെ.വൈ.സി പുതുക്കാന്‍ പ്രത്യേക ക്യാമ്പ്, മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് വിഷയങ്ങള്‍ക്ക് പരിഹാരം... സുപ്രധാന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്

യു.പി.ഐ ഇടപാടുകള്‍ എക്കാലവും സൗജന്യമായി തുടരില്ലെന്നും ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
Sanjay Malhotra, RBI Governor
Sanjay Malhotra, RBI GovernorImage Courtesy: X.com/UpscforAl
Published on

രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (Systematic Investment Plan) അഥവാ എസ്.ഐ.പി (SIP) രീതിയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ഉടന്‍ നിക്ഷേപിക്കാനാകും. റിസര്‍വ് ബാങ്കിന്റെ റിറ്റെയ്ല്‍ ഡയറക്ട് സ്‌കീം (RBI retail direct) വഴി ഇതിന് സൗകര്യമൊരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഇതിനൊപ്പം ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപയോക്തൃ സൗഹൃദവുമാക്കാനും ലക്ഷ്യമിട്ട് ചില സുപ്രധാന നടപടികളും സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയപ്രഖ്യാപനത്തിനിടെയാണ് പുതിയ നിക്ഷേപ പദ്ധതികളും പരിഷ്‌കാരങ്ങളും പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ ഇവയൊക്കെയാണ്.

ട്രഷറി ബില്ലുകളില്‍ എസ്.ഐ.പി നിക്ഷേപം

മ്യൂച്വല്‍ഫണ്ടുകളിലെ എസ്.ഐ.പികള്‍ക്ക് സമാനമായി ചെറുകിട നിക്ഷേപകര്‍ക്ക് ഇനി സര്‍ക്കാരിന്റെ കടപ്പത്രങ്ങളിലും നിക്ഷേപിക്കാം. ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ള റീറ്റെയല്‍ ഡയറക്ട് സ്‌കീം എന്ന പ്ലാറ്റ്‌ഫോം വഴി ഇതിന് സൗകര്യമൊരുക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് ട്രഷറി ബില്ലുകള്‍ (Treasury bills) . സര്‍ക്കാരിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി വിപണിയില്‍ നിന്ന് കടമെടുക്കുന്നതിനാണ് ഇവ പുറത്തിറക്കുന്നത്.

ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗങ്ങളിലൊന്നാണ് ട്രഷറി ബില്ലുകള്‍. ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് ട്രഷറി ബില്ലുകള്‍. ഇവയ്ക്ക് പലിശ വാഗ്ദാനം ചെയ്യുന്നില്ല. നിക്ഷേപകര്‍ക്ക് മൂലധന നേട്ടത്തിന് അവസരം ലഭിക്കും. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ വിവിധ കാലാവധികളില്‍ ടി-ബില്ലുകള്‍ പുറത്തിറക്കാറുണ്ട്.

വീട്ടുപടിക്കല്‍ കെ.വൈ.സി സേവനം

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ, നിരവധി അക്കൗണ്ടുകള്‍ റീ-കെവൈസിക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത് എളുപ്പത്തിലാക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെ പഞ്ചായത്ത് തലത്തില്‍ ബാങ്കുകള്‍ ക്യാമ്പുകള്‍ നടത്തും. ഈ ക്യാമ്പുകള്‍ റീ-കെവൈസി പ്രക്രിയയില്‍ ഉപഭോക്താക്കളെ സഹായിക്കുകയും മൈക്രോ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍, പരാതി പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും നല്‍കുകയും ചെയ്യും. ജനങ്ങളുടെ വീട്ടുപടിക്കല്‍ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ക്ലെയിം പ്രക്രിയ ലഘൂകരിക്കും

മരണമടഞ്ഞ ബാങ്ക് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്കുള്ള തീര്‍പ്പാക്കല്‍ പ്രക്രിയ ഏകീകരിക്കാനുള്ള നടപടികളും റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്നുണ്ട്. അക്കൗണ്ടുകളിലെ പണം, സേഫ് ലോക്കര്‍ നിക്ഷേപം, ബാങ്കിന്റെ പക്കലുള്ള വിവരങ്ങള്‍ എന്നിവ വീണ്ടെടുക്കാനുള്ള നടപടി ലളിതമാക്കും. കുടുംബങ്ങള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതവും കൂടുതല്‍ സൗകര്യപ്രദവുമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മല്‍ഹോത്ര പറഞ്ഞു.

യു.പി.ഐയ്ക്ക് ചാര്‍ജ് വരുമോ

യു.പി.ഐ പേയ്‌മെന്റുകള്‍ എക്കാലത്തും സൗജന്യമായി തുടരില്ലെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം നടത്തിക്കൊണ്ടു പോകുന്നതിന്റെ ഭീമമായ ചെലവുകള്‍ ഭാവിയില്‍ ആരെങ്കിലും വഹിച്ചേ മതിയാകൂ എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ആര് വഹിക്കുന്നുവെന്നതല്ല, ഇത് നിലനിര്‍ത്തുന്നതിന് കൂട്ടായോ ഒറ്റയ്‌ക്കോ ആരെങ്കിലും ഇതിന്റെ ചിലവ് എടുത്തേ പറ്റൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനു മുമ്പും അദ്ദേഹം ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ആദ്യമായി ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ യു.പി.ഐ ഇടപാടുകള്‍ക്ക് പേയ്‌മെന്റ് അഗ്രഗേറ്റര്‍മാരില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com