പുതിയ കാര്‍ ക്രാഷ് റേറ്റിംഗ് ഒക്ടോബര്‍ 1 മുതല്‍

ഇന്ത്യയ്ക്ക് സ്വന്തമായൊരു കാര്‍ ക്രാഷ് സുരക്ഷിതത്വ റേറ്റിംഗ് ഒരുങ്ങുന്നു. ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' (Star Rating) നല്‍കുന്ന സംവിധാനമാണ് ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (ബി.എന്‍.സി.എ.പി). കാറുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ബി.എന്‍.സി.എ.പി ഇങ്ങനെ

വാഹനത്തിന്റെ ഘടനാപരമായ സുരക്ഷ, കാറിന്റെ രൂപകല്‍പ്പന കാല്‍നട യാത്രക്കര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണോ, വാഹനത്തിലെ സുരക്ഷാ സാങ്കേതിക വിദ്യകളുടെ പരിശോധന, യാത്ര ചെയ്യുന്നവരുടെ സുരക്ഷ എന്നിവ ഈ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രാഷ് ടെസ്റ്റ് എന്നത് കാറുകള്‍ മനപ്പൂര്‍വ്വം ഇടിപ്പിച്ചുകൊണ്ട് നടത്തുന്ന ഒരു ശാസ്ത്രീയ പരീക്ഷണമാണ്.ഇത് കാര്‍ നിര്‍മ്മാതാക്കളെ അവരുടെ വാഹനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കാനും യഥാര്‍ത്ഥ അപകടങ്ങളില്‍ യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള മെച്ചപ്പെടുത്തലുകള്‍ നടത്താനും സഹായിക്കുന്നു.

കാറുകളുടെ ക്രാഷ് ടെസ്റ്റുകളെ അടിസ്ഥാനമാക്കി 'സ്റ്റാര്‍ റേറ്റിംഗ്' നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ബി.എന്‍.സി.എ.പിയുടെ കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് നടപ്പിലാക്കിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ നിര്‍മ്മാതാക്കളോ ഇറക്കുമതിക്കാരോ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഏജന്‍സിക്ക് ഫോം 70-എയില്‍ ഒരു അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഈ ഏജന്‍സി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS)197 അനുസരിച്ച് അവരുടെ മോട്ടോര്‍ വാഹനത്തിന് സ്റ്റാര്‍ റേറ്റിംഗ് നിശ്ചയിക്കും. വാഹനത്തിന്റെ സ്റ്റാര്‍ റേറ്റിംഗ് നിയുക്ത ഏജന്‍സി പോര്‍ട്ടലില്‍ അപ്ലോഡും ചെയ്യും.

പിന്തുണച്ച് കമ്പനികളും

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ധീരമായ നടപടികളിലൊന്നാണിതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് വേലുസാമി ആര്‍ പറഞ്ഞു. ഇത് സ്വാഗതാര്‍ഹമായ ചുവടുവെപ്പാണെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞു.

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കായി വ്യവസായം മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാന്‍ ഇത്തരം നടപടി നടത്തുന്നത് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വക്താവ് പറഞ്ഞു. ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ, സ്‌കോഡ തുടങ്ങിയ രാജ്യത്തെ പ്രധാന കാര്‍ നിര്‍മ്മാതാക്കളും വരാനിരിക്കുന്ന ഭാരത് എന്‍.സി.എ.പി സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it