ലേയിൽ ലോകത്തെ ഏറ്റവും ഉയരത്തിലുളള റെയിൽവേ സ്റ്റേഷൻ വരുന്നു; ചൈനയെ വെല്ലുന്ന 1.31 ലക്ഷം കോടിയുടെ പദ്ധതിയുടെ പ്രത്യേകതകള്‍ എന്തൊക്കെ?

റെയിൽവേ മന്ത്രാലയം വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അന്തിമ നിർമ്മാണ അനുമതി ലഭിക്കാനുണ്ട്
leh ladakh
Image courtesy: Canva
Published on: 

രാജ്യത്തെ ഹിമാലയൻ അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബിലാസ്പൂരിൽ നിന്ന് ലഡാക്കിലെ ലേയിലേക്ക് 489 കിലോമീറ്റർ നീളമുള്ള 'ബിലാസ്പൂർ-മണാലി-ലെഹ്' റെയിൽവേ പാത നിർമ്മിക്കാൻ പദ്ധതിയുമായി കേന്ദ്രം. 1.31 ലക്ഷം കോടി രൂപ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകർഷണം ലഡാക്കിലെ തംഗ്‌ലാംഗ് ലാ (Tanglang La) പർവതനിരയ്ക്ക് താഴെ 5,256 മീറ്റർ (17,244 അടി) ഉയരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ സ്റ്റേഷനാണ്.

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ ചൈനയിലെ ക്വിങ്ഹായ്-തിബറ്റ് പാതയിലുള്ള 'തംഗ്ഗുല' (Tanggula - 5,068 മീറ്റർ) ആണ്. ഇന്ത്യൻ പദ്ധതി പൂർത്തിയാകുന്നതോടെ ചൈനയുടെ റെക്കോർഡിനേക്കാൾ 188 മീറ്ററോളം കൂടുതൽ ഉയരത്തിൽ ഈ സ്റ്റേഷൻ സ്ഥാനം പിടിക്കും.

പാതയുടെ സവിശേഷതകളും തുരങ്കങ്ങളും

ഹിമാചൽ പ്രദേശിലെയും ലഡാക്കിലെയും പ്രധാന കേന്ദ്രങ്ങളായ ബിലാസ്പൂർ, സുന്ദർനഗർ, മണ്ഡി, മണാലി, സിസ്സു, ദാർച്ച, കെയ്‌ലോങ്, സർച്ചു, പങ്, റുംത്സെ, ഉപ്ഷി, ഖാരു എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ഈ റെയിൽവേ പാത കടന്നുപോകുന്നത്. ആകെ 489 കിലോമീറ്റർ ദൂരത്തിൽ 270 കിലോമീറ്ററോളം പാത തുരങ്കങ്ങളിലൂടെയാണ് (Tunnels) കടന്നുപോകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പാതയുടെ പകുതിയിലധികവും ഭൂഗർഭ പാതയായിരിക്കും. അതികഠിനമായ ശൈത്യകാല കാലാവസ്ഥ, കുത്തനെയുള്ള പർവത ചരിവുകൾ, ഉയർന്ന അന്തരീക്ഷത്തിലെ സങ്കീർണമായ ഭൗമഘടന എന്നിവ അതിജീവിച്ചാണ് ഈ തുരങ്കങ്ങൾ നിർമ്മിക്കേണ്ടത്.

തന്ത്രപ്രധാനമായ പ്രാധാന്യവും നിലവിലെ സ്ഥിതിയും

സാധാരണ യാത്രയ്ക്കപ്പുറം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഈ റെയിൽവേ പാത അത്യന്താപേക്ഷിതമാണ്. നിലവിൽ ലെഹിലേക്കുള്ള ഗതാഗതം പ്രധാനമായും മണാലി-ലേ ഹൈവേയെയും വിമാന സർവീസുകളെയും ആശ്രയിച്ചാണ് നിൽക്കുന്നത്. എന്നാൽ കടുത്ത മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് റോഡ് ഗതാഗതം തടസ്സപ്പെടാറുണ്ട്. റെയിൽവേ പാത യാഥാർത്ഥ്യമാകുന്നതോടെ അതിർത്തി പ്രദേശങ്ങളിലേക്ക് ആവശ്യസാധനങ്ങളും സൈനിക സാമഗ്രികളും തടസമില്ലാതെ എത്തിക്കാൻ സാധിക്കും. റെയിൽവേ മന്ത്രാലയം ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അന്തിമ നിർമ്മാണ അനുമതി ലഭിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```