

ക്യാപ്റ്റന്‍ ഇ.സി ജേക്കബ്
കേരളത്തിന്റെ 590 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശം ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് തൊട്ടരികിലാണ് സ്ഥിതിചെയ്യുന്നത്. ആഗോള സമുദ്രവ്യാപാരത്തിന്റെ മൂന്നിലൊന്നും കടന്നുപോകുന്നത് നമ്മുടെ കണ്‍മുന്നിലൂടെയും. വിദേശരാജ്യങ്ങള്‍ തീരദേശത്ത് നിന്ന് വരുമാനം കൊയ്യുമ്പോള്‍ നാം ഇപ്പോഴും അതൊന്നും ചെയ്യാതെ വെറും ഉപഭോക്തൃ സംസ്ഥാനമായി തുടരുന്നു.
നമ്മുടെ സാമ്പത്തിക പ്രക്രിയയുടെയെല്ലാം കേന്ദ്ര ബിന്ദു ഭൂമിയാണ്. അതൊന്ന് മാറി, ശ്രദ്ധ കടലിലേക്ക് പതിഞ്ഞാല്‍ ശക്തവും സ്വയംപര്യാപ്തവുമായ ഒരു സമുദ്രശക്തിയായി കേരളത്തിന് മാറാം. അതിനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്.
തുറമുഖ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥക്കായി 'കേരള മാരിടൈം ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ത്ത് ഫണ്ട്' രൂപീകരിക്കപ്പെടണം. പ്രധാനമായി, സ്ഥലം ഏറ്റെടുക്കുമ്പോള്‍ തുച്ഛമായ നഷ്ടപരിഹാരം നല്‍കി, പ്രാദേശിക ജനങ്ങളെ ഒഴിപ്പിക്കുന്ന പഴയ രീതി ഉപേക്ഷിക്കണം. പകരം, സ്ഥലം നഷ്ടപ്പെടുന്നവരെ അതാത് പദ്ധതികളുടെ ഓഹരി ഉടമകളാക്കുന്ന ഒരു 'കൂട്ടുടമസ്ഥത മാതൃക' (Coownership Model) നമ്മള്‍ നടപ്പാക്കണം. ഇത് സര്‍ക്കാറിന്റെ പ്രാരംഭ കടബാധ്യതകള്‍ ഇല്ലാതാക്കുമെന്ന് മാത്രമല്ല, പ്രാദേശികമായ എതിര്‍പ്പുകള്‍ പൂര്‍ണമായി ഇല്ലാതാക്കാനും തീരദേശ കുടുംബങ്ങള്‍ക്ക് തലമുറകളോളം നിലനില്‍ക്കുന്ന ഒരു സ്ഥിര വരുമാനം ഉറപ്പാക്കാനും സഹായിക്കും. ഇത് എങ്ങനെ സാധ്യമാക്കാമെന്ന് നോക്കാം.
വിജയകരമായ ഒരു സമുദ്ര സമ്പദ്‌വ്യവസ്ഥക്ക് ഒരൊറ്റ വന്‍കിട തുറമുഖം മാത്രം പോര. ആഴക്കടല്‍ ഗേറ്റ്‌വെയ്സ്, തീരദേശ ഫീഡര്‍ സര്‍വീസുകള്‍, ഉള്‍നാടന്‍ ലോജിസ്റ്റിക്‌സ്, ഉയര്‍ന്ന വരുമാനമുള്ള ടൂറിസം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നാല് തട്ടുകളുള്ള ഒരു ശൃംഖല ഇതിന് ആവശ്യമാണ്:
ആഴക്കടല്‍ ഗേറ്റ്‌വെയ്സ് (വിഴിഞ്ഞവും കൊച്ചിയും): സിംഗപ്പൂരിനോടും കൊളംബോയോടും നേരിട്ട് കിടപിടിക്കാന്‍ പോന്ന സ്വാഭാവിക ആഴം വിഴിഞ്ഞത്തിനുണ്ട്. ഇവിടെ കപ്പലുകള്‍ക്ക്ആവശ്യമായ അനുബന്ധ സംവിധാനങ്ങള്‍ - ഓട്ടോമേറ്റഡ് ബങ്കറിങ് (ഇന്ധനം നിറക്കല്‍) സ്റ്റേഷനുകള്‍, ആധുനിക കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍, ജീവനക്കാരെ മാറ്റാനുള്ള (Global CrewChange) ഹബ്ബുകള്‍ എന്നിവ നമ്മള്‍ അടിയന്തരമായി നിര്‍മിക്കേണ്ടതുണ്ട്.
