സ്വര്‍ണപ്പണയ വിപണിയിലേക്ക് വമ്പന്മാരുടെ പടയോട്ടം: ടാറ്റയ്ക്കും ഗോദ്റെജിനും പിന്നാലെ ആദിത്യ ബിര്‍ള കാപ്പിറ്റലും

റിസര്‍വ് ബാങ്ക് വ്യക്തിഗത വായ്പാ നിബന്ധനകള്‍ കടുപ്പിച്ചതോടെ പണയ വായ്പകളിലേക്ക് വമ്പന്മാരുടെ ശ്രദ്ധ. 3.3 ലക്ഷം കോടിയുടെ വിപണിയില്‍ പലിശപ്പോര് മുറുകുമ്പോള്‍ ഗുണം ഉപഭോക്താക്കള്‍ക്ക്?
സ്വര്‍ണപ്പണയ വിപണിയിലേക്ക് വമ്പന്മാരുടെ പടയോട്ടം: ടാറ്റയ്ക്കും ഗോദ്റെജിനും പിന്നാലെ ആദിത്യ ബിര്‍ള കാപ്പിറ്റലും
Published on

രാജ്യത്തെ സ്വര്‍ണപ്പണയ വിപണിയില്‍ പോരാട്ടം കനക്കുന്നു. പരമ്പരാഗതമായി ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും വാണിരുന്ന സ്വര്‍ണപ്പണയ മേഖലയിലേക്ക് ഇന്ത്യയിലെ മുന്‍നിര കോര്‍പ്പറേറ്റ് ഭീമന്മാര്‍ കൂട്ടത്തോടെ ചുവടുവെക്കുകയാണ്. ടാറ്റയും ഗോദ്റെജും സാന്നിധ്യമറിയിച്ചതിന് പിന്നാലെ, വന്‍ വിപുലീകരണ പദ്ധതികളോടെ ആദിത്യ ബിര്‍ള കാപ്പിറ്റലും രംഗത്തെത്തി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം സ്വര്‍ണപ്പണയ വായ്പകള്‍ക്കായി മാത്രമായി 1,000 പ്രത്യേക ശാഖകള്‍ ആരംഭിക്കാനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലക്ഷ്യം.

വമ്പന്മാരുടെ കടന്നുവരവ് ഇങ്ങനെ

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍.ബി.എഫ്.സി ആയ 'യോഗക്ഷേമം ലോണ്‍സിന്റെ 88.6% ഓഹരികള്‍ കരസ്ഥമാക്കിയാണ് ടാറ്റ വിപണിയിലേക്ക് പ്രവേശിച്ചത്. ഏകദേശം 318 കോടി രൂപ മൂല്യം കണക്കാക്കുന്ന കരാറിലൂടെ 162-ലധികം ശാഖകളും 700 കോടിയിലധികം രൂപയുടെ ആസ്തിയുമുള്ള പ്ലാറ്റ്ഫോം ടാറ്റ സ്വന്തമാക്കി.

കനകദുര്‍ഗ്ഗ ഫിനാന്‍സിന്റെ സ്വര്‍ണ്ണപ്പണയ ബിസിനസ് ഏറ്റെടുത്താണ് ഗോദ്റെജിന്റെ കടന്നുവരവ്. 2031-ഓടെ 5,000 കോടി രൂപയുടെ സ്വര്‍ണപ്പണയ ആസ്തി കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഏറ്റെടുക്കലുകള്‍ക്ക് പകരം സ്വന്തമായി 1,000 എക്‌സ്‌ക്ലൂസീവ് ഗോള്‍ഡ് ലോണ്‍ ബ്രാഞ്ചുകള്‍ സ്ഥാപിച്ച് വിപണി പിടിക്കാനാണ് ആദിത്യ ബിര്‍ള കാപ്പിറ്റലിന്റെ പദ്ധതി.

എന്തുകൊണ്ട് ഈ കോര്‍പ്പറേറ്റ് നീക്കം?

സ്വര്‍ണവിലയിലുണ്ടായ വന്‍ വര്‍ധന മാത്രമല്ല ഈ കോര്‍പ്പറേറ്റ് മാറ്റത്തിന് കാരണം. റിസര്‍വ് ബാങ്ക് അണ്‍സെക്യൂര്‍ഡ് വായ്പകളില്‍ (തൂക്കമില്ലാത്ത വ്യക്തിഗത വായ്പകള്‍) നിയന്ത്രണം കടുപ്പിച്ചതോടെ, സുരക്ഷിതമായ വായ്പാരീതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.

ഈ ഘട്ടത്തില്‍ ഏറ്റവും വേഗത്തില്‍ നല്‍കാനും ഈടായി നല്‍കുന്ന സ്വര്‍ണം പെട്ടെന്ന് പണമാക്കാനും സാധിക്കുമെന്നത് സ്വര്‍ണപ്പണയ മേഖലയെ ആകര്‍ഷകമാക്കുന്നു. 2026 മേയ് മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്വര്‍ണപ്പണയ വായ്പ മൂല്യം 3.3 ലക്ഷം കോടി രൂപ പിന്നിട്ടിട്ടുണ്ട്.

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ പരമ്പരാഗത സ്ഥാപനങ്ങളും ബാങ്കുകളും ഭരിച്ചിരുന്ന സ്വര്‍ണപ്പണയ വിപണിയിലേക്ക് ബിര്‍ളയും ടാറ്റയും ഗോദ്റെജും എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കുറഞ്ഞ പലിശ നിരക്കുകളും മികച്ച സേവനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണപ്പണയ എന്‍.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ വായ്പാ ശേഖരത്തിന്റെ ഭൂരിഭാഗവും (85% ലധികം) സ്വര്‍ണ്ണപ്പണയ മേഖലയില്‍ നിന്നാണ്.

മുത്തൂറ്റ് ഫിനാന്‍സസിന്റെ സ്വര്‍ണ്ണപ്പണയ വായ്പാ മൂല്യം (Gold Loan AUM) ഏകദേശം 1,39,658 കോടി രൂപ മുതല്‍ 1,44,203 കോടി രൂപ വരെയാണ് (സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍).

മണപ്പുറത്തിന്റെ ആകെ വായ്പാ ബിസിനസ്സിന്റെ 80 ശതമാനത്തിലധികവും നിലവില്‍ സ്വര്‍ണ്ണപ്പണയത്തില്‍ നിന്നാണ്. സ്വര്‍ണ്ണപ്പണയ വായ്പാ മൂല്യം (Gold Loan AUM) 54,655 (സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍) കോടിയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com