

സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും ടാക്‌സി മേഖലയില്‍ നിക്ഷേപകരാകാന്‍ അവസരമൊരുക്കി ഭാരത് ടാക്‌സി (Bharat Taxi). വെറും 500 രൂപ മുടക്കുമുതല്‍ ഉള്ളവര്‍ക്കും കമ്പനിയുടെ സഹ-ഉടമയാകാന്‍ (Co-owner) സാധിക്കുന്ന പുത്തന്‍ നിക്ഷേപ മാതൃകയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന് തുടക്കമിട്ട അമുലിന്റെ (Amul) വിജയഗാഥ പിന്തുടര്‍ന്നാണ് ഈ നീക്കം.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വെറും 50 രൂപ വീതമുള്ള സാധാരണക്കാരുടെ സംഭാവനകളിലൂടെയാണ് 'അമുല്‍' എന്ന പ്രസ്ഥാനം ഇന്നത്തെ 1.25 ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള വമ്പന്‍ സ്ഥാപനമായി വളര്‍ന്നത്. ഇതേ 'സഹകരണ നിക്ഷേപ' (Co-operative investment) രീതിയാണ് ഭാരത് ടാക്‌സിയും പരീക്ഷിക്കുന്നത്.
ഊബര്‍ (Uber), ഓല (Ola) തുടങ്ങിയ ആഗോള ഭീമന്മാര്‍ അടക്കിവാഴുന്ന ടാക്‌സി അഗ്രഗേറ്റര്‍ വിപണിയില്‍, ഒരു സ്വദേശി പ്ലാറ്റ്ഫോം എന്ന നിലയില്‍ കരുത്തുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സഹകരണ മന്ത്രാലയത്തിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരത് ടാക്‌സി എന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം പുറത്തിറക്കിയത്.
വന്‍കിട നിക്ഷേപകര്‍ക്ക് പകരം സാധാരണക്കാരായ ഡ്രൈവര്‍മാരെയും ജനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര സഹകരണമന്ത്രി അമിത് ഷാ വിശദീകരിച്ചിരുന്നു.
500 രൂപ മുതല്‍ നിക്ഷേപിച്ചുകൊണ്ട് ആര്‍ക്കും ഇതില്‍ ഭാഗമാകാം. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കേവലം തൊഴിലാളികള്‍ എന്നതിലുപരി കമ്പനിയുടെ ലാഭവിഹിതം കൂടി ലഭിക്കുന്ന ഉടമസ്ഥാവകാശം ഇത് വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവര്‍മാര്‍ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കു മാത്രമല്ല, അത് സ്വന്തമാക്കുക കൂടി ചെയ്യും എന്ന തത്വത്തിലാണ് പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നതെന്നാണ് അമിത്ഷാ ഡ്രൈവര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വ്യക്തമാക്കിയത്.
ഈ പ്ലാറ്റ്ഫോം അതിന്റെ ലാഭത്തിന്റെ 80 ശതമാനവും ഡ്രൈവര്‍മാര്‍ ഓടിയ കിലോമീറ്ററുകള്‍ക്ക് ആനുപാതികമായി അവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യും. ബാക്കി വരുന്ന 20 ശതമാനം ലാഭം ഒരു സഹകരണ മൂലധനമായി (Cooperative Capital) കമ്പനി മാറ്റിവയ്ക്കും.
'ഭാരത് ടാക്‌സിക്ക് 25 കോടി രൂപ ലാഭം ലഭിച്ചാല്‍ അഞ്ച് കോടി രൂപ ഡ്രൈവര്‍മാരുടെ മൂലധനമായി ഭാരത് ടാക്‌സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. കൂടാതെ ടാക്‌സി എത്ര കിലോമീറ്റര്‍ ഓടി എന്നതിനെ അടിസ്ഥാനമാക്കി 80 ശതമാനം ഡ്രൈവര്‍മാരുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കും. നിലവില്‍ നിശ്ചിത വാടകയാണ് ലഭിക്കുന്നതെങ്കിലും ഡ്രൈവര്‍മാരാണ് ഉടമ എന്നതിനാല്‍ ലാഭത്തിലും ഒരു പങ്കുണ്ടാകും. പക്ഷെ ആദ്യ മൂന്ന് വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വരും'- അമിത് ഷാ പറഞ്ഞു.
എട്ട് പ്രധാന സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഫെബ്രുവരി 5-നാണ് ഭാരത് ടാക്‌സി അവതരിപ്പിച്ചത്. ഇതിനോടകം തന്നെ രണ്ട് മാസത്തെ പൈലറ്റ് റണ്‍ (Pilot Run) കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡല്‍ഹി-എന്‍.സി.ആര്‍, അഹമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം. ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Bharat Taxi introduces an Amul-inspired cooperative model allowing drivers and citizens to become co-owners with a ₹500 investment, sharing 80% of profits.
Read DhanamOnline in English
Subscribe to Dhanam Magazine