ചെറിയ തുറമുഖങ്ങളുടെ ശൃംഖല (ഫീഡര്‍ സര്‍വീസ്): ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, പൊന്നാനി തുടങ്ങിയ ചെറിയ തുറമുഖങ്ങളെ എത്രയും വേഗം ആഴം കൂട്ടി നവീകരിക്കണം. വലിയ തുറമുഖങ്ങളില്‍ നിന്ന് ഈ ചെറിയ തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ ചെറുകപ്പലുകളും ബാര്‍ജുകളും (Feeder Barges) സര്‍വീസ് നടത്തിയാല്‍, ദേശീയപാത 66ലെ ചരക്ക് ലോറികളുടെ തിരക്ക് കുറയുകയും ആഭ്യന്തര ചരക്കുകൂലിയില്‍ 40% വരെ ലാഭമുണ്ടാകുകയും ചെയ്യും.
ഉള്‍നാടന്‍ ലോജിസ്റ്റിക്‌സ് ഇടനാഴികള്‍ (NW3): ദേശീയ ജലപാത-3 (NW3) ആയിരിക്കും നമ്മുടെ ഉള്‍നാടന്‍ ചരക്കുനീക്കത്തിന്റെ നട്ടെല്ല്. ഈ കപ്പല്‍ച്ചാലിന്റെ ഇരുവശത്തുമായി ഓട്ടോമേറ്റഡ് വെയര്‍ഹൗസിങ് ക്ലസ്റ്ററുകളും വ്യവസായ പ്രോസസിങ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലൂടെ വലിയ തുറമുഖങ്ങളില്‍ എത്തുന്ന ചരക്കുകള്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെ ബാര്‍ജുകള്‍ വഴി ഉള്‍നാടന്‍ കേന്ദ്രങ്ങളിലേക്ക് മൂല്യവര്‍ധനവിനായി എത്തിക്കാന്‍ സാധിക്കും.
മാരിടൈം ആന്‍ഡ് അഡ്വഞ്ചര്‍ ടൂറിസം: നമ്മുടെ ജലാശയങ്ങളെ സുന്ദരമായൊരു കാഴ്ചയായി മാത്രം പരിഗണിക്കുന്നത് അവസാനിപ്പിക്കണം. പണം വാരിക്കോരി ചെലവിടുന്ന രാജ്യാന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആഴക്കടല്‍ ചൂണ്ടയിടല്‍, സര്‍ട്ടിഫൈഡ് സ്‌കൂബ ഡൈവിങ്, സര്‍ഫിങ്, കയാക്കിങ് എന്നിവക്കായി പ്രത്യേക 'മാരിടൈം അഡ്വഞ്ചര്‍ സോണുകള്‍' ഈ വെല്‍ത്ത് ഫണ്ടിന്റെ ഭാഗമായി വികസിപ്പിക്കണം.
കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള യാത്രാക്ലേശത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ തിരക്കേറിയ റോഡുകളില്‍ നിന്നും റെയില്‍വെകളില്‍ നിന്നും മാറി, സമുദ്ര ജലപാതകളെ പ്രയോജനപ്പെടുത്തണം.
ഹൈ-സ്പീഡ് കാറ്റമരന്‍ ഫെറികള്‍: കാസര്‍കോട്,കണ്ണൂര്‍ (അഴീക്കല്‍), കോഴിക്കോട് (ബേപ്പൂര്‍), കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാന തീരദേശ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആധുനിക ഹൈ - സ്പീഡ് കാറ്റമരന്‍ ഫെറികള്‍ സര്‍വീസ് നടത്തുക. ഗതാഗതക്കുരുക്ക് ഇല്ലാത്ത കുറഞ്ഞ ചെലവിലുള്ള ബദല്‍ യാത്ര സംവിധാനമായി ഇത് മാറും.
