ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ഏറ്റെടുക്കാന്‍ കമ്പനികളുടെ നീണ്ട നിര

ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാന്‍ തയ്യാറായി കമ്പനികളുടെ നീണ്ട നിര. നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍, അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് സ്റ്റോണ്‍, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബിപിഇഎ ഇക്വിറ്റി, സ്വകാര്യ അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ പി.എ.ജി തുടങ്ങിയ കമ്പനികള്‍ ഓഹരി വാങ്ങാന്‍ താതപര്യം പ്രകടിപ്പിച്ചതായി വിവിധ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍മ ഗ്രൂപ്പിനും കണ്ണ്
സിമന്റ് മുതല്‍ സോപ്പുപൊടികള്‍ വരെ നിര്‍മിക്കുന്ന നിര്‍മ ഗ്രൂപ്പും ഏറ്റെടുക്കലിനായി ശ്രമിക്കുന്നുണ്ടെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായ നിര്‍മ ഗ്രൂപ്പ് ഗ്രൂപ്പ് ഏറ്റെടുക്കലുകളിലൂടെ ഫാര്‍മ മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ ബാംഗളൂര്‍ ആസ്ഥാനമായ കോണ്‍ട്രാക്റ്റ് ഡെവലപ്‌മെന്റ് മാനുഫാക്ചറിംഗ് സ്ഥാപനമായ സ്റ്റെറികോണ്‍ ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന സൊല്യൂഷനുകളും ഐ-ഡ്രോപ്പുകളും ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്.

മാതൃകമ്പനിയുടെ കടംകുറയ്ക്കാന്‍
പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉപകമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്. ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സുകള്‍(എ.പി.ഐ) വികസിപ്പിക്കുന്ന കമ്പനിയാണിത്. മാതൃകമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ കടബാധ്യത കുറയ്ക്കാനാണ് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത്. 82.85 ശതമാനം ഓഹരികള്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ കൈവശമുണ്ട്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് കമ്പനിയുടെ കടം 2,615 കോടി രൂപയാണ്. ഓഹരി വിറ്റഴിക്കാനായി കോട്ടക് മഹീന്ദ്ര കാപിറ്റലിനെ ചുമതലയേല്‍പ്പിച്ചിരുന്നു.
നോര്‍ത്ത് അമേരിക്ക, യു.കെ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് വിവിധ രാജ്യങ്ങളിലായി 700 ഓളം ഫാര്‍മ കമ്പനികള്‍ക്ക് എ.പി.ഐ നല്‍കുന്നുണ്ട്. 6,487 കോടി രൂപ വിപണി മൂല്യമുള്ള ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2,161 കോടിരൂപയും ലാഭം 466 കോടി രൂപയുമാണ്.
ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ ഇന്ന് 1.78 ശതമാനം ഇടിഞ്ഞ് 518 രൂപയിലാണ് എന്‍.എസ്.ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it