സ്വര്‍ണത്തിലേക്ക് ഒഴുകുന്നത് കള്ളപ്പണമോ? നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന സംശയങ്ങളുടെ ചുവടുപിടിച്ച് നിരീക്ഷണങ്ങളും പരിശോധനകളും ഊര്‍ജിതമാക്കി കേന്ദ്രം. പുറമേ, 2002ലെ പണംതിരിമറി തടയല്‍ നിയമവും (പി.എം.എല്‍.എ/PMLA) സ്വര്‍ണവ്യാപാര രംഗത്ത് കര്‍ശനമാക്കിയിട്ടുണ്ട്.

അനധികൃത സ്വര്‍ണ വില്‍പന, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ സംബന്ധിച്ച പരിശോധനകളുടെ ഭാഗമായി ഇന്നലെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിരവധി സ്വര്‍ണ വ്യാപാരശാലകളില്‍ കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥര്‍ മാരത്തണ്‍ റെയ്ഡ് നടത്തി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി 15ഓളം കടകളില്‍ റെയ്ഡ് നടന്നു. രാവിലെ ആരംഭിച്ച റെയ്ഡ് മിക്ക കടകളിലും രാത്രി വൈകുവോളം നീണ്ടു. കണക്കില്‍പ്പെടാത്ത സ്റ്റോക്ക് കണ്ട ചില കടകള്‍ക്ക് അപ്പോള്‍ത്തന്നെ പിഴയടയ്ക്കാന്‍ നോട്ടീസും നല്‍കി.
സ്വര്‍ണം വാങ്ങിയാലും പി.എം.എല്‍.എ
സ്വര്‍ണം വാങ്ങുന്നത് 10 ലക്ഷമോ അതിലധികമോ തുകയ്ക്കാണെങ്കില്‍ ഇനി പണംതിരിമറി തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നേരിട്ടേക്കാം. 10 ലക്ഷം രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവരുടെ രേഖകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലര്‍


എത്രതവണകളായാണ് തുക നല്‍കിയത്, എങ്ങനെ നല്‍കി, തീയതി, ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. സംശയകരമെന്ന് തോന്നുന്നവരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ (ഇ.ഡി) ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനോ കൈമാറണം. സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് പുറമേ വജ്രം, പ്ലാറ്റിനം തുടങ്ങിയ അമൂല്യരത്‌നങ്ങള്‍ വില്‍ക്കുന്നവര്‍ക്കാണ് ഇത് ബാധകം.
സംശയമുനയില്‍ നിര്‍ത്തുന്നുവെന്ന് വ്യാപാരികള്‍
സ്വര്‍ണ വ്യാപാരമേഖലയെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന നടപടികളാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നോട്ടീസ് പോലും നല്‍കാതെയായിരുന്നു ഇന്നലത്തെ റെയ്‌ഡെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ ആരോപിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയും കണക്കുകള്‍ കോള്‍-ഫോര്‍വേഡ് ചെയ്ത് (മുന്‍കൂര്‍ വാങ്ങി പരിശോധന) വിലയിരുത്തിയും പൊരുത്തക്കേടുണ്ടെങ്കില്‍ മാത്രം നടത്തേണ്ടതാണ് റെയ്ഡുകള്‍. ഈ ചട്ടം മറികടന്നാണ് സി.ജി.എസ്.ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം '
ധനത്തോട്
' പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പരമാവധി ഉപദ്രവിക്കുന്നു: ഡോ.ബി. ഗോവിന്ദന്‍
ആഭരണ വ്യാപാരികളെ പരമാവധി ഉപദ്രവിക്കുകയെന്ന നിലപാടാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന് ഭീമ ഗ്രൂപ്പ് ചെയര്‍മാനും എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദന്‍ 'ധനത്തോട്' പറഞ്ഞു. സര്‍ക്കാരിന് ഈ നിലപാടുണ്ടെന്ന് തോന്നുന്നില്ല, ഉദ്യോഗസ്ഥരാണ് വ്യാപാരികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. കേസില്ലെങ്കില്‍ കേസുണ്ടാക്കുകയാണ് അവരുടെ ജോലി.
സ്വര്‍ണ വ്യാപാരരംഗത്ത് പണമിടപാടുകള്‍ കൂടുതലായിരിക്കും. അതുകൊണ്ട് തട്ടിപ്പിനും സാദ്ധ്യതയുണ്ടെന്ന് ആരോപിച്ചാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നത്. നിയമപ്രകാരമുള്ള പരിശോധനകളെ വ്യാപാരികളും അംഗീകരിക്കുന്നു. എന്നാല്‍, വ്യാപാരികളാകെ തെറ്റുകാരാണെന്ന പ്രതീതി സൃഷ്ടിച്ചുള്ള ഇത്തരം പരിശോധനകള്‍ ശരിയല്ല. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ധനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it