റോ-പാക്സ് (RoPax) വെസലുകള്‍: ആളുകള്‍ക്ക് തങ്ങളുടെ വാഹനങ്ങളുമായി കയറാന്‍ സാധിക്കുന്ന വലിയ റോ-പാക്സ് കപ്പലുകള്‍ തീരദേശ റൂട്ടുകളില്‍ സര്‍വീസ് നടത്തുക. ഇതുവഴി കാസര്‍കോട് നിന്നോ, കണ്ണൂരില്‍ നിന്നോ ഒരാള്‍ക്ക് സ്വന്തം കാര്‍ സഹിതം കപ്പലില്‍ കയറി, നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തെ റോഡ് ട്രാഫിക് ഒഴിവാക്കി കൊച്ചിയിലോ, തിരുവനന്തപുരത്തോ യാതൊരു ക്ഷീണവുമില്ലാതെ ഇറങ്ങി യാത്ര തുടരാം.
ഹൈഡ്രോഫോയില്‍ & സീപ്ലെയിന്‍ കണക്റ്റിവിറ്റി: ബിസിനസ് ആവശ്യങ്ങള്‍ക്കായി അതിവേഗത്തില്‍ യാത്ര ചെയ്യേണ്ടവര്‍ക്കായി പ്രധാന തുറമുഖങ്ങളെയും കായലുകളിലെ ബിസിനസ് ഹബ്ബുകളെയും ബന്ധിപ്പിച്ച് ഹൈഡ്രോഫോയില്‍ കപ്പലുകളും സീപ്ലെയിന്‍ സര്‍വീസുകളും വെല്‍ത്ത് ഫണ്ടിന്റെ പങ്കാളിത്തത്തോടെ ആരംഭിക്കാം. അനുബന്ധ സേവനങ്ങളില്‍ ശക്തമായ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം. സര്‍ക്കാര്‍ ചെയ്യേണ്ടത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലാണ്. അല്ലാതെ ദൈനംദിന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്യക്ഷമതയും വേഗതയും ആധുനിക സാങ്കേതിക വിദ്യയും കൊണ്ടുവരുന്നതിനായി ഈ മേഖലയിലെ വിദഗ്ധരായ സ്വകാര്യ സംരംഭകരെ ഈ ശൃംഖലയുമായി കൂട്ടിയോജിപ്പിക്കണം.
മെക്കനൈസ്ഡ് സ്റ്റീവ്‌ഡോറിങ് & കാര്‍ഗോ ഹാന്‍ഡ്‌ലിങ്: കപ്പലുകളില്‍ ചരക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പ്രക്രിയ പൂര്‍ണമായും യന്ത്രവല്‍കൃതമാക്കാന്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ ഓപറേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാം. ഇത് കപ്പലുകളുടെ 'ടേണ്‍എറൗണ്ട് ടൈം' (Turnaround time) ആഗോള നിലവാരത്തിലേക്ക് കുറക്കും.
പരമാധികാര ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍: വലിയ കണ്ടെയ്‌നര്‍ യാര്‍ഡുകളും ഫ്രീ ട്രേഡ് വെയര്‍ഹൗസിങ് സോണുകളും (FTWZ) നിര്‍മിച്ച് നടത്തുന്നതിനായി പ്രമുഖ സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനികളെ പങ്കാളികളാക്കാം.
കോള്‍ഡ് - ചെയിന്‍ അടിസ്ഥാന സൗകര്യങ്ങള്‍: അത്യാധുനിക റീഫര്‍ (Refrigerated) വെയര്‍ഹൗസുകള്‍ നിര്‍മിക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമാണ്. നമ്മുടെ മത്സ്യസമ്പത്തും കാര്‍ഷിക ഉല്‍പന്നങ്ങളും കേടാകാതെ കയറ്റുമതി ചെയ്യാന്‍ വലിയ സ്വകാര്യ ഫുഡ് പ്രോസസിങ് കമ്പനികളെ ഈ മേഖലയിലേക്ക് കൊണ്ടുവരണം.
