വിവാദ കളനാശിനി മൂലം കാന്‍സര്‍! ₹13,000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഇന്ത്യയിലടക്കം ഉപയോഗിക്കുന്ന 'റൗണ്ടപ്പ്' എന്ന കളനാശിനിയുടെ നിര്‍മാതാക്കളായ ജര്‍മ്മന്‍ കമ്പനി ബയറിന് (BAYER) ഭീമന്‍ തുക പിഴയിട്ട് കോടതി. കമ്പനിയുടെ കീഴിലെ മൊണ്‍സാന്റോ ബിസിനസ് പുറത്തിറക്കിയ റൗണ്ടപ്പ് കളനാശിനി ഉപയോഗിക്കുന്നത് കാന്‍സറിന് അടക്കം കാരണമാകുമെന്നും എന്നാല്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നുമുള്ള പരാതിയാണ് കോടതി പരിഗണിച്ചത്. കേസ് നല്‍കിയ 4 പേര്‍ക്ക് കമ്പനി 156 കോടി ഡോളര്‍ (ഏകദേശം 13,000 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് അമേരിക്കയിലെ കോള്‍ കൗണ്ടി മിസോറി കോടതി ഉത്തരവിട്ടത്.

അശ്രദ്ധ, നിര്‍മാണത്തിലെ അപാകതകള്‍, മുന്നറിയിപ്പ് നല്‍കുന്നതിലെ പരാജയം തുടങ്ങിയ പ്രശ്‌നങ്ങള്‍ കമ്പനിക്കെതിരെ കണ്ടെത്തിയതായും അതിനാല്‍ കമ്പനി വാദികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗുരുതര രോഗങ്ങള്‍ക്ക് സാധ്യത

കമ്പനി പുറത്തിറക്കിയ റൗണ്ടപ്പ് കളനാശിനി വിപണിയില്‍ വളരെ പ്രചാരമുള്ള ഒരു കളനാശിനിയാണ്. റൗണ്ടപ്പിലെ സജീവ ഘടകമായ ഗ്ലൈഫോസേറ്റ് പല രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനി പിന്നാലെയാണ് കമ്പനിക്കെതിരെ ആരോപണങ്ങളുയര്‍ന്നത്. അതേസമയം റൗണ്ടപ്പിലെ ഗ്ലൈഫോസേറ്റും മറ്റ് ഘടകങ്ങളും മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ബയര്‍ പറഞ്ഞു.

മൊണ്‍സാന്റോയുടെ റൗണ്ടപ്പ് കളനാശിനിക്കെതിരെ 2019ലും സമാനമായ ആരോപണം ഉണ്ടാകുകയും കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരികയും ചെയ്തിരുന്നു. 2020ല്‍ തീര്‍പ്പാക്കാത്ത മിക്ക റൗണ്ടപ്പ് കേസുകളും ബയര്‍ തീര്‍പ്പാക്കി. എന്നാല്‍ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം ഏകദേശം 50,000 ക്ലെയിമുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്.

മൊണ്‍സാന്റോയുടെ ഏറ്റെടുക്കല്‍

അമേരിക്കന്‍ അഗ്രോകെമിക്കല്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ബയോടെക്‌നോളജി കമ്പനിയായിരുന്നു മൊണ്‍സാന്റോ. മിസോറി ആസ്ഥാനമായിരുന്ന ഈ കമ്പനിയെ 2018ല്‍ 630 കോടി ഡോളറിന് (52,000 കോടി രൂപ) ജര്‍മ്മനി ആസ്ഥാനമായുള്ള ലൈഫ് സയന്‍സ് കമ്പനിയായ ബയര്‍ ഏറ്റെടുത്തു. വിത്തുകളിലും ജനിതകമാറ്റം വരുത്തിയ വിളകളിലും ബയറിന്റെ ബിസിനസ് വിപുലീകരിക്കുന്നതിനായിരുന്നു ഈ ഏറ്റെടുക്കല്‍.

Related Articles

Next Story

Videos

Share it