സ്വര്‍ണ വില കയറുമ്പോഴും പുതിയ ആഭരണ കടകള്‍ തുടങ്ങാന്‍ വമ്പന്‍ വ്യാപാരികള്‍; മുന്നില്‍ കേരള ബ്രാന്‍ഡുകളും

സ്വര്‍ണ വില മേലേക്ക് പോയാലും ആഭരണ ബിസിനസിന് ഒരു കുലുക്കവും ഉണ്ടാവില്ല. അഞ്ചു പ്രമുഖ ആഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് അടുത്ത രണ്ടു-മൂന്ന് വര്‍ഷങ്ങളില്‍ വിവിധ നഗരങ്ങളില്‍ തുറക്കാനൊരുങ്ങുന്നത് 500ല്‍പ്പരം പുതിയ ഷോറൂമുകള്‍.

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഫോക്കസ് എന്ന ബുള്ള്യണ്‍ ഗവേഷണ സ്ഥാപനമാണ് ഇത് സംബന്ധിച്ച വിപണി സര്‍വേ ഫലം പുറത്തുവിട്ടത്. നിലവില്‍ വലിയ ആഭരണ വ്യവസായികളുടെ വിപണി വിഹിതം 37 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
മുന്നില്‍ നയിക്കാന്‍ കേരള ജൂവല്‍റികളും
റിലയന്‍സ് ജൂവല്‍സ്, കല്യാണ്‍ ജൂവലേഴ്സ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ജോയ് ആലൂക്കാസ്, ടൈറ്റാന്‍ എന്നി സ്ഥാപനങ്ങളാണ് കൂടുതല്‍ ആഭരണ ഷോറൂമുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കൂടാതെ ആദിത്യ ബിര്‍ള ഗ്രൂപ്പ് 5,000 കോടി രൂപ ചെലവില്‍ നോവല്‍ ജൂവല്‍സ് എന്ന റീറ്റെയ്ല്‍ സംരംഭവും ആരംഭിക്കുന്നുണ്ട്.
2024-25ല്‍ കല്യാണ്‍ ജൂവലേഴ്സ് 130 ഷോറൂമുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതില്‍ 50 എണ്ണം ക്യാന്‍ഡിയര്‍ ബ്രാന്‍ഡിലായിരിക്കും. കൂടാതെ പശ്ചിമേഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ 6 ഷോറൂമുകളും ആരംഭിക്കുന്നുണ്ട്.
പണം കണ്ടെത്താൻ ഐ.പി.ഒയും

ചെറുകിട ഇടത്തരം സ്വര്‍ണ വ്യാപാരികളും പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് കരുതുന്നു. പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍ക്കും നേട്ടമാകും. ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (IPO) പണം കണ്ടെത്താന്‍ ശ്രമിച്ചേക്കുമെന്ന് വ്യാവസായിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it