ജോയിന്റ് വെഞ്ച്വര്‍ (JV) വ്യവസ്ഥ: ഈ സ്വകാര്യ കമ്പനികള്‍ക്ക് വെല്‍ത്ത് ഫണ്ട് ഭൂമി വില്‍ക്കുകയില്ല. പകരം പദ്ധതികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുകയേ ഉള്ളൂ. പകരം, ആ കമ്പനികളുടെ സ്ഥിരമായ ലാഭവിഹിതവും പ്രാദേശികമായി ജനങ്ങള്‍ക്ക് നിശ്ചിത ശതമാനം തൊഴിലും രാജ്യാന്തര കരാര്‍ വഴി സര്‍ക്കാര്‍ ഉറപ്പാക്കണം.
ഫണ്ടിനായി കേന്ദ്ര സര്‍ക്കാറിന്റെയോ, വിദേശ ബാങ്കുകളുടെയോ മുന്നില്‍ യാചിക്കേണ്ടതില്ല. വെല്‍ത്ത് ഫണ്ടിലേക്ക് ആവശ്യമായ മൂലധനം ഇങ്ങനെയൊക്കെ സമാഹരിക്കാം.
പൊതു - സ്വകാര്യ പങ്കാളിത്തം (PPP): അടിസ്ഥാന സമുദ്രഘടനകള്‍ (ഡ്രെഡ്ജിങ്, പുലിമുട്ടുകള്‍) സര്‍ക്കാര്‍ നിര്‍മിക്കുമ്പോള്‍, അതിലേക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ (ക്രെയിനുകള്‍, ഫെറികള്‍, ടെര്‍മിനലുകള്‍) സ്വകാര്യ കമ്പനികളെക്കൊണ്ട് സ്ഥാപിച്ച് നടത്തിക്കാം. ഇതിലൂടെ വലിയ തുക മുന്‍കൂറായും കൃത്യമായ റോയല്‍റ്റിയായും ഫണ്ടിലേക്ക് ലഭിക്കും.
ബ്ലൂ ഡയസ്‌പോറ ബോണ്ടുകള്‍: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ സാമ്പത്തിക ശേഷിയെ പ്രയോജനപ്പെടുത്തി, രാജ്യാന്തര വിപണിയില്‍ ലക്ഷ്യാധിഷ്ഠിത 'ബ്ലൂ ബോണ്ടുകള്‍' ഇറക്കാം. യാത്ര കപ്പലുകള്‍ വാങ്ങാനും ആധുനിക അഡ്വഞ്ചര്‍ ടൂറിസം ഉപകരണങ്ങള്‍ ഒരുക്കാനും ഈ തുക കൃത്യമായി ഉപയോഗിക്കാം. നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് സുരക്ഷിതമായ ലാഭവിഹിതവും നല്‍കാം.
'അടച്ചുറപ്പുള്ള' ട്രഷറി: തുറമുഖങ്ങളില്‍ നിന്നുള്ള റോയല്‍റ്റി, ഭൂമി പാട്ടത്തിന് നല്‍കിയ വകയിലുള്ള വരുമാനം, ടൂറിസം വരുമാനങ്ങള്‍ എന്നിവയെല്ലാം ഈ പ്രത്യേക വെല്‍ത്ത് ഫണ്ടില്‍ മാത്രമായിരിക്കും സൂക്ഷിക്കുക. ഈ പണം സംസ്ഥാനത്തിന്റെ പൊതു ട്രഷറിയിലേക്ക് പോകാതെ, തീരദേശ വികസനത്തിനും തൊഴിലാളി ക്ഷേമത്തിനും മാത്രമായി നിയമപരമായി മാറ്റിവെക്കണം.
പരമ്പരാഗതമായ ഭൂമി ഏറ്റെടുക്കല്‍ രീതി ഇപ്പോള്‍ പ്രായോഗികമല്ല. പദ്ധതികളുടെ പകുതിയോളം തുക മണ്ണ് മാന്തുന്നതിന് മുമ്പ് ഭൂമിക്ക് മാത്രമായിമാറ്റിവെക്കേണ്ടി വരുന്നത് വലിയ കടബാധ്യതയുണ്ടാക്കും. ഒപ്പം വലിയ പ്രക്ഷോഭങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ഇതിനൊക്കെ പരിഹാരമുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാറിത്താമസിക്കാനുള്ള ന്യായമായ തുക മുന്‍കൂറായി കയ്യില്‍ നല്‍കുക. ബാക്കി തുകക്ക് പകരം അതാത് തുറമുഖ/വ്യവസായ പദ്ധതികളില്‍ അവര്‍ക്ക് നേരിട്ട് കമ്പനി ഓഹരികള്‍ (Direct Equtiy Shares) നല്‍കുക.
