

രാജ്യത്തെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ റെയ്ഡ്. 10,000ത്തോളം ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായി രാജ്യത്തെ ഗുണനിലവാര നിയന്ത്രണ ഏജന്‍സിയായ ബി.ഐ.എസ് സാമൂഹ്യമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.
അപകടകരമായേക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ബി.ഐ.എസ് എക്‌സില്‍ കുറിച്ചത്.
ഗുഡ്ഗാവ്, ലഖ്നൗ, ഡല്‍ഹി എന്നിവിടങ്ങളിലെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വെയര്‍ഹൗസുകളില്‍ നടത്തിയ റെയ്ഡുകളില്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, കളിപ്പാട്ടങ്ങള്‍, ബ്ലെന്‍ഡറുകള്‍, കുപ്പികള്‍, സ്പീക്കറുകള്‍ എന്നിവയുള്‍പ്പെടെ 7,000-ത്തിലധികം നിലവാരമില്ലാത്ത വസ്തുക്കള്‍ പിടിച്ചെടുത്തു. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഇല്ലാത്തതും 2016 ലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിയമത്തിലെ സെക്ഷന്‍ 17 ലംഘിച്ചതുമായ ഉത്പന്നങ്ങളുമാണിത്.
സര്‍ട്ടിഫിക്കറ്റില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതുമായി നടക്കുന്ന നടപടികളുടെ ഭാഗമായി, തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വെയര്‍ഹൗസുകളിലും ബിഐഎസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ റെയ്ഡ് നടത്തി. ഇ-കൊമേഴ്സ് ഭീമന്മാരില്‍ നിന്ന് 3,600 സര്‍ട്ടിഫിക്കറ്റില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുഗ്രാമിലെ ആമസോണ്‍ വെയര്‍ഹൗസില്‍ നടത്തിയ സമാനമായ ഒരു റെയ്ഡില്‍ ബി.ഐ.എസ് മുദ്രണമില്ലാത്ത 58 അലുമിനിയം ഫോയിലുകള്‍, 34 മെറ്റാലിക് വാട്ടര്‍ ബോട്ടിലുകള്‍, 25 കളിപ്പാട്ടങ്ങള്‍, 20 ഹാന്‍ഡ് ബ്ലെന്‍ഡറുകള്‍, ഏഴ് പോളി വിനൈല്‍ ക്ലോറൈഡ് കേബിള്‍ (പിവിസി) കേബിളുകള്‍, രണ്ട് ഫുഡ് മിക്‌സറുകള്‍, ഒരു സ്പീക്കര്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
അതുപോലെ, ഗുരുഗ്രാമിലെ ഇന്‍സ്റ്റാകാര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ട് വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത 534 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാക്വം-ഇന്‍സുലേറ്റഡ് കുപ്പികള്‍, 134 കളിപ്പാട്ടങ്ങള്‍, 41 സ്പീക്കറുകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.
ഡിജിസ്മാര്‍ട്ട്, ആക്ടിവ, ഇനാല്‍സ, സെല്ലോ സ്വിഫ്റ്റ്, ബട്ടര്‍ഫ്‌ളൈ തുടങ്ങിയ ബ്രാന്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റില്ലാത്ത വസ്തുക്കളാണ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine