കിംസ് ആശുപത്രി വാങ്ങാന്‍ അമേരിക്കന്‍ കമ്പനി; ഇടപാട് 4,000 കോടി മൂല്യം വിലയിരുത്തി

സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിനെ (കെ.എച്ച്.എം.എല്‍) സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്സ്റ്റോണ്‍. കിംസ് ആശുപത്രി ശൃംഖലയുടെ 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഇടപാടില്‍ കിംസിനെ 4,000 കോടി രൂപ മൂല്യത്തിലാണ് വിലയിരുത്തുന്നത്.

നിലവിലുള്ള നിക്ഷേപകരായ ട്രൂ നോര്‍ത്തിന്റെ കൈവശമുള്ള 55% ഓഹരികളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ 20% ഓഹരികളും വാങ്ങാനാണ് ബ്ലാക്ക്സ്റ്റോണ്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും. കരാര്‍ പ്രകാരം 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ സ്വന്താമാക്കുമ്പോള്‍ ബാക്കി 25% ഓഹരികള്‍ കൈവശം വച്ചുകൊണ്ട് കിംസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് മാറ്റമില്ലാതെ തുടരും.

വാങ്ങാന്‍ താല്‍പര്യപ്പെട്ട് ഇവരും

ബ്ലാക്ക്സ്റ്റോണും മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസുമാണ് കിംസിന്റെ ഓഹരികള്‍ വാങ്ങുന്ന മത്സരത്തില്‍ അവശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍. ഡോ. എം.ഐ സഹദുള്ളയ്ക്ക് 10% ഓഹരികളുടെ അവകാശം നല്‍കികൊണ്ട് ബാക്കി 90% ഓഹരികള്‍ ഏറ്റെടുക്കാനാണ് മണിപ്പാല്‍ താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരെ കൂടാതെ മാക്സ് ഹെല്‍ത്ത്കെയര്‍, ടെമാസെക്കിന്റെ ഉടമസ്ഥതയിലുള്ള ഷിയേഴ്സ് ഹെല്‍ത്ത്കെയര്‍, സി.വി.സി ക്യാപിറ്റല്‍ എന്നിവരും കിംസ് ഹെല്‍ത്ത് മാനേജ്മെന്റില്‍ 65-70% സ്വന്തമാക്കാനുള്ള പ്രാരംഭ ചര്‍ച്ചകളിലുണ്ടായിരുന്നു.

ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി തിരുവനന്തപുരത്ത് ആരംഭിച്ച് കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റില്‍ 2017ല്‍ ട്രൂ നോര്‍ത്ത് കിംസില്‍ ഏകദേശം 20 കോടി ഡോളര്‍ നിക്ഷേപിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കിംസ് 1,200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. സംസ്ഥാനത്ത് കിംസ് ഹെല്‍ത്ത്‌കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it