ഇതുവഴി സര്‍ക്കാറിന് തുടക്കത്തില്‍ വലിയ തുക കടമെടുക്കേണ്ടി വരില്ല. അതിലുപരി, നാട്ടുകാര്‍ പദ്ധതിയുടെ ഇരകളല്ല, മറിച്ച് 'കൂട്ടുടമസ്ഥര്‍' (Coowners) ആയി മാറുകയാണ്. പദ്ധതി വിജയിച്ചാല്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ തുകയും കൂടുമെന്ന ബോധ്യം വരുമ്പോള്‍ ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാകും. അവര്‍ തന്നെ പദ്ധതിയുടെ ഏറ്റവും വലിയ കാവല്‍ക്കാരായി മാറും.
ഇതൊരു വെറും പുസ്തക സിദ്ധാന്തമല്ല. 1990കളില്‍ സാധാരണക്കാരായ നാട്ടുകാരെ വിമാനത്താവളത്തിന്റെ ഓഹരി ഉടമകളാക്കിക്കൊണ്ട് കേരളം ഇത് ലോകത്തിന് മുന്നില്‍ തെളിയിച്ചതാണ്.2024-25 സാമ്പത്തിക വര്‍ഷത്തിലെ സിയാലിന്റെ (CIAL) ഔദ്യോഗിക കണക്കുകള്‍ നോക്കൂ:
മൊത്തവരുമാനം: 1,142 കോടി രൂപ.
റെക്കോഡ് അറ്റാദായം: 489.84 കോടി രൂപ.
ലാഭവിഹിതം: നിക്ഷേപകര്‍ക്ക് പ്രഖ്യാപിച്ചത് 50% എന്ന വന്‍ ലാഭവിഹിതമാണ്. അന്ന് ആ സാധാരണ കുടുംബങ്ങള്‍ ഒറ്റത്തവണ പണം വാങ്ങി പോയിരുന്നെങ്കില്‍ ആ തുക എങ്ങോ ചെലവായിപ്പോയേനെ. എന്നാല്‍ അന്ന് ഓഹരി വാങ്ങിവെച്ച കുടുംബങ്ങള്‍ക്ക് ഇന്ന് എല്ലാ വര്‍ഷവും കൃത്യമായ ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലെത്തുന്നുണ്ട്. അവരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അതൊരു വലിയ സ്വത്തായി മാറി. ഈ വിജയകരമായ വ്യോമയാന മാതൃക നമ്മുടെ സമുദ്രമേഖലയിലും നടപ്പാക്കുകയേ ചെയ്യാന്നുള്ളൂ.
കേരളത്തിന്റെ ചരിത്രപരമായ വികേന്ദ്രീകൃത ജനകീയാസൂത്രണ - സഹകരണ മാതൃകകളെ ഈ ആധുനിക സമുദ്ര വികസന സ്ട്രാറ്റജിയുമായി കൂട്ടിയോജിപ്പിച്ചാല്‍ വലിയ കടബാധ്യതകളോ, ജനങ്ങളെ ചൂഷണം ചെയ്യലോ ഇല്ലാതെ തന്നെ പദ്ധതി വിജയകരമായി നടപ്പാക്കാം. വന്‍കിട സ്വകാര്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഉടമസ്ഥാവകാശം സാധാരണക്കാരായ തൊഴിലാളികള്‍ക്കും ഭൂവുടമകള്‍ക്കും ഉറപ്പാക്കുന്ന ഒരു പുതിയ 'കേരള മോഡല്‍' ആയിരിക്കും ഇത്. ഇന്ത്യക്ക് മുഴുവന്‍ പിന്തുടരാവുന്ന ഏറ്റവും മികച്ച ജനാധിപത്യ വികസന മാതൃകയായി ഇത് മാറും.
കടലിലൂടെ ഒഴുകിപ്പോകുന്ന പണം നമ്മുടെ തീരദേശവാസികളുടെ പോക്കറ്റില്‍ത്തന്നെ എത്തണം. അതിനായി ഓരോ മാരിടൈം പദ്ധതിയെയും താഴേത്തട്ടിലുള്ള ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിക്കണം.
