ഓണക്കച്ചവടം പൊടിപൊടിക്കുമോ? ₹750 കോടി വില്‍പ്പന പ്രതീക്ഷിച്ച് ബെവ്‌കോ

ഈ ഓണക്കാലത്ത് 50 മുതല്‍ 75 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിച്ച് ബെവ്‌കോ. ഇതിനായി കഴിഞ്ഞ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 9 വരെ 700.60 കോടിയുടെ മദ്യമാണ് വിറ്റത്. ഇക്കുറി 750 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറവില്പന ശാലകളില്‍ ബെവ്‌കോയുടെ നിയന്ത്രണത്തിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ജനപ്രിയ മദ്യമായ ജവാന്‍ റമ്മിന്റെ ലഭ്യത ഉറപ്പാക്കും. ജവാന്റെ പ്രതിദിന ഉത്പാദനം 8,000 കെയ്‌സില്‍ നിന്ന് 12,000 കെയ്‌സായി ഉയര്‍ത്തിയിട്ടുണ്ട്. വൈകാതെ ഇത് 15,000 കെയ്‌സാക്കും.

ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് എട്ടുവരെ 6,751.81 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 5900.22 കോടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,489 കോടിയായിരുന്നു വില്‍പ്പന. 262.81 കോടിയുടെ വര്‍ധന.

വിദേശ മദ്യത്തിന് ദൗര്‍ലഭ്യമുണ്ടാവാതിരിക്കാന്‍ ഒരു മാസത്തേക്ക് സാധാരണ സ്റ്റോക്ക് ചെയ്യുന്നതിന്റെ അമ്പത് ശതമാനം അധികമായി കരുതിവയ്ക്കും. ചില്ലറ വില്പനശാലകളിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.

അവധി നൽകില്ല

ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാനും സംവിധാനം ഒരുക്കും. ഡിജിറ്റല്‍ ഇടപാടില്‍ മുന്നില്‍ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കാനും ബെവ്‌കോ തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല.

ബാങ്ക് അവധിയായ ദിവസങ്ങളില്‍ പ്രതിദിന കളക്ഷന്‍ മൂന്നു മണിക്കു മുമ്പ് വെയ്ര്‍ ഹൗസുകളില്‍ എത്തിക്കണം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസുണ്ടാവില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it