സബ്‌സിഡിയോടു കൂടിയ STCW കോഴ്‌സുകള്‍: പരമ്പരാഗത മത്സ്യത്തൊഴിലാളികളായ നമ്മുടെ തീരദേശ യുവാക്കള്‍ ജന്മനാ കടലറിവുള്ളവരാണ്. അന്താരാഷ്ട്ര കപ്പലുകളിലും ടഗ്ഗുകളിലും സപ്ലൈ വെസലുകളിലും ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുന്നതിനായി അവര്‍ക്ക് STCW (Standards of Training, Certification, and Watchkeeping) മാരിടൈം കോഴ്‌സുകള്‍ക്ക് വെല്‍ത്ത് ഫണ്ടില്‍ നിന്നും വലിയ രീതിയില്‍ സബ്‌സിഡി നല്‍കി പരിശീലനം നല്‍കാം.
നൈപുണ്യ വികസനം: സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രാദേശിക തൊഴിലാളികള്‍ക്ക് ഓട്ടോമേറ്റഡ് സ്റ്റീവ്ഡോറിങ്, ഹെവി മെഷിനറി ഓപറേഷന്‍, മാരിടൈം ഇലക്ട്രോണിക്സ്, കോള്‍ഡ് സ്റ്റോറേജ് മെയിന്റനന്‍സ് എന്നിവയില്‍ സൗജന്യവും ആഴത്തിലുള്ളതുമായ പരിശീലനം നല്‍കാം. ഇത് സാധാരണക്കാരായ തൊഴിലാളികളെ ഉയര്‍ന്ന വേതനമുള്ള സാങ്കേതിക വിദഗ്ധരാക്കി മാറ്റും.
ടൂറിസം സംരംഭകത്വം: പ്രാദേശിക യുവാക്കള്‍ക്ക് അന്താരാഷ്ട്ര സ്‌കൂബ ഡൈവിങ് ഇന്‍സ്ട്രക്ടര്‍മാരാകാനും ആഴക്കടല്‍ ചൂണ്ടയിടല്‍ ടൂറിസ്റ്റ് ഗൈഡുകളാകാനും ലൈഫ് ഗാര്‍ഡുകളാകാനും പരിശീലനം നല്‍കണം. വിദേശികളില്‍ നിന്ന് വലിയ വരുമാനം നേരിട്ട് നേടാന്‍ ഇത് സഹായിക്കും.
പഞ്ചായത്ത് കോ-ഓപറേറ്റീവ് വെയര്‍ഹൗസുകള്‍: കൃഷി, മത്സ്യബന്ധന മേഖലകളില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ പഞ്ചായത്ത് തലത്തില്‍ കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കാം. നമ്മുടെ ഏത്തപ്പഴവും നാളികേരവും മസാലകളും മത്സ്യവുമെല്ലാം നാട്ടുകാര്‍ക്ക് നേരിട്ട് വിദേശത്തേക്ക് കയറ്റിയയക്കാന്‍ ഇത് സഹായിക്കും.
പ്രാദേശിക തലത്തിലെ കൂട്ടായ്മകള്‍ക്കായി അനുബന്ധ വരുമാനങ്ങള്‍: തുറമുഖങ്ങളിലെയും ടൂറിസം/ഫെറി കേന്ദ്രങ്ങളിലെയും കേറ്ററിങ്, ടെര്‍മിനല്‍ ക്ലീനിങ്, ട്രാന്‍സ്പോര്‍ട്ട് ഫ്ളീറ്റുകള്‍, കോസ്റ്റല്‍ ഹോംസ്റ്റേകള്‍ എന്നിവയെല്ലാം കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ക്ക് മാത്രമായി നിയമപരമായി മാറ്റിവെക്കാം.
(ഇന്ത്യന്‍ നാവികേസന മുന്‍ കമാന്‍ഡറും ഇന്ത്യന്‍ നേവല്‍ അക്കാദമി പ്രോജക്റ്റ് (ഏഴിമല) മുന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജുമാണ് ലേഖകന്‍)
(Originally published in Dhanam Magazine July 15